|    Mar 23 Thu, 2017 7:55 pm
FLASH NEWS

വില വര്‍ധന: ഹോട്ടല്‍ ഉടമകളുടെ നടപടിക്ക് ന്യായീകരണമില്ല- മന്ത്രി

Published : 21st March 2017 | Posted By: fsq

 

പത്തനംതിട്ട: അരി വില കൂടിയെന്ന പേരില്‍ പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമകള്‍ സ്വന്തമായി നടത്തിയ വിലവര്‍ധനയില്‍ ന്യായീകരണമില്ലെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യകാര്യ മന്ത്രി  പി തിലോത്തമന്‍. പത്തനംതിട്ട സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അരിക്കും പഞ്ചസാരയ്ക്കും ഒഴികെ യാതൊന്നിനും വില കൂടിയിട്ടില്ല.
സാധനങ്ങള്‍ക്കു വില കൂടിയെന്ന പേരില്‍ പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏകപക്ഷീയമായി വില വര്‍ധിപ്പിച്ചതായി തനിക്കു പരാതികള്‍ ലഭിച്ചിരുന്നു. മറ്റൊരിടത്തും ഇല്ലാത്ത വിലയാണ് പത്തനംതിട്ടയില്‍ ഹോട്ടല്‍ സാധനങ്ങള്‍ക്കുള്ളത്. ന്യായമായ വര്‍ധനയല്ല ഇത്. ഏതു സ്വഭാവത്തിലുള്ള ഹോട്ടലായാലും വില വര്‍ധിപ്പിച്ചതില്‍ ഒറ്റക്കെട്ടാണെന്ന് മനസ്സിലാക്കുന്നു. സ്വയം വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. വില കൂടിയതിനേ തുടര്‍ന്ന് ജനം കണ്ണീരു കുടിക്കുകയാണ്. ഹോട്ടലുകളുടെമേല്‍ കര്‍ശന നിയന്ത്രണത്തിനു വേണ്ടിവന്നാല്‍ നിയമനിര്‍മാണത്തിനു
പോലും സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ ഹോട്ടലുകളിലെ വിലവര്‍ധനയക്കെതിരേ നടപടിയെടുക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപും ആവശ്യപ്പെട്ടു. ജില്ലയില്‍ മറ്റെവിടെയുമില്ലാത്ത വിലയാണ് നഗരത്തില്‍ ഉള്ളത്. ഏകപക്ഷീയമായ വര്‍ധനയാണ് ഹോട്ടലുകള്‍ നടത്തിയതെന്നും ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട മന്ത്രിയെ അവര്‍ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍ എം എ അലിക്കുട്ടി, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ പി ജയന്‍, ബാബു ജോര്‍ജ്, വിക്ടര്‍ ടി തോമസ്, അശോകന്‍ കുളനട, ഷാഹുല്‍ഹമീദ് പങ്കെടുത്തു.
മട്ട അരി സബ്‌സിഡി നിരക്കില്‍ 24 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 35 രൂപയ്ക്കും ജയ അരി സബ്‌സിഡി നിരക്കില്‍ 25 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 41.50 രൂപയ്ക്കും ലഭിക്കും. പച്ചരി സബ്‌സിഡിയോടുകൂടി 23 രൂപയ്ക്കും സബ്‌സിഡിയില്ലാതെ 27 രൂപയ്ക്കും ലഭിക്കും.
സബ്‌സിഡിയില്ലാത്ത നിറപറ കാര്‍ത്തിക അരിക്ക് 36.41 രൂപയും കീര്‍ത്തി നിര്‍മല്‍ അരിക്ക് 40.82 രൂപയും ഐആര്‍എസ് പച്ചരിക്ക് 27.36 രൂപയുമാണ് അരിക്കടയിലെ വില. സബ്‌സിഡിയില്ലാതെയുള്ള അരി ആവശ്യാനുസരണം സപ്ലൈകോ ബസാറില്‍ നിന്ന് ലഭിക്കും.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക