|    Jan 22 Sun, 2017 5:46 pm
FLASH NEWS

വിഴിഞ്ഞം അദാനി വിഴുങ്ങുമ്പോള്‍

Published : 17th August 2015 | Posted By: admin

_________________________

പി എം അഹമ്മദ്
Mon, 20 Jul 2015

__________________________

വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത് കേരള വികസനത്തിന് ആക്കം കൂട്ടാന്‍ അദാനി ഗ്രൂപ്പ് മലയാളക്കരയില്‍ കാലുകുത്തുന്ന മുറയ്ക്ക് കേരള രാഷ്ട്രീയ പരിസരത്ത് അദാനി കോര്‍പറേറ്റ് ബിസിനസ് ശൃംഖല സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ തുറമുഖമായ മുന്ദ്രയുടെ നടത്തിപ്പുകാരെന്ന അനുഭവപരിചയവുമായാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞത്തെത്തുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും സംബന്ധിച്ച് ഗുജറാത്ത് ആസ്ഥാനമായ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ ലിമിറ്റഡിന് അനുമതിക്കത്ത് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂലൈ 13നു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സമ്മതപത്രം കൈപ്പറ്റി 45 ദിവസത്തിനകം അദാനിയുമായി കേരള സര്‍ക്കാര്‍ അന്തിമ കരാര്‍ ഒപ്പിടും. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 18,000 ടി.ഇ.യു. ശേഷിയുള്ള യാനങ്ങള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവും. കൂടാതെ, പദ്ധതിയോടനുബന്ധിച്ച് ഫിഷിങ് ഹാര്‍ബറും ക്രൂസ് ടെര്‍മിനലും വിഭാവനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ക്കു വേണ്ടിയാണ് പുതിയൊരു തുറമുഖം?

അദാനി എത്തുമ്പോള്‍ കബോട്ടാഷ് നിയമം ഉള്‍പ്പെടെ വിഴിഞ്ഞത്തിനു തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമവ്യവസ്ഥകളും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇളവുചെയ്യുകയായിരുന്നു. അവസാന നിമിഷം മറ്റു നാലു കമ്പനികളും വിട്ടുനിന്നതും അദാനി ഗ്രൂപ്പ് മാത്രം പങ്കെടുത്തതും ദുരൂഹത ഉയര്‍ത്തുന്നതാണ്.
കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാവാന്‍ പോവുന്നതെന്നും തലസ്ഥാനനഗരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്നും കേരള സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന വിഴിഞ്ഞം തുറമുഖപദ്ധതി വസ്തുതകളുമായി തട്ടിച്ചുനോക്കിയാല്‍ അസത്യങ്ങളുടെ ആഴക്കടലാണെന്നു വ്യക്തമാവും. നിര്‍ദിഷ്ട പദ്ധതിക്ക് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ ലഭിച്ച ഉടനെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ കമ്മിറ്റി ഒരു കാരണവശാലും ഈ പദ്ധതി ഈ രീതിയില്‍ നടപ്പാക്കരുതെന്ന് 2011 മെയ് 11, 12 തിയ്യതികളിലെ മിനുട്‌സില്‍ കൃത്യമായും രേഖപ്പെടുത്തിയതാണ്. എന്നിട്ടും പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
വിഴിഞ്ഞത്ത് കപ്പലുകളുടെ സുരക്ഷയ്ക്കായി കടല്‍ത്തിരകളെ തടയുന്നതിനു നാലു കിലോമീറ്ററോളം പുലിമുട്ട് കടലിലേക്കു നിര്‍മിക്കേണ്ടതുണ്ട്. ഇതു വളരെ വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കു കാരണമാവുമെന്ന് ഇതുവരെയുള്ള അനുഭവങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. 1970ല്‍ വിഴിഞ്ഞത്ത് ഫിഷിങ് ഹാര്‍ബറിനു 400 മീറ്റര്‍ പുലിമുട്ട് നിര്‍മിച്ച ശേഷം പൂന്തുറ, ബീമാപ്പള്ളി, പനത്തുറ, വലിയതുറ തുടങ്ങിയ ഭാഗങ്ങളില്‍ 200 മീറ്ററോളം കടലെടുത്തു. പൂന്തുറയില്‍ മാത്രം നൂറിലധികം കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കടലാണ്. വടക്ക് അഞ്ചുതെങ്ങ് മുതല്‍ പനത്തുറ വരെ ഇപ്പോഴും കടലെടുക്കല്‍ തുടരുന്നു. അതുപോലെത്തന്നെ വിഴിഞ്ഞം ഹാര്‍ബറിനു തെക്ക് പൂവാര്‍, അടിമലത്തുറ ഭാഗങ്ങളില്‍ 220 മീറ്റര്‍ വീതിയില്‍ വരെ കടല്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഔദ്യോഗിക പഠനങ്ങള്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 817.8 കോടി രൂപ തുറമുഖ പദ്ധതികള്‍ക്കായി നല്‍കുന്നതിനോടൊപ്പം മത്സ്യബന്ധന തുറമുഖം കൂടി നിര്‍മിച്ചുനല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതിനായി 1463 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് 3436 കോടി രൂപയായി ഉയരുകയും ചെയ്യും. കൂടാതെ നാലു പതിറ്റാണ്ടിന്റെ കാലയളവിലേക്ക് ഏക്കര്‍കണക്കിനു ഭൂമിയും സൗജന്യമായി നല്‍കേണ്ടതുമുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, സര്‍ക്കാരിനോ ജനങ്ങള്‍ക്കോ യാതൊരു സാമ്പത്തിക ലാഭവും ഉണ്ടാക്കാത്ത, തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാത്ത, ജനതയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്ന, കടുത്ത പാരിസ്ഥിക ആഘാതം സൃഷ്ടിക്കുന്ന, കോര്‍പറേറ്റുകള്‍ക്കു മാത്രം സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖ പദ്ധതി.
ആകെ 7525 കോടി ചെലവു വരുന്ന പദ്ധതിയില്‍ ഏതാണ്ട് 6000 കോടിയുടെ അഴിമതിയാണ് സി.പി.എം. നേതാവ് പിണറായി വിജയന്‍ ആരോപിക്കുന്നത്. 6000 കോടിയുടെ ഭൂമി 500 കോടിക്ക് വില്‍ക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍, എന്തു പഴി കേള്‍ക്കേണ്ടിവന്നാലും പദ്ധതി നടപ്പാക്കുമെന്ന ശപഥത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സെന്റ് ഭൂമി പോലും വില്‍ക്കുന്നില്ല, പാട്ടത്തിനു കൊടുക്കുന്നുമില്ല. ലൈസന്‍സിനാണ് ഭൂമി നല്‍കുന്നത്. 206.87 ഏക്കര്‍ ഭൂമി 524 കോടിക്ക് വാങ്ങി. സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നില്ല.

പി.പി.പി. ഘടകം കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുമുണ്ടായിരുന്നു. ഭൂമി കൈകാര്യം ചെയ്യുന്നതിലും ലാഭവിഹിതം തീരുമാനിച്ചതിലും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് അങ്ങനെ പോവുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാല്‍, ഇതുസംബന്ധിച്ച സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സാധിച്ചില്ല. ടെന്‍ഡര്‍ വിഴിഞ്ഞത്തിനായി രഹസ്യമായി തട്ടിക്കൂട്ടിയതല്ല, പല തുറമുഖങ്ങളും നിര്‍മിച്ചും നടത്തിയും അനുഭവസമ്പത്തുള്ളവരാണ് അദാനി ഗ്രൂപ്പ്, വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ അദാനിക്ക് എല്ലാ പിന്തുണയും കൊടുക്കും, അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ബിഡ് തുറമുഖ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും എന്നിങ്ങനെ തുടര്‍ന്നും മുഖ്യമന്ത്രി പദ്ധതിക്കായി പോരാട്ടവീര്യത്തോടെ രംഗത്തുവന്നു.

സത്യത്തില്‍ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പസ് സീ പോര്‍ട്ട് അഥവാ വിഴിഞ്ഞം പദ്ധതി യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നതെന്ത് എന്ന വിഷയത്തില്‍ പൊതുസമൂഹത്തിനു വ്യക്തമായ ധാരണയില്ല എന്നതാണ് വസ്തുത. കൊച്ചിയിലെ വല്ലാര്‍പാടം മാതൃകയില്‍ ട്രാന്‍സ്ഷിപ്‌മെന്റാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നതാണ് സത്യം. അതായത്, കപ്പലുകളില്‍ വലിയ കണ്ടെയ്‌നറുകള്‍ കയറ്റലും ഇറക്കലും. വളരെ കൊട്ടിഘോഷിച്ചു തുടങ്ങിവച്ച വല്ലാര്‍പാടം പദ്ധതി അതിജീവനത്തിനായി ഊര്‍ധ്വശ്വാസം വലിക്കുകയാണ്.

വല്ലാര്‍പാടത്തുനിന്ന് വെറും 225 കിലോമീറ്റര്‍ ദൂരമാണ് വിഴിഞ്ഞത്തേക്കുള്ളത്. 2500 കോടി കേന്ദ്ര ഫണ്ടും 2000 കോടി സംസ്ഥാന ഫണ്ടും 700 കോടി ഡ്രഡ്ജിങിനും കൂടാതെ റോഡ്, റെയില്‍, പാലം നിര്‍മാണത്തിനു കോടികളും ചെലവഴിച്ച വല്ലാര്‍പാടത്തെ സഹായിക്കാതെ മറ്റൊരു വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാരുകള്‍ മുന്നോട്ടുപോവുന്നത് എന്തിനെന്ന ചര്‍ച്ച എവിടെയും ഉയര്‍ന്നുകാണുന്നില്ല. 10 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ട വല്ലാര്‍പാടം ടെര്‍മിനലില്‍ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത് 3.67 ലക്ഷം കണ്ടെയ്‌നര്‍ മാത്രമായിരുന്നു. വല്ലാര്‍പാടം 35 ശതമാനം പോലും ഉപയോഗിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അവിടെ ദുബയ് പോര്‍ട്ട് വേള്‍ഡാണ് പദ്ധതിനിര്‍വഹണം. 60 രാജ്യങ്ങളില്‍ പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് വല്ലാര്‍പാടം വിജയിപ്പിക്കാനാവുന്നില്ലെങ്കില്‍ പിന്നെ വിഴിഞ്ഞത്തിന്റെ കാര്യം പറയേണ്ടതില്ല.

അതോടൊപ്പം 13 ഗ്രാമങ്ങളിലായി 55,677 മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് വിഴിഞ്ഞത്ത് കുടിയൊഴിപ്പിക്കേണ്ടിവരുക. വല്ലാര്‍പാടത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല. വിഴിഞ്ഞം പദ്ധതി എന്തു വില കൊടുത്തും നടപ്പാക്കുമെന്ന് ആണയിട്ടു മുന്നേറുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തെ വല്ലാര്‍പാടത്തോടല്ല, മറിച്ച്, രാജ്യാന്തര തുറമുഖങ്ങളായ സിംഗപ്പൂര്‍, ദുബയ്, കൊളംബോ തുടങ്ങിയവയോടാണ് ഉപമിക്കുന്നത്.

2028ല്‍ ദശലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത്. എന്നാല്‍, കൊളംബോയില്‍ ഇപ്പോള്‍ തന്നെ 12.5 ദശലക്ഷം കണ്ടെയ്‌നറുകള്‍ക്ക് സൗകര്യമുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം അവിടെ 4.2 ദശലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയുമുണ്ടായി. 15.6 ദശലക്ഷമാണ് ദുബയ് തുറമുഖത്ത് കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയതത്. അവിടത്തെ ശേഷി 16 ദശലക്ഷമാണ്. സിംഗപ്പൂരിലാവട്ടെ ഇപ്പോള്‍ തന്നെ 40 ദശലക്ഷത്തിനുള്ള സൗകര്യമുണ്ട്. അവിടെ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത് 36.4 ദശലക്ഷം കണ്ടെയ്‌നറുകളായിരുന്നു. അവരോടാണ്് 2028ല്‍ ഒരു ദശലക്ഷവുമായി മല്‍സരിക്കാന്‍ വിഴിഞ്ഞം തയ്യാറെടുക്കുന്നത്.

അടിസ്ഥാന ജനവിഭാഗങ്ങളുടെ വയറ്റത്തടിക്കുന്നതാണ് അദാനി പദ്ധതി. ഗുജറാത്തിലെ മുന്ദ്രയില്‍ തുറമുഖ നിര്‍മാണം ആരംഭിച്ചപ്പോള്‍തന്നെ മല്‍സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരുമായ ആയിരക്കണക്കിനു ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നിരുന്നു. അവസാനം കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 1840 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പ് അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തി, സെസില്‍ നിന്ന് ഒഴിവാക്കിയതായി റിപോര്‍ട്ട് വന്നിരുന്നു.

കൂടാതെ മുന്ദ്ര പവര്‍ സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍സ്വകാര്യഭൂമി ഉപയോഗിച്ചെന്നു ഗുജറാത്ത് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് ടൈഗര്‍ റിസര്‍വ് മേഖലയ്ക്ക് ഹാനികരമാവുമെന്നു ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധസമരം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2007ല്‍ നല്‍കിയ അനുമതി സര്‍ക്കാരിനു റദ്ദാക്കേണ്ടിവന്നിരുന്നു. മധ്യപ്രദേശിലെ ചിന്‍ദ്വാരയില്‍ പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി പെന്‍ച് നദി ദിശ മാറ്റുന്നതിനെതിരേ കര്‍ഷകരും തൊഴിലാളികളും ഗ്രാമീണരും ഒത്തൊരുമിച്ച് 2004 മുതല്‍ സമരത്തിലാണ്.
ഒഡീഷയില്‍ 2008 മുതല്‍ 2012 വരെ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്‌തെന്നു സുപ്രിംകോടതി കണ്ടെത്തിയതിനെത്തുടര്‍ന്നു 175 കോടി യു.എസ്. ഡോളര്‍ പിഴയൊടുക്കാന്‍ അദാനി ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടകയിലെ ബെല്ലാരിയില്‍ വന്‍തോതില്‍ ഇരുമ്പയിര് കയറ്റുമതി ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാരിനു ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായതായി ലോകായുക്ത കണ്ടെത്തിയിരുന്നു.
അദാനി പ്രോജക്ടുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 231 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക