|    Jan 17 Tue, 2017 12:53 am
FLASH NEWS

വിളയൂരില്‍ കുളവും വയലും വ്യാപകമായി നികത്തുന്നു

Published : 30th July 2016 | Posted By: SMR

പട്ടാമ്പി: വിളയൂര്‍ പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ വ്യാപകമായി വയലും കുളവും മണ്ണിട്ട് നികത്തുന്നതായി പരാതി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമാഫിയക്കാര്‍ വിളവെടുക്കുന്ന നൂറില്‍ പരം ഏക്കര്‍ കൃഷി ഭൂമിയാണ് നികത്തിയത്.
ഇവയ്ക്കു പുറമെ അഞ്ച് കുളങ്ങളും നികത്തിയവയില്‍ ഉള്‍പ്പെടുന്നു. മേപ്പുറം പാടശേഖരത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന നൂറു മീറ്ററിലധികം നീളത്തിലുള്ള വെള്ളച്ചാല്‍ നികത്തിയതിന്റെ മേലെയാണ് മോട്ടോര്‍ പുര നിര്‍മിച്ചിട്ടുള്ളത്.
ഇത് കാരണം മേല്‍ഭാഗത്ത് മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോവാതെ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. പരിസരവാസികള്‍ ഈ ചാല്‍ വഴി വേനല്‍ കാലത്ത് നടവഴിയായി ഉപയോഗിച്ചിരുന്നതും ഉപേക്ഷിക്കേണ്ടി വന്നു. പഞ്ചായത്ത് വക കുളം റിപ്പയര്‍ ചെയ്തപ്പോള്‍ അതില്‍ നിന്നും കയറ്റിയ നൂറ്റമ്പതിലധികം ലോഡ് മണ്ണ് വയല്‍ നികത്താന്‍ വേണ്ടി ഉപയോഗിച്ചതായി സമീപവാസികള്‍ ആരോപിക്കുന്നു. പഞ്ചായത്ത് ഭരണ സമിതിയുടേയും കരാറുകാരുടേയും ഭൂമാഫിയാക്കാരുടേയും സംയുക്ത കൂട്ടായ്മയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വയലും കുളവും മണ്ണിട്ട് നികത്തുന്ന ഭൂമാഫിയകളില്‍ വിളയൂരിലെ പ്രഗല്‍ഭരായ മുന്‍ ജനപ്രതിനിധികളാണ് ഭൂരിഭാഗവും. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പോലിസും റവന്യൂ വകുപ്പും.പേരടിയൂരിലും  മുന്‍ ജനപ്രതിനിധിയുടെ ഉടമസ്ഥതയില്‍ വയലും കുളവും നികത്തിയിട്ടുണ്ട്. തെങ്ങും വാഴയുമാണ് കൃഷി ചെയ്തിരുന്നത്. നികത്തിയ വയലിലേക്ക് പ്രവേശിക്കാന്‍ വേണ്ടിയുള്ള റോഡും വയലില്‍ കൂടിയാണ് നിര്‍മിച്ചിട്ടുള്ളത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിളയൂരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മാത്രമാണ് ഈ റിയല്‍ എസ്റ്റേറ്റ് മാഫിയയില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
പഞ്ചായത്ത് ഭരണ സമിതിയുടേയും റവന്യൂ വകുപ്പിന്റേയും ഒത്താശയോടെ  അനധികൃത വയല്‍ നികത്തല്‍  നടക്കുമ്പോള്‍ മറുവശത്ത് കയറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍ രണ്ടും മൂന്നും സെന്റ് വയല്‍ നികത്തി ഒരു കിടപ്പാടം നിര്‍മിക്കാന്‍ പോലും അനുമതി  നിഷേധിക്കുന്നതായി പരാതിയുണ്ട്. ഭൂമാഫിയക്കാരെ  സഹായിക്കുകയും പാവങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ക്കെതിരെ ബഹുജന പങ്കാളിത്തത്തോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക