|    Apr 21 Sat, 2018 3:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം: ആശങ്ക വേണ്ട കുളച്ചല്‍; പദ്ധതി വിഴിഞ്ഞത്തെ ബാധിക്കില്ലെന്നു പ്രധാനമന്ത്രി

Published : 30th July 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതി വിഴിഞ്ഞം തുറമുഖത്തെ ബാധിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രവികസനത്തിനു രണ്ടു തുറമുഖങ്ങളും അനിവാര്യമാണ്. എന്നാല്‍, വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, കുളച്ചല്‍ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രം ഉറച്ച നിലപാടിലാണെന്നും ഈ സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുളച്ചല്‍ തുറമുഖ പദ്ധതി പ്രാരംഭഘട്ടത്തിലാണ്. എന്നാല്‍ വിഴിഞ്ഞം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. പദ്ധതിക്കു പണം തടസ്സമല്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ മാത്രം അകലെ മറ്റൊരു തുറമുഖം വരുന്നതിന്റെ ആശങ്കയാണു പ്രധാനമന്ത്രിയുമായി പങ്കുവച്ചത്. ഇത് ഇരു തുറമുഖങ്ങളുടെയും സാമ്പത്തികനിലയെ സാരമായി ബാധിക്കും. 800 കോടി രൂപയാണു വിഴിഞ്ഞത്തിന്റെ വയലബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്). 250 കിലോമീറ്റര്‍ അപ്പുറത്ത് കൊച്ചി തുറമുഖമുള്ളതിനാല്‍ മറ്റൊരു തുറമുഖം ആവശ്യമില്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇതാണു മാറ്റിയിരിക്കുന്നത്. ഒരു തുറമുഖത്തിന്റെ ശേഷിയുടെ 90 ശതമാനം പൂര്‍ത്തിയാവുകയോ 15 വര്‍ഷം കഴിയുകയോ ചെയ്യാതെ 100 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ തുറമുഖം പാടില്ലെന്നാണ് ആസൂത്രണ കമ്മീഷന്റെ നിലപാട്. ഇതുള്‍പ്പെടെയുള്ള ആശങ്കകള്‍ കേരളം ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ടു തുറമുഖങ്ങളും നല്ലനിലയില്‍ പ്രവര്‍ത്തിക്കുമെന്നാണു പ്രധാനമന്ത്രിയുടെ വിശദീകരണം.  സാഗര്‍മാല പദ്ധതിയില്‍ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്താമെന്ന ആവശ്യം പരിഗണിക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. ഫാക്ടിന്റെ കൈവശമുള്ള 620 ഏക്കര്‍ ഭൂമിയില്‍ ഒഴിഞ്ഞുകിടക്കുന്ന 450 ഏക്കറില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും ഫാക്ടും ചേര്‍ന്ന് പെട്രോ കെമിക്കല്‍ കോംപ്ലക്‌സും ഫാര്‍മ പാര്‍ക്കും സ്ഥാപിക്കാന്‍ ധാരണയായി.
യൂറിയ പ്ലാന്റുകള്‍ പുനരുദ്ധരിക്കുന്ന പദ്ധതിയില്‍ ഫാക്ടിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചു. പദ്ധതി ഫലപ്രദമാക്കുന്നതിന് ഗെയില്‍, ഒഎന്‍ജിസി തുടങ്ങിയവയെക്കൂടി പദ്ധതിയുടെ ഭാഗഭാക്കാക്കും. ഇതിനായി കൊച്ചി-  മംഗളൂരു പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമാക്കണം. ഇക്കാര്യത്തില്‍ പ്രവര്‍ത്തനപുരോഗതി നേടുന്ന മുറയ്ക്ക് മുതല്‍മുടക്ക് നടത്താന്‍ നിര്‍ദേശിക്കാമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്നും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കശുവണ്ടി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു റബറിന് സ്വീകരിച്ച മാതൃകയില്‍ നടപടി വേണമെന്ന ആവശ്യം പരിഗണിക്കാമെന്നു പ്രധാനമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss