|    Oct 24 Wed, 2018 9:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം : കാലാവധി നീട്ടല്‍ ; അദാനിക്ക് 29,217 കോടി അധിക വരുമാനം

Published : 24th May 2017 | Posted By: fsq

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിച്ചതായി വ്യക്തമായി. ഇന്നലെ പുറത്തുവിട്ട കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടവും സ്വകാര്യ കമ്പനിയായ അദാനി പോര്‍ട്‌സിന് അധിക വരുമാനവും ലഭിക്കുമെന്നു കണ്ടെത്തിയത്. കരാര്‍വ്യവസ്ഥ ഭേദഗതി ചെയ്തും ഉപകരണം വാങ്ങുന്നതില്‍ കൂടിയ നിരക്ക് കണക്കാക്കിയും സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കിക്കൊടുത്തപ്പോള്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചു. സര്‍ക്കാര്‍ പണം നല്‍കി ഏറ്റെടുത്ത ഭൂമി പണയംവയ്ക്കാനുള്ള അവകാശവും കരാര്‍ വ്യവസ്ഥപ്രകാരം അദാനി പോര്‍ട്‌സിനാണ്. സാധാരണ സ്വകാര്യ-പൊതു ഉടമസ്ഥതയില്‍ തുടങ്ങുന്ന പദ്ധതികളുടെ കണ്‍സഷന്‍ കാലയളവ് 30 വര്‍ഷമാണ്. തുടര്‍ന്ന് ഇവ സര്‍ക്കാരിന് പൂര്‍ണമായും വിട്ടുനല്‍കണം. എന്നാല്‍, വിഴിഞ്ഞം പദ്ധതിയില്‍ കാലയളവ് 10 വര്‍ഷം കൂടി നീട്ടിനല്‍കിയിട്ടുണ്ട്. ഇതു കാരണം അദാനി പോര്‍ട്‌സിന് 29,217 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നും സിഎജി കണ്ടെത്തി. ഗ്രീന്‍ഫീല്‍ഡ് പദ്ധതിയായതിനാലും ബാധ്യതകളും ചെലവും വളരെ കൂടുതലായതിനാലുമാണ് 10 വര്‍ഷം നീട്ടിനല്‍കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, വിഴിഞ്ഞത്തിനു സമാനമായി തമിഴ്‌നാട് കുളച്ചലില്‍ നിര്‍മിക്കുന്ന തുറമുഖത്തിന്റെ കണ്‍സഷന്‍ കാലാവധി 30 വര്‍ഷമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.കൂടാതെ, പദ്ധതിപ്രദേശത്തെ ആസ്തികള്‍ പണയംവയ്ക്കാനുള്ള അനുമതിയും കമ്പനിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 548 കോടി രൂപ ചെലവില്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയടക്കം പണയംവയ്ക്കാന്‍ ഇതുവഴി സാധിക്കും. ഇത്തരമൊരു ഭേദഗതി കരാറില്‍ ഉള്‍ക്കൊള്ളിച്ചത് സാങ്കേതിക ഉപദേഷ്ടാക്കളുടെ നിര്‍ദേശം മറികടന്നാണെന്നും റിപോര്‍ട്ടിലുണ്ട്. 3.1.1 ക്ലോസ് പ്രകാരം 30ാം വര്‍ഷം പദ്ധതിയുടെ ശേഷി 3എംടിഇയു ആയി ഉയര്‍ത്തിയാല്‍ പോര്‍ട്ട് നടത്തിപ്പ് അദാനിക്ക് 20 വര്‍ഷം കൂടി നീട്ടിനല്‍കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ഇതിനായി കണ്‍സഷന്റെ 36-37ാം വര്‍ഷം ഒരു അപേക്ഷ സര്‍ക്കാരിന് നല്‍കിയാല്‍ മതിയാവും. നേരത്തേ ഇതു 10 വര്‍ഷം നീട്ടിനല്‍കാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ഇതു ഭേദഗതി ചെയ്താണ് 20 വര്‍ഷമാക്കിയത്. 10 വര്‍ഷമായി നിജപ്പെടുത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് 61,095 കോടിയുടെ വരുമാനം ലഭിക്കും (ഇപ്പോഴത്തെ മൂല്യം 353 കോടി). 20 വര്‍ഷം നീട്ടിനല്‍കുകയാണെങ്കില്‍ അദാനിക്ക് ലഭിക്കുന്ന അധിക വരുമാനം 61,095 കോടിയായിരിക്കും. പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പൂര്‍ണ ചെലവില്‍ നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് യൂസര്‍ ഫീ പിരിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിക്കാണ്. ഇത് അദാനി പോര്‍ട്‌സിന് അര്‍ഹിക്കാത്ത സാമ്പത്തികസഹായം നല്‍കുന്നതിന് തുല്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം തുറമുഖത്തിന് 100 കിമീ ചുറ്റളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖം പ്രാവര്‍ത്തികമാവുകയാണെങ്കില്‍ കരാര്‍ കാലാവധി വീണ്ടും നീട്ടിനല്‍കേണ്ടിവരും. ഇപ്പോള്‍ തന്നെ 51 കിമീ ദൂരത്ത് കുളച്ചല്‍ തുറമുഖവും നിര്‍മാണത്തിലാണ്. ഇതു കമ്മീഷന്‍ ചെയ്യുന്ന മുറയ്ക്ക് പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നത് നീട്ടാന്‍ അദാനിക്ക് നിയമപരമായി ആവശ്യപ്പെടാനാവുമെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.ഉപകരണച്ചെലവ് തയ്യാറാക്കിയതിലും പാളിച്ചകളുണ്ടായി. 2013ല്‍ തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം 631.87 കോടിയുള്ള ഉപകരണത്തിന്റെ വില 2014ല്‍ റിപോര്‍ട്ട് പുതുക്കിയപ്പോള്‍ 934.61 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍, വര്‍ധന സംബന്ധിച്ച കാരണം വിശദീകരിച്ചതുമില്ല. ഇതിലൂടെ കരാറെടുത്ത അദാനി ഗ്രൂപ്പിന് 52.43 കോടിയുടെ അധികലാഭം നേടാനായി. റെയില്‍ മൗണ്ടഡ് ക്വായ് ക്രെയിനിന്റെ വില തെറ്റായി നിര്‍ണയിച്ചത് വഴി 304.80 കോടിയുടെ അധികച്ചെലവാണ് ഉണ്ടായത്. പിപിപി പദ്ധതികള്‍ക്കായി സര്‍ക്കാരിതര ഉപദേഷ്ടാക്കള്‍ തയ്യാറാക്കുന്ന മൊത്തം ചെലവ് എസ്റ്റിമേറ്റുകള്‍ യോഗ്യരും ഉത്തരവാദപ്പെട്ടവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ വകുപ്പുകളോ പരിശോധിച്ചശേഷം മാത്രമായിരിക്കണം അംഗീകാരം നല്‍കേണ്ടതെന്ന് സിഎജി ശുപാര്‍ശ ചെയ്യുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss