|    Jun 25 Mon, 2018 10:13 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വിളിപ്പുറത്ത് ഓടുന്ന മുഖ്യമന്ത്രി

Published : 9th August 2017 | Posted By: fsq

രാഷ്ട്രീയസംഘര്‍ഷത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ആരായാന്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തിയതും മുഖ്യമന്ത്രി ഗവര്‍ണറുടെ മുമ്പില്‍ ഹാജരായതും ശരിയായ നടപടിയായില്ല. ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രി ഗവര്‍ണറുടെ ‘സമണ്‍’ അനുസരിക്കുന്ന നടപടി ജനാധിപത്യത്തെ പുച്ഛിക്കുന്നതിനു തുല്യമാണ്. കുതന്ത്രങ്ങളിലൂടെയും ഉപജാപങ്ങളിലൂടെയും അധികാരം കൈപ്പിടിയിലാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാരെ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്.  2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന് ഏറെ കഴിയുന്നതിനു മുമ്പു തന്നെ രാജ്യത്തെ 29ല്‍ 26 സംസ്ഥാനങ്ങളിലെയും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാരെ നീക്കിയത്, ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു.ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ അരുണാചല്‍പ്രദേശിലെ ഗവര്‍ണര്‍ നടത്തിയ ശ്രമങ്ങള്‍ ബിജെപിയുടെ കുതന്ത്രങ്ങള്‍ വെളിവാക്കുന്ന സംഭവമായിരുന്നു. ഗവര്‍ണര്‍ ആയിരുന്ന ജ്യോതി പ്രസാദ് രാജ്‌കോവ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. സുപ്രിംകോടതി ഗവര്‍ണറുടെ നടപടിയെ നിശിതമായി വിമര്‍ശിക്കുകയും പിരിച്ചുവിട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം തന്നെയാണ് ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ കെ കെ പോള്‍ പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. എന്നാല്‍, സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ചു നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്തിന്റെ സര്‍ക്കാര്‍ തിരിച്ചുവരുകയാണുണ്ടായത്. ഗവര്‍ണര്‍ പദവിയുടെ നഗ്നമായ ദുരുപയോഗം ഏറ്റവും പ്രകടമായത് 2017ല്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ്. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിനെ ക്ഷണിക്കുന്നതിനു പകരം ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബിജെപിയെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്.ഗവര്‍ണര്‍മാരുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരേ ധീരമായി ശബ്ദമുയര്‍ത്തിയ സര്‍ക്കാരുകള്‍ രാജ്യത്തുണ്ട്. 2015ല്‍ അസം വനമന്ത്രിയെ ഗവര്‍ണര്‍ പി ബി ആചാര്യ വിളിച്ചുവരുത്തി ശാസിച്ചപ്പോള്‍ ഗവര്‍ണറുടെ നടപടിയെ അന്നത്തെ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് നിശിതമായി വിമര്‍ശിക്കുകയാണുണ്ടായത്. ഇതിനേക്കാള്‍ ഉജ്ജ്വലമായ നിലപാടാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വീകരിച്ചത്. ബംഗാളിലെ 24 പര്‍ഗാനസ് ജില്ലയില്‍ ഉണ്ടായ കലാപത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വരണമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശവ്‌നാഥ് ത്രിപാഠി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മമത തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന്  ഗവര്‍ണര്‍ സംസ്ഥാന ഡിജിപിയെ വിളിച്ചെങ്കിലും അദ്ദേഹവും പ്രതികരിച്ചില്ല. ഇതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ മമതയെ ഫോണില്‍ വിളിക്കുകയും അവര്‍ തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും ചെയ്തു.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനാവട്ടെ ഗവര്‍ണര്‍ വിളിച്ചപ്പോള്‍, കാനം രാജേന്ദ്രന്‍ പറഞ്ഞതുപോലെ, കേട്ടപാതി കേള്‍ക്കാത്തപാതി രാജ്ഭവനിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. എത്ര അനുസരണയോടെയാണ് അദ്ദേഹം ഗവര്‍ണര്‍ക്കു മുന്നിലിരുന്നത്? അടുത്തകാലത്തൊന്നും ഇത്രയും ശാന്തനായി മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. മാത്രമല്ല, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നും അതിന്റെ വിവരങ്ങള്‍ പരസ്യമായി പറയണമെന്നുമുള്ള ഗവര്‍ണറുടെ നിര്‍ദേശം മുഖ്യമന്ത്രി ശിരസാവഹിക്കുകയും ചെയ്തു.മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ല. സംസ്ഥാനത്തെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയോട് ആരായുന്നതിലും തെറ്റില്ല. പക്ഷേ, കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാനം ഭരിക്കുന്ന കക്ഷിയും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്ന അവസ്ഥയില്‍ കേന്ദ്രത്തിന്റെ പ്രതിപുരുഷനായ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുന്നത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയെ താന്‍ സമണ്‍ ചെയ്തു എന്നാണ് ഗവര്‍ണര്‍ പിന്നീട് ട്വീറ്റ് ചെയ്തത്. ഗവര്‍ണര്‍ അങ്ങനെ മുഖ്യമന്ത്രിയെ സമണ്‍ ചെയ്യുന്നത് ഭരണഘടനാ തത്ത്വങ്ങളുടെ അന്തസ്സത്തയ്ക്കു ചേര്‍ന്ന നടപടിയല്ല. ഫെഡറല്‍ തത്ത്വങ്ങള്‍ക്കും നിരക്കുന്നതല്ല ഈ നടപടി. മാത്രവുമല്ല, ഗവര്‍ണറുടെ പദവിയെപ്പറ്റിയുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നടപടി. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണ് എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചുപോന്നിട്ടുള്ളത്.ഇച്ഛാശക്തിയോടെ നിലപാടെടുക്കുന്നതിനു പകരം ബിജെപി നിയമിച്ച ഗവര്‍ണറുടെ വിളിപ്പുറത്ത് രാജ്ഭവനില്‍ ഹാജരാവുകയും ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്തതിലൂടെ, പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനത്തിന്റെ വിലയിടിക്കുകയാണു ചെയ്തത്. ഇതു കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ജനങ്ങളോടു മാപ്പുപറയാന്‍ തയ്യാറാവണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss