|    Sep 25 Tue, 2018 3:00 am
FLASH NEWS

വിളകള്‍ക്ക് വ്യാപക രോഗബാധ

Published : 20th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ചിങ്ങം പിറന്നിട്ടും മഴയ്ക്കു ശമനമില്ലാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കാര്‍ഷിക വിളകളെല്ലാം തന്നെ രോഗബാധയുടെ പിടിയിലാണ്. മലയോര കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളായ റബര്‍, തെങ്ങ്, കവുങ്, കുരുമുളക് ഇവയെല്ലാം വിവിധ തരം രോഗങ്ങള്‍ ബാധിച്ച അവസ്ഥയിലാണ്. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ മലയോരത്തെ കവുങ്ങിന്‍ തോട്ടങ്ങളില്‍ മഹാളി രോഗം പടര്‍ന്നു പിടിക്കുകയാണ്. കവുങ്ങിന്‍ തോപ്പുകളിലെല്ലാം ഇപ്പോള്‍ മൂപ്പെത്താത്ത അടയ്ക്കകള്‍ പൊഴിഞ്ഞു വീഴുകയാണ്. മഴ മാറി വെയില്‍ കൂടുതല്‍ തെളിയുന്നതോടെ പൊഴിയുന്ന അടയ്ക്കയുടെ എണ്ണവും വര്‍ധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. മഹാളിക്ക് പുറമെ ഫംഗസ് ബാധയും കവുങ്ങിന്‍ തോട്ടങ്ങളിലുണ്ട്. നാണ്യവിളകളില്‍ പലതും വിലത്തകര്‍ച്ച നേരിടുമ്പോഴും കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കിയിരുന്നത് അടയ്ക്കയില്‍ നിന്നുള്ള വരുമാനമായിരുന്നു. അതേസമയം നേരത്തെ മഞ്ഞളിപ്പുരോഗം വ്യാപകമായി പടര്‍ന്നു പിടിച്ച മലയോരത്ത് ഇപ്പോള്‍ കവുങ്ങ് കൃഷിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
മഴക്കാല ആരംഭത്തില്‍ തന്നെ റബര്‍ തോട്ടങ്ങളില്‍ പ്ലാസ്റ്റിക്ക് ഇട്ടിരുന്നെങ്കിലും ഇത്തവണ കനത്ത മഴ തുടരുന്നതിനാല്‍ ടാപ്പിങ് നടന്നിട്ടില്ല. അതിനാല്‍ ആയിരക്കണക്കിന് രൂപ മുടക്കി പ്ലാസ്റ്റിക്കിട്ട കര്‍ഷകര്‍ നിരാശയിലാണ്. റബര്‍ ടാപ്പിങ് നടക്കാത്തത് ടാപ്പിങ് തൊഴിലാളികളെയും ബാധിച്ചു. കൂടാതെ ഇലകള്‍ കൊഴിയുന്ന രോഗബാധയും റബറിനെ ബാധിച്ചിരിക്കുകയാണ്.
കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ മലയോരത്തെ തെങ്ങുകള്‍ക്കു കൂമ്പുചീയല്‍ രോഗവും പടരുകയാണ്. മഴക്കാലം നീണ്ടു നില്‍ക്കുന്നതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കെട്ടി നിന്നു ഹൈഡ്രോ തോറ ഫാമി യോന എന്ന ഫംഗസ് ബാധിക്കുന്നതാണ് കുമ്പുചീയലിന് കാരണമെന്ന് കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. മഴയുടെ കാഠിന്യം മൂലം മുപ്പെത്താത്ത തേങ്ങയും വ്യാപകമായതോതില്‍ പൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.
മഴ മൂലം കുരുമുളക് കൃഷിയും നാശത്തിന്റെ വക്കിലാണ്. വേര്ചീയല്‍, ദ്രുതവാട്ടം, പൊള്ളുവണ്ടിന്റെ ആക്രമണം എന്നിവയാണ് കുരുമുളക് കൃഷിയെ ഏറെ ബാധിച്ചിരിക്കുന്നത്. ഇതിന് പ്രതിവിധിയായി ബോര്‍ഡോ മിശ്രിതം തളിക്കുന്ന പതിവാണ് കര്‍ഷകര്‍ അവലംബിച്ചിരുന്നത്. എന്നാല്‍ ഇടതടവില്ലാതെ പെയ്യുന്ന മഴ മുലം ഇതിന് സാധിക്കാതെ വന്നതാണ് കുരുമുളക് കര്‍ഷകര്‍ക്ക് വിനയായത്.
മഴയ്ക്ക് ശമനമില്ലാത്തത് മലയോരത്തെ പച്ചക്കറി കൃഷിക്കാര്‍ക്കും കനത്ത തിരിച്ചടിയായി. ഓണത്തിനു വിളവെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷയില്‍ പച്ചക്കറി കൃഷിക്കിറിയങ്ങിയ കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ കഥകള്‍ മാത്രമെ പറയാനുള്ളു. മഴയെ ആശ്രയിച്ച് പച്ചക്കറി കൃഷി ചെയ്യുന്നവരാണ് മലയോരത്ത് അധികവും. എന്നാല്‍ വിത്തുകള്‍ മുളയ്ക്കാതെയും മുളച്ചതത്രയും ചീഞ്ഞുപോവുകയും ചെയ്തതാണ് കര്‍ഷകര്‍ക്ക് വിനയായത്.
പെട്ടെന്നുണ്ടാകുന്ന കാലവര്‍ഷക്കെടുതിയെക്കാള്‍ വലുതാണ് കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടമെന്ന് കര്‍ഷകര്‍ പറയുന്നു. മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായം പ്രഖ്യാപിക്കുമ്പോള്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss