|    Jul 25 Tue, 2017 2:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതികാനുമതി

Published : 3rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഴിഞ്ഞം രാജ്യാന്തര തുറമുഖപദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പാരിസ്ഥിതികാനുമതി. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ വാദം കേള്‍ക്കില്ലെന്നു വ്യക്തമാക്കി ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് ഉപാധികളോടെയാണ് അനുമതി നല്‍കിയത്.
ശാസ്ത്രജ്ഞര്‍ അടക്കമുള്ള ഏഴംഗ വിദഗ്ധ സമിതി രൂപീകരിക്കണമെന്നതാണ് ബെഞ്ച് മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഏഴംഗ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്ര ഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. കേരളത്തിന്റെ തുറമുഖ വകുപ്പ് സെക്രട്ടറിയായിരിക്കും സമിതിയിലെ മെംബര്‍ സെക്രട്ടറി. നിര്‍മാണ പുരോഗതി ഈ സമിതി വിലയിരുത്തണം. പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. കടല്‍സമ്പത്ത് നശിപ്പിക്കുന്ന വിധത്തില്‍ നിര്‍മാണം നടത്തരുത്. ഇവയെല്ലാം നിരീക്ഷിച്ച് ആറു മാസം കൂടുമ്പോള്‍ വിദഗ്ധ സമിതി ഹരിത കോടതിക്കു മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മെംബര്‍ സെക്രട്ടറിയാണ് റിപോര്‍ട്ട് നല്‍കേണ്ടതെന്നും ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ നിര്‍ദേശം നല്‍കി.
പരിസ്ഥിതിലോലപ്രദേശത്താണ് പദ്ധതി സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് കോടതിയുടെ നടപടി. പദ്ധതി നിര്‍മാണം ഇന്ത്യയുടെത്തന്നെ വികസനത്തില്‍ നിര്‍ണായകമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
നിര്‍മാണപ്രര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലും കടലില്‍ ഒഴുക്കരുത്. പദ്ധതിപ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തേണ്ടത് തുറമുഖ നിര്‍മാതാക്കളുടെ ഉത്തരവാദിത്തമാണ്. അതു ലംഘിച്ചാല്‍ നിര്‍മാതാക്കളില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കും. പദ്ധതിപ്രദേശത്തെ പവിഴപ്പുറ്റ് ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കണം. മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനു പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളോ മറ്റു ഘടകങ്ങളോ തടസ്സമാകരുത്. പദ്ധതിപ്രദേശത്തു നിന്ന് ആളുകളെ മാറ്റുന്നുണ്ടെങ്കില്‍ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടുണ്ടാകണമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക