|    Jun 25 Mon, 2018 3:23 pm
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം തുറമുഖം : പുലിമുട്ട് നിര്‍മാണത്തിന് സ്റ്റീല്‍ ഉപയോഗിക്കാന്‍ നീക്കം

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തിന് കരിങ്കല്ലിന് പകരം സ്റ്റീല്‍ ഉപയോഗിക്കാന്‍ നീക്കം. മൂന്നു കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുലിമുട്ടിന്റെ 600 മീറ്ററിനു ശേഷമുള്ള ഭാഗം സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മാണം നടത്താനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. പുതിയ നിര്‍മാണരീതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെങ്കിലും തീരുമാനമെടുത്തിട്ടില്ല. നിലവില്‍ 537 മീറ്റര്‍ പുലിമുട്ട് നിര്‍മാണം കരിങ്കല്ലിലാണ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്നങ്ങോട്ട് സ്റ്റീല്‍ ഉപയോഗിക്കുന്നതിന്റെ പ്രായോഗികത സംബന്ധിച്ച് തുറമുഖ വകുപ്പുമായും സംസ്ഥാന സര്‍ക്കാരുമായും അദാനി ഗ്രൂപ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. കരിങ്കല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തികലാഭമാണ് പുതിയ നിര്‍മാണരീതിയിലേക്ക് അദാനി ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ സ്റ്റീല്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ബഹുരാഷ്ട്രകമ്പനികളുമായി അദാനിഗ്രൂപ്പ് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പുലിമുട്ട് നിര്‍മാണത്തിനായി കരിങ്കല്ല് വിതരണം ചെയ്യേണ്ടെന്ന് കരാറുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. സ്റ്റീല്‍ പാളികള്‍ കടലില്‍ നിക്ഷേപിക്കുന്നത് മല്‍സ്യസമ്പത്തുള്‍പ്പെടെയുള്ളവയെ ദോഷകരമായി ബാധിക്കുമെന്നും ആക്ഷേപമുണ്ട്. തുറമുഖ നിര്‍മാണപുരോഗതി വിലയിരുത്താന്‍ പ്രോജക്ട് ഡയറക്ടര്‍ വിനയ് സിഗാളിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് എത്തിയിരുന്നു. പുലിമുട്ടിനോട് ചേര്‍ന്നുള്ള ജെട്ടി നിര്‍മാണത്തിനായുള്ള തൂണുകള്‍ നിര്‍മിക്കുന്നതിനുള്ള പൈലിങ്് ജോലികള്‍ ഉടന്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പുലിമുട്ട് നിര്‍മാണം നിര്‍ത്തി വച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പട്ടു. സ്റ്റീല്‍ ഉപയോഗിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss