|    Jan 23 Mon, 2017 4:02 am
FLASH NEWS

വിഴിഞ്ഞം തീരദേശ മേഖലയുടെ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

Published : 10th October 2016 | Posted By: SMR

വിഴിഞ്ഞം: കോവളം സമഗ്ര ജലവിതരണ  പദ്ധതിയുടെ ഭാഗമായി 2013 ല്‍ തുടക്കം കുറിച്ച വിഴിഞ്ഞം തീരദേശ മേഖലയുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുന്ന പദ്ധതി യാഥാര്‍ഥ്യമാവുന്നു.  36 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇപ്പോള്‍ നഗരസഭയോട് കൂട്ടിച്ചേര്‍ത്ത  പഴയ വിഴിഞ്ഞം പഞ്ചായത്ത്, കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെയും കേവളത്തെ വിവിധ  ടൂറിസം കേന്ദ്രങ്ങളിലും ശുദ്ധജലം സുലഭമായി ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.
സാധാരണക്കാരായ കര്‍ഷകരും കൂലിപ്പണിക്കാരം മല്‍സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമായിരുന്നു. ജനപ്രതിനിധികള്‍  വാഗ്ദാനങ്ങള്‍ നല്‍കിയ ചില പദ്ധതികള്‍ ആരംഭിച്ചെങ്കിലും കുടിവെള്ള പ്രശ്‌നത്തിന് അറുതിവരുത്താന്‍ കഴിഞ്ഞിരുന്നില്ല.  പരിഹാരം എന്ന നിലയില്‍ ആരംഭിച്ച പദ്ധതിയാണ് വിജയകരമായ നിലയില്‍ അന്തിമ നിര്‍മാണ ഘട്ടത്തിലേക്ക് അടുക്കുന്നത്.  വെള്ളായണിക്കായലിനെ കേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതിക്ക് നബാര്‍ഡിന്റെ  ഫണ്ടായി 23 കോടി രൂപയും ടൂറിസം വകുപ്പിന്റെ വകയായി 14 കോടിയുമാണ് വിനിയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കായലില്‍ പുതുതായി സ്ഥാപിച്ച  പ്ലാന്റില്‍ നിന്നും  ശുദ്ധീകരിച്ച  21.9 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്  ദിവസവും മേഖലയില്‍ വിതരണം ചെയ്യുന്നതെന്ന് ജല അതോറിറ്റി അധികൃതര്‍  പറഞ്ഞു.
വെള്ളായണിയിലെ പ്ലാന്റില്‍ നിന്നും ശുദ്ധീകരിക്കുന്ന വെള്ളം പെരിങ്ങമ്മല, വണ്ടിത്തടം, കെഎസ് റോഡ്, കോവളം, ആഴാകുളം, മുക്കോല എന്നിവിടങ്ങളില്‍ പുതുതായി  നിര്‍മിച്ച ടാങ്കുകളില്‍ എത്തിച്ചാണ് ജലവിതരണം നടക്കുക. ഇവിടങ്ങളിലെല്ലാം കൂറ്റന്‍ ടാങ്കുകളാണ് നിര്‍മിച്ചിരിക്കുന്നത്.  ആഴാകുളത്തെയും മുക്കോലയിലെയും ടാങ്കുകളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ഇതിന്റെ പണികളും അവസാന ഘട്ടത്തിലാണ്.  പദ്ധതിക്കായി നഗരസഭ ഒരു കോടി രൂപ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ല. ജല വിതരണപദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കാത്തതില്‍ ആശങ്കയുണ്ട്.  ഇതിനുള്ള ഫണ്ടിന് എഴുതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
അടുത്ത വര്‍ഷം ജൂണില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിവലിലുള്ള  പൈപ്പുകളില്‍ പൊട്ടലുള്ളവ അറ്റകുറ്റപ്പണി നടത്തി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെയും കോവളം മുന്‍ എംഎല്‍എ ജമീലപ്രകാശം ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായി നബാര്‍ഡും ടൂറിസം വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി നിലവിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക