|    Jul 17 Tue, 2018 10:04 am
FLASH NEWS

വിളപ്പില്‍ശാല: മാലിന്യ നീക്കം: വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: മാലിന്യ നീക്കത്തിനായി വാങ്ങിക്കൂട്ടിയ വാഹനങ്ങള്‍ നഗരസഭയ്ക്ക് വന്‍നഷ്ടം വരുത്തിവച്ചതായി ആരോപണം. ആറുവര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്നത് അമ്പതിലേറെ വാഹനങ്ങളാണ് തുരുമ്പെടുക്കുന്നത്. വിളപ്പില്‍ശാല ചവര്‍സംസ്‌കരണ ഫാക്ടറി പൂട്ടിയശേഷമാണ് ഈ വാഹനങ്ങള്‍ അന്യാധീനപ്പെടുന്നത്. ഇതിലേറെയും ലോറികളും പെട്ടി ഓട്ടോറിക്ഷകളുമാണ്. ഇവയെല്ലാം തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്.  ലോറിയും പെട്ടിഓട്ടോറിക്ഷകളും കേന്ദ്രഫണ്ട് വിനിയോഗിച്ച് വാങ്ങിക്കൂട്ടിയതാണ്. വാങ്ങിയതിലേറെയും പുതിയ വാഹനങ്ങളായിരുന്നു. എന്നാല്‍ വാഹനങ്ങള്‍ വാങ്ങിക്കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഫാക്ടറി ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് പൂട്ടി. ഈ വാഹനങ്ങളാണ് പലയിടത്തായി ഉപയോഗമില്ലാതെ ഇട്ടിരിക്കുന്നത്. കോടികള്‍മുടക്കി വാങ്ങിക്കൂട്ടിയ ഈ വാഹനങ്ങളെ സംബന്ധിച്ച് കോര്‍പറേഷനിലെ ഭരണസമിതിക്ക് കണക്കുപോലുമില്ല. വാഹനങ്ങള്‍ എവിടെയൊക്കെയാണെന്നോ ഇവയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നോ കോര്‍പറേഷനിലെ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. വിവിധയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ് ഇവ കുറേ വാഹനങ്ങള്‍ ശാന്തികവാടത്തിലും കുറെയേറെ ഗാരേജുകളിലും ബാക്കി വിളപ്പില്‍ശാല ഫാക്ടറിയിലുമൊക്കെയായാണ് ഇട്ടിരിക്കുന്നത്. കോര്‍പറേഷന് സ്വന്തമായി മെക്കാനിക്കല്‍ വിഭാഗമില്ല. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ സംരക്ഷണത്തിനും ഇവയുടെ പരിപാലനത്തിനും കൃത്യമായ സംവിധാനമില്ല. അതേസമയം ഈ വാഹനങ്ങളുടെമറവില്‍ ഒരുവിഭാഗം പണം കൊയ്യുന്നുവെന്നാണ് വിവരം. വാഹനങ്ങള്‍ ലേലംചെയ്യുന്നതിനും ഉപയോഗശൂന്യമായവ കണ്ടം ചെയ്യുന്നതിനുമായി സ്റ്റിയറിങ് കമ്മിറ്റി ആറുമാസം മുമ്പ് ഒരു സമിതി രൂപവല്‍കരിച്ചിരുന്നു. കോര്‍പറേഷന് മെക്കാനിക്കല്‍ വിഭാഗമില്ലാത്തതിനാല്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് ഇതിനുള്ള ചുമതല നല്‍കിയതെന്ന് ആരോഗ്യകാര്യസമിതി അധ്യക്ഷന്‍ കെ ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍, ഇതുവരെയും ഈ സമിതി വാഹനങ്ങള്‍ സംബന്ധിച്ച് കണക്കുപോലുമെടുത്തിട്ടില്ല. പുതിയ വാഹനങ്ങള്‍ ആയതിനാല്‍ ഇവ പെട്ടെന്ന് ലേലം ചെയ്യാനോ കണ്ടംചെയ്യാനോ കഴിയില്ലെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് കുറഞ്ഞത് പത്തുവര്‍ഷത്തെ പഴക്കമെങ്കിലുമുള്ള ഹെവി വാഹനങ്ങളേ ലേലം ചെയ്യാനാവൂ. 2.25 ലക്ഷം കിലോമീറ്റര്‍ ഓടിയിരിക്കുകയും വേണം. എന്നാല്‍ നഗരത്തില്‍ വിവിധയിടങ്ങളിലായിക്കിടക്കുന്ന ലോറികള്‍ ഈ ഗണത്തില്‍ പെടുന്നില്ലെന്നാണ് ഭരണസമിതിയംഗങ്ങളുടെ വാദം. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകളും മറ്റും രായ്ക്കുരാമാനം കടത്തുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതുകൂടാതെ അറ്റകുറ്റപ്പണിയുടെ മറവില്‍ വേറെയും തിരിമറി നടക്കുന്നുണ്ട്. ഓഫിസില്‍ വണ്ടി ഉപയോഗിക്കാനുണ്ടെങ്കിലും പുറത്തുനിന്നു വാടകയ്‌ക്കെടുക്കുന്ന പതിവും കോര്‍പറേഷനിലെ ഒരു വിഭാഗത്തിനുണ്ട്്. ഇത്തരത്തില്‍ എട്ടു വാഹനങ്ങള്‍ എന്‍ജിനീയറിങ് വിഭാഗത്തിനുണ്ടെന്നാണ് കണക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss