|    Oct 23 Tue, 2018 2:51 pm
FLASH NEWS

വിളവും വിലയും കുറവ്: നഷ്ടത്തില്‍ മുങ്ങി ഇഞ്ചി കര്‍ഷകര്‍

Published : 13th February 2018 | Posted By: kasim kzm

കല്‍പ്പറ്റ: കര്‍ണാടകയില്‍  ഭൂമി പാട്ടത്തിനെടുത്ത് നടത്തിയ ഇഞ്ചികൃഷി കര്‍ഷകരില്‍ പലര്‍ക്കും നഷ്ടക്കച്ചവടമായി. മെച്ചപ്പെട്ട  വിളവും വിലയും ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഇഞ്ചികൃഷി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കനത്ത നഷ്ടം സംഭവിച്ച കര്‍ഷകര്‍. കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, കുടക്, ഷിമോഗ തുടങ്ങിയ  ജില്ലകളിലാണ് കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍  ഒറ്റയ്ക്കും കൂട്ടായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തുന്നത്. പാട്ടവും കൂലിയും ഉള്‍പ്പെടെ ഉല്‍പാദന ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോശം വിളവും വിലയും  കര്‍ഷകര്‍ക്ക്  പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയാണെന്ന് കര്‍ണാടകയിലെ എച്ച്ഡി കോട്ടയ്ക്കു സമീപം  ഇഞ്ചികൃഷി നടത്തുന്ന പുല്‍പ്പള്ളി ഇലക്ട്രിക് കവല കൈനികുടി പീറ്റര്‍ പറഞ്ഞു. ഏക്കറിനു  കുറഞ്ഞത് 24,000 കിലോ ഗ്രാം(400 ചാക്ക്) വിളവും ചാക്കിനു(60 കിലോഗ്രാം) 1500 രൂപ വിലയും ലഭിച്ചാലേ കൃഷി മുതലാകൂ. എന്നാല്‍ പ്രതികൂല കാലാവസ്ഥയും രോഗങ്ങളും നിരവധി കൃഷിയിടങ്ങളില്‍ വിളവ് കുറയുന്നതിനു കാരണമായി. പുല്‍പ്പളളിയിലെ മരകാവില്‍നിന്നുള്ള ഒരു കര്‍ഷകനു ഏക്കറിനു കേവലം 40 ചാക്ക് വിളവാണ് ഇക്കുറി ലഭിച്ചത്. 30 ചാക്ക് ഇഞ്ചിവിത്താണ് ഒരേക്കറില്‍ കൃഷിയിറക്കുന്നതിനു ആവശ്യം. ഇഞ്ചി ചാക്കിനു 1000 രൂപ മുതല്‍ 1200 രൂപ വരെയാണ് ഇപ്പോള്‍ വില. ഇതില്‍നിന്നു വിളവെടുപ്പു ചെലവ് കുറച്ചുള്ള പണമാണ് കൃഷിക്കാരനു ലഭിക്കുക. ഒരു ചാക്ക് ഇഞ്ചി പറിക്കുന്നതിനു 70-75 രൂപയാണ് കൂലി. മലയാളികള്‍ കര്‍ണാടകയില്‍ നടത്തുന്ന ഇഞ്ചികൃഷിക്ക് കാല്‍ നൂറ്റാണ്ടിനടുത്താണ് പഴക്കം. കുരുമുളകുകൃഷിയുടെ തകര്‍ച്ചയെത്തുടര്‍ന്ന് വയനാട്ടിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍നിന്നുള്ളവരാണ് അയല്‍ സംസ്ഥാനത്ത് ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷിക്ക് തുടക്കമിട്ടത്. ഇവര്‍ കൈവരിച്ച സാമ്പത്തിഭിവൃദ്ധി കൂടുതല്‍ ആളുകളെ കര്‍ണാകയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. നിലവില്‍ വയനാടിനു പുറമേ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍നിന്നുള്ളവര്‍ക്കും കര്‍ണാടകയില്‍ കൃഷിയുണ്ട്. വളരെ അകലെ ഛത്തീസ്ഗഡില്‍ പോലും ഇഞ്ചികൃഷി നടത്തുന്ന മലയാളികള്‍ കുറവല്ല. ഏക്കറിനു 5,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു തുടക്കത്തില്‍ കര്‍ണാടകയില്‍ പാട്ടം. ഇതിപ്പോള്‍ 50,000 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയാണ്. മെച്ചപ്പെട്ട മണ്ണും ജലസേചനത്തിനു സൗകര്യവും ഉള്ള പ്രദേശങ്ങളിലാണ് ഉയര്‍ന്ന പാട്ടം. സമീപകാലംവരെ ആദിവസികളടക്കം തൊഴിലാളികളെ നാട്ടില്‍നിന്നു എത്തിച്ചാണ് കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നത്. കണ്ടംവെട്ടും കുഴിയെടുപ്പും വിത്തൊടിക്കലും നടീലും ഉള്‍പ്പെടെ ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ നിപുണരാണ് തദ്ദേശ തൊഴിലാളികളും. ഏതാനും വര്‍ഷങ്ങളായി തദ്ദേശ തൊഴിലാളികളെയാണ് കൃഷിക്കാര്‍ ഇഞ്ചിപ്പാടങ്ങളിലെ ജോലിക്ക് ആശ്രയിക്കുന്നത്. പുരുഷ തൊഴിലാളിക്കു 350ഉം സ്ത്രീ തൊഴിലാളിക്ക് 250 രൂപയാണ് ഇപ്പോള്‍ കൂലി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 രൂപ വീതം കൂടുതലാണിത്. രോഗ-കീട ബാധമൂലം മൈസൂരു, കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ഇക്കുറി ഇഞ്ചികൃഷിക്ക് രോഗ-കീട ബാധ ഉണ്ടായത്. ഇതിനു പുറമേ ഉണക്ക്, വെള്ളക്കേട് എന്നിവയും കൃഷിയെ ബാധിച്ചു. ഇതാണ്  കര്‍ഷകരില്‍ പലര്‍ക്കും കൃഷി വന്‍നഷ്ടത്തില്‍ കലാശിക്കുന്നതിനു കാരണമായത്. വിപണിയെ നിയന്ത്രിക്കുന്ന കുത്തകകളുടെ ഇടപെടലാണ് ഇഞ്ചിക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനു മുഖ്യതടസമെന്നാണ് കര്‍ഷകരുടെ പക്ഷം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss