|    Apr 24 Tue, 2018 2:59 am
FLASH NEWS

വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വ്യാപക വയല്‍ നികത്തല്‍

Published : 21st October 2016 | Posted By: SMR

കാട്ടാക്കട: റവന്യു അധികാരികളുടെ  ഉത്തരവ് കാറ്റില്‍പറത്തി കാട്ടാക്കട താലൂക്കിലെ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ വ്യാപകമായി വയല്‍ നികത്തല്‍. റിയല്‍ എസ്‌റ്റേറ്റ്  മാഫിയയാണ് കുരിശമുട്ടം പനങ്ങോട്  പുതുവീട്ടുമേലെ  വാര്‍ഡുകളിലെ അമ്പതേക്കറോളം വരുന്ന  വയലുകള്‍ വ്യാപകമായി നികത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം  കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം നികത്തലിനെതിരെ നടപടിക്ക് നേരത്തേ ഉത്തരവായിരുന്നു. വില്ലേജിലും പഞ്ചായത്തിലും  കൃഷി ഓഫിസിലും ഇത് സംബന്ധിച്ച് നല്‍കിയ  പരാതികള്‍ക്ക് പരിഹാരം കാണാതായതോടെയാണ് കര്‍ഷകര്‍  ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും അപേക്ഷ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ഇത് സംബന്ധിച്ച് അന്വേഷിച്ചു നടപടി എടുക്കാനും നിര്‍ദേശിച്ചിരുന്നു .ഇതുപ്രകാരം  അന്വേഷണം നടത്തി ബോധ്യപ്പെട്ട  ആര്‍ഡിഒ വയല്‍ നികത്തല്‍  ജോലികള്‍ നിറുത്തി വയ്ക്കാന്‍ ഉത്തരവ് നല്‍കി . ഇതിന്റെ അടിസ്ഥാനത്തില്‍ നിറുത്തിവച്ചിരുന്ന വയല്‍ നികത്തലും കെട്ടിട നിര്‍മ്മാണവും   ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മാഫിയ സംഘം പ്രാദേശികനേതാക്കളുടെ ഒത്താശയോടെ   കഴിഞ്ഞ രണ്ടു മാസത്തോളമായി   രാത്രികാലങ്ങളില്‍  വീണ്ടും  നടത്തിവരികയാണെന്ന് കര്‍ഷകരും പ്രദേശത്തുള്ളവരും പറയുന്നു. പോലിസിനെയും മറ്റു അധികാരികളെയും വിളിച്ചറിയിച്ചാലും പോലിസ്  സ്ഥലത്തെന്നതിനു മുന്‍പ് തന്നെ ഇവര്‍ക്ക് വിവരം ലഭിക്കുന്നതിനാല്‍ നാളിതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു കുട്ടനാടിനു സമാനമായി നെല്‍കൃഷി ചെയ്തു വന്നിരുന്ന പ്രദേശത്തു ഭൂമണല്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ കൈകടത്തിയതോടെ വയലുകള്‍  നികത്തി തുടങ്ങിയത്. ഇവിടെ കൃഷി ചെയ്തിരുന്ന നൂറോളം കര്‍ഷക കുടുംബങ്ങളാണ് ഇതുകാരണം വഴിയാധാരമായത്. ഉപജീവനത്തിനായി മറ്റു വഴികള്‍ ഇല്ലാത്ത കര്‍ഷകര്‍  ഉടമകളോട് നെല്‍ക്കൃഷിക്കും പച്ചക്കറി കൃഷിക്കുമായി നിലം  പാട്ടത്തിനു കൃഷിയിറക്കുന്നതിനായി ആവശ്യപ്പെട്ടു സമീപിച്ചെങ്കിലും ഇവരെ ആട്ടിപ്പായിക്കുകയാണ് ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പാള്‍ ഏക്കര്‍ കണക്കിന് വരുന്ന പാടശേഖരം  നികത്താന്‍ ആരംഭിക്കുകയും കരിങ്കല്ലുകള്‍ കൊണ്ട് അതിര്‍ത്തി മതില്‍ കെട്ടി അടക്കുകയും  പ്ലോട്ട് തിരിച്ചു കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരിക്കുകയാണ്.  നീര്‍ച്ചാലുകളും നീരരുവികളും കൈവഴികളും അടയുകയും കുളങ്ങള്‍ നികത്തുകയും ചെയ്തതോടെ പ്രദേശത്തു ജലക്ഷാമം രൂക്ഷമായതായും കര്‍ഷകര്‍ പറയുന്നു. കൂടാതെ ഇവിടെ നിന്നും വ്യാപകമായി മണല്‍ കടത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. നിറുത്തിവച്ചിരുന്ന  വയല്‍ നികത്തല്‍ വീണ്ടും ആരംഭിച്ചതോടെയാണ് കര്‍ഷകരും നാട്ടുകാരും ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വയല്‍ നികത്തലിനെതിരെ പരാതിപ്പെട്ടതില്‍  ഭീഷണി നേരിടുന്നതായും ഇവര്‍ പരാതിപ്പെടുന്നു. നെല്‍വയല്‍ തണ്ണീര്‍തടസംരക്ഷണ നിയമ പ്രകാരം കൃഷിയിടത്തെ സംരക്ഷിക്കാനുള്ള നടപടിയും തങ്ങള്‍ക്കു കൃഷി ചെയ്യുന്നതിനായി സൗകര്യം ഒരുക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss