|    Nov 18 Sun, 2018 12:06 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വിഴിഞ്ഞം ആരുടെ ചാകര?

Published : 4th June 2017 | Posted By: fsq

രാഷ്ട്രീയ കേരളം

ഹനീഫ  എടക്കാട്

വിഴിഞ്ഞം തുറമുഖത്തു വരാനിരിക്കുന്ന ചാകര ആരുടേതായിരിക്കും? പദ്ധതിയില്‍ 67 ശതമാനം (5,071 കോടി) നിക്ഷേപിക്കുന്ന സംസ്ഥാനത്തിന്റേതോ അതോ 33 ശതമാനം (2,454 കോടി) നിക്ഷേപിക്കുന്ന അദാനി പോര്‍ട്‌സിന്റേതോ?  പൊതു-സ്വകാര്യ ഉടമസ്ഥത(പിപിപി)യില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ബാധ്യതകളും നേട്ടങ്ങളും തുല്യമായിരിക്കണം. എന്നാല്‍, നിര്‍മാണം തുടങ്ങിയതും 2019 ആഗസ്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങുന്നതുമായ വിഴിഞ്ഞം പദ്ധതിയില്‍ വരുമാനം അധികം ലഭിക്കുന്നത് അദാനിക്കായിരിക്കുമെന്നാണ് മെയ് 23നു നിയമസഭയുടെ മേശപ്പുറത്തു വച്ച സിഎജി റിപോര്‍ട്ട് വ്യക്തമാക്കുന്നത്. 2015 ആഗസ്തില്‍ ആഘോഷപൂര്‍വമാണ് കരാറില്‍ സര്‍ക്കാരും അദാനി പോര്‍ട്‌സും ഒപ്പിട്ടത്. കരാര്‍ വ്യവസ്ഥ അനുസരിച്ച് പദ്ധതിയുടെ നടത്തിപ്പു കാലാവധി 40 വര്‍ഷമാണ്. സാധാരണ പിപിപി അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ കാലാവധി 30 വര്‍ഷമായിരിക്കും. ഇതു തിരുത്തിയാണ് 40 വര്‍ഷമാക്കിയത്. ഇതനുസരിച്ച് അദാനിക്ക് 2055 വരെ തുറമുഖത്തുനിന്നു വരുമാനമുണ്ടാക്കാം. കാലാവധി 40 വര്‍ഷമായി നീട്ടിനല്‍കിയതിനു പുറമേ, കരാറിലെ 3.1.1 ക്ലോസ് പ്രകാരം 30ാം വര്‍ഷം പദ്ധതിയുടെ ശേഷി 30 ലക്ഷം ടിഇയു ആയി ഉയര്‍ത്തിയാല്‍ പോര്‍ട്ട് നടത്തിപ്പ് അദാനിക്ക് 20 വര്‍ഷം കൂടി നീട്ടിനല്‍കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ഇതിനായി കാലാവധിയുടെ അവസാനം ഒരപേക്ഷ സര്‍ക്കാരിനു നല്‍കിയാല്‍ മതിയാവും. പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പൂര്‍ണ ചെലവില്‍ (1463 കോടി) നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന മല്‍സ്യത്തൊഴിലാളികളില്‍ നിന്നു യൂസേഴ്‌സ് ഫീ പിരിക്കാനുള്ള അവകാശവും സ്വകാര്യ കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. ഇത് അദാനി പോര്‍ട്‌സിന് അര്‍ഹിക്കാത്ത സാമ്പത്തിക സഹായം നല്‍കുന്നതിനു തുല്യമാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഒരു പദ്ധതി നേട്ടമാണോ കോട്ടമാണോ ഉണ്ടാക്കുകയെന്ന് അറിയുന്നതിന് അതിന്റെ നിലവിലെ അറ്റമൂല്യം നോക്കണമെന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ തുടങ്ങുന്ന പദ്ധതിയുടെ അറ്റമൂല്യം പൂജ്യമാണെങ്കില്‍ അത്തരം പദ്ധതി തുടങ്ങേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം. വിഴിഞ്ഞം പദ്ധതിയില്‍ കേരള സര്‍ക്കാരിന്റെ നിക്ഷേപത്തിന്റെ അറ്റമൂല്യം പൂജ്യത്തിലും താഴെയാണ് (-3866.33). അദാനി പോര്‍ട്‌സിന്റെ അറ്റമൂല്യമാകട്ടെ 607.19ഉം. പദ്ധതി ആര്‍ക്ക് നേട്ടമാവുമെന്ന് ഈ കണക്കു വ്യക്തമാക്കുന്നു. കാലാവധി കഴിയുമ്പോള്‍ (40 വര്‍ഷം) സംസ്ഥാനത്തിനു ലഭിക്കാവുന്ന വരുമാനമായി കണക്കാക്കുന്നത് 13,947 കോടിയാണ്. ഇതില്‍ നിന്നു കാലാവധി കഴിയുന്നതിനാല്‍ അദാനിക്ക് ടെര്‍മിനേഷന്‍ പേയ്‌മെന്റ് ഇനത്തില്‍ 19,555 കോടി മടക്കിനല്‍കേണ്ടിവരും. കണ്‍സഷന്‍ കാലാവധിയുടെ അവസാന മാസം ലഭിച്ച ഫീയുടെ 30 ഇരട്ടിയാണ് ടെര്‍മിനേഷന്‍ പേയ്‌മെന്റായി കരാറില്‍ കണക്കാക്കിയിരിക്കുന്നത്. ഫലത്തില്‍ കേരളത്തിന്റെ നഷ്ടം 5,608 കോടി. ഇതാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ പിണറായി വിജയനും സ്വപ്‌നപദ്ധതിയായി പാടിനടക്കുന്ന വിഴിഞ്ഞത്തിന്റെ യഥാര്‍ഥ മുഖം. എന്നാല്‍, സിഎജി റിപോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നും ഇല്ലാത്ത കാര്യങ്ങള്‍ അതില്‍ കയറിക്കൂടിയെന്നും ആരോപിച്ച് ചിലര്‍ രംഗത്തുണ്ട്. വിഴിഞ്ഞം പദ്ധതിക്കെതിരേ നേരത്തേ ചില മാധ്യമങ്ങളില്‍ ലേഖനമെഴുതിയ ആളെ ഓഡിറ്റ് സംഘത്തില്‍ കണ്‍സള്‍ട്ടന്റായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓഡിറ്റ് റിപോര്‍ട്ട് തയ്യാറാക്കുന്ന വേളയില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ മറുപടി അന്തിമ റിപോര്‍ട്ടില്‍ പരിഗണിച്ചില്ലെന്നും സിഎജിയുടെ പോരായ്മയായി ഇവര്‍ ഉന്നയിക്കുന്നു. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിനു നേട്ടമാണെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. 1991-96ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ എം വി രാഘവന്‍ തുറമുഖ വകുപ്പുമന്ത്രിയായിരുന്ന കാലത്തായിരുന്നു വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പാക്കാനുള്ള ആദ്യ ശ്രമം നടന്നത്. അന്ന് കുമാര്‍ ഗ്രൂപ്പ് പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവരുകയും ഓഫിസ് തുടങ്ങുകയും ചെയ്‌തെങ്കിലും നടന്നില്ല. പിന്നീട് 2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിവയ്ക്കുകയും ആന്റണി സ്ഥാനത്തുനിന്നു പടിയിറങ്ങുകയും പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായെത്തുകയും ചെയ്തപ്പോള്‍ പദ്ധതിക്കായി ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു. സൂം എന്ന കമ്പനി മുന്നോട്ടുവന്നെങ്കിലും നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സൂം കമ്പനിയുടെ വ്യാപാരപങ്കാളി ചൈനീസ് കമ്പനി ആയിരുന്നതിനാല്‍ സുരക്ഷാ അനുമതി ലഭിക്കാത്തതായിരുന്നു കാരണം. ടെന്‍ഡര്‍ നടപടിയിലേക്ക് നീങ്ങിയ ആദ്യ ശ്രമമായിരുന്നു അത്. പിന്നീട് 2007ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലത്തായിരുന്നു രണ്ടാമത്തെ ടെന്‍ഡര്‍. ലാന്‍കോ കമ്പനി ടെന്‍ഡര്‍ ഏറ്റെടുത്തെങ്കിലും കോടതി ഇടപെട്ട് കരാര്‍ റദ്ദാക്കി. അതിനു ശേഷം 2010ല്‍ എല്‍ഡിഎഫ് ഭരണകാലത്തുതന്നെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്റെ ഉപദേശം സ്വീകരിച്ച് ബിഡ്ഡിങ് ഡോക്യുമെന്റും കണ്‍സഷന്‍ എഗ്രിമെന്റും തയ്യാറാക്കുകയും ടെന്‍ഡര്‍ വിളിക്കുകയും ചെയ്‌തെങ്കിലും അതും ഫലവത്തായില്ല. സിംഗിള്‍ ടെന്‍ഡറായതിന്റെ പേരിലായിരുന്നു തടസ്സം. പിന്നീട് 2013ല്‍ യുഡിഎഫ് ഭരണകാലത്ത് വന്‍ പരസ്യം നല്‍കിയും മുംബൈയില്‍ റോഡ്‌ഷോ നടത്തിയുമാണ് നിക്ഷേപകരെ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായി 18 പ്രധാനപ്പെട്ട തുറമുഖ കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ അഞ്ചു കമ്പനികളായിരുന്നു പ്രീ-ബിഡ് ഡിസ്‌കഷനില്‍ പങ്കെടുത്തത്. ഇവര്‍ക്കൊക്കെ കരാറിന്റെ കരട് നല്‍കിയെങ്കിലും ടെന്‍ഡര്‍ ഫോം വാങ്ങിയത് മൂന്നു കമ്പനികള്‍ മാത്രം- അദാനി പോര്‍ട്‌സ്, എസ്സാര്‍ ലിമിറ്റഡ്, സ്പാനിഷ് കമ്പനിയായ ഒഎച്ച്എല്‍. അവസാനം ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്തത് അദാനി മാത്രവും. എന്തുകൊണ്ട് രാജ്യത്തെത്തന്നെ മറ്റൊരു വന്‍കിട തുറമുഖ കമ്പനിയായ എസ്സാര്‍ പിന്‍വാങ്ങിയെന്ന് ഇന്നും ആരും വെളിപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതി ഇരുമുന്നണികളിലും, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിലും സിപിഎമ്മിലും രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് കരാറില്‍ ഒപ്പിട്ട വേളയില്‍ അന്നു പ്രതിപക്ഷത്തായിരുന്ന സിപിഎം ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രത്യേകിച്ച്, പ്രതിപക്ഷ നേതാവായ വിഎസ്. കരാര്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിനു വിരുദ്ധമാണെന്നും സ്വകാര്യ കമ്പനിയെ വഴിവിട്ടു സഹായിക്കുന്നതാണെന്നുമായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കരാര്‍ പുനഃപരിശോധിക്കുമെന്ന് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. കോണ്‍ഗ്രസ്സിലാകട്ടെ, സിഎജി വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അന്വേഷണം വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് കരാര്‍ പുനഃപരിശോധിക്കുമെന്ന് ഉറപ്പു നല്‍കിയ എല്‍ഡിഎഫ്, ഭരണത്തിലേറി ഒരു വര്‍ഷമായിട്ടും അതൊക്കെ മറന്ന മട്ടായിരുന്നു. സിഎജി റിപോര്‍ട്ട് വന്നപ്പോഴും കരാര്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയോ തുറമുഖമന്ത്രിയോ ധനമന്ത്രിയോ വ്യക്തമാക്കിയതുമില്ല. പദ്ധതിയുമായി മുന്നോട്ടുപോവുമെന്നാണ് മന്ത്രി തോമസ് ഐസക് ഉറപ്പു പറഞ്ഞത്. അതിനിടെയാണ് വിഴിഞ്ഞം പദ്ധതിയിലെ കരാറിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കരാറിനെതിരേ വിഎസ് നിയമനടപടിക്ക് ഒരുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് എന്നതു ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സിലാവട്ടെ, സിഎജി റിപോര്‍ട്ടിനെക്കുറിച്ച് വിശദമായ ചര്‍ച്ച വേണമെന്നും ഇതിനായി പ്രത്യേക രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. രാഷ്ട്രീയകാര്യ സമിതിയില്‍ വിഴിഞ്ഞം ചര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ആരൊക്കെ ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടാവുമെന്നും ആരൊക്കെ മറുപക്ഷത്തുണ്ടാവുമെന്നും കണ്ടറിയണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss