|    Oct 18 Thu, 2018 2:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം കരാര്‍ എന്തിന്? സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Published : 14th September 2017 | Posted By: fsq

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പിട്ട വിഴിഞ്ഞം കരാര്‍ അതീവ ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി. കേരളത്തിന്റെ ഭാവി സന്ദിഗ്ധാവസ്ഥയിലാണ്. എന്തായിരുന്നു ഇങ്ങനെയൊരു കരാര്‍ ഒപ്പിടുന്നതിന്റെ വാണിജ്യപരമായ പരിഗണനകളും നേട്ടങ്ങളും. വിറ്റുതീര്‍ക്കുന്ന ഇത്തരമൊരു കരാര്‍ എന്തിനു വേണ്ടിയായിരുന്നുവെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ ഇനി എന്താണ് ചെയ്യാനാവുകയെന്നും സിഎജി റിപോര്‍ട്ട് പരിശോധിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലീം സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. സ്വകാര്യ കമ്പനിക്ക് എല്ലം വിറ്റുതീര്‍ക്കുകയാണ് കരാര്‍ ചെയ്യുന്നതെന്നാണ് ഹരജിയില്‍ പറയുന്നതെന്ന് കോടതി പറഞ്ഞു. സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കരാര്‍ നടപ്പാവുന്ന ആദ്യദിനം മുതല്‍ അവസാനം വരെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാവുമെന്ന് സിഎജി റിപോര്‍ട്ട് പറയുന്നു. പദ്ധതി നടപ്പായി 40 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് 13,947 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാവുക. 40 വര്‍ഷം കഴിഞ്ഞ് കമ്പനി ഒഴിയുമ്പോള്‍ 19,555 കോടി രൂപ അവര്‍ക്കു നല്‍കണം. സംസ്ഥാന സര്‍ക്കാരിന് മൊത്തം ലഭിച്ച വരുമാനത്തേക്കാള്‍ 5,608 കോടി രൂപ കൂടുതലാണിതെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.റിപോര്‍ട്ട് നിയമസഭയില്‍ വച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍, വിരമിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. ആറുമാസത്തിനകം കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. മതിയായ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ യോഗം ചേരുന്നത് അടക്കം നാലു മാസം  ഒന്നും ചെയ്യാനായില്ലെന്ന് കമ്മീഷന്‍ പരസ്യമായി പ്രഖ്യാപിച്ചുവെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇത് അതീവ ഗൗരവമേറിയ വിഷയമാണെന്നും മറ്റും കോടതി പരാമര്‍ശം നടത്തിയത്. ഓഡിറ്റിങ് നടത്തുന്ന ഏജന്‍സിയായ സിഎജി, ഗവണ്‍മെന്റ് ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യണമെന്നു പറയുകയും ചോദ്യം ചെയ്യുകയും ചെയ്യുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഈ റിപോര്‍ട്ട് സഭയ്ക്കു മുന്നില്‍ വയ്ക്കും. എല്ലാ അംഗങ്ങള്‍ക്കും ഇത് പരിശോധിക്കാന്‍ അവകാശമുണ്ട്. സര്‍ക്കാരിനുണ്ടാവുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ കരാര്‍ പൂര്‍ണമായും വിറ്റുതീര്‍ക്കലാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേസ് 25ന് വീണ്ടും പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss