|    Jul 22 Sun, 2018 10:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വില കുതിക്കുന്നു ; പെട്രോള്‍ 74

Published : 21st September 2017 | Posted By: fsq

കൊച്ചി: പെട്രോള്‍-ഡീസല്‍ വില ദിനംപ്രതി മുകളിലേക്കു കുതിക്കുന്നു. നട്ടംതിരിഞ്ഞ് ജനങ്ങള്‍. കണ്ടില്ലെന്നു നടിച്ച് സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും അടുത്തിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സംസ്ഥാനത്ത് ഉണ്ടായത്. കൊല്ലം, തിരുവനന്തപുരം മേഖലകളിലായി ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 73.90 രൂപ മൂതല്‍ 74 രൂപ വരെയും ഡീസലിനു 63 രൂപ മുതല്‍ 63.36 രൂപ വരെയുമായിരുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ പെട്രോളിനു 73.20 രൂപയും ഡീസലിനു 62.82 രൂപയുമായിരുന്നു വില. ഇന്നു തിരുവനന്തപുരം ജില്ലയില്‍ പെട്രോളിന് 74.37 രൂപയും ഡീസലിന് 63.82 രൂപയുമായിരിക്കും വില. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഓരോ ജില്ലയിലെയും പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമുണ്ടാവും. ജൂണ്‍ 16 മുതലാണ് ദിനംപ്രതി പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അന്നു മുതല്‍ വില ഉയരുന്നതല്ലാതെ താഴ്ന്നിട്ടില്ല. ജൂണ്‍ 16 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പെട്രോളിനും ഡീസലിനുമായി ഏകദേശം 6 രൂപയിലധികവും വിലവര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് പമ്പുടമകള്‍ പറയുന്നത്. ദിനംപ്രതി 10 പൈസ വീതം പെട്രോളിനും ഡീസലിനും വില ഉയരുന്നതിനാല്‍ പൊതുജനങ്ങള്‍ ഇതു കാര്യമായി അറിയുന്നില്ലെന്നതാണ് വസ്തുത. രാജ്യാന്തരതലത്തില്‍ ക്രൂഡോയിലിനു വില താഴ്ന്നുനില്‍ക്കുമ്പോഴും പെട്രോള്‍ വില കുതിക്കുന്നതാണ് ഏറെ ശ്രദ്ധേയം. നേരത്തേ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന ഉണ്ടാവുമ്പോള്‍ പോലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ, പൊതുസമൂഹം അറിയാതെപോകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുന്നത്. സാധാരണക്കാരന്റെ നടുവൊടിക്കുംവിധം വിലവര്‍ധനയുണ്ടായിട്ടും ഭരണവര്‍ഗം നിസ്സംഗത പാലിക്കുകയാണ്. രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചുവെങ്കിലും ഇവയുടെ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും രാജ്യത്തിന്റെ വികസനത്തിന് പണം കണ്ടെത്തുന്നതിനാണ് എക്‌സൈസ് തീരുവകള്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. അമേരിക്കയില്‍ ക്രൂഡ് ഓയിലിന്റെ സംസ്‌കരണത്തില്‍ ഇടിവുണ്ടായതാണ് ആഭ്യന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ കാരണം. അമേരിക്കയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ഇന്ത്യയില്‍ ഇന്ധന വിലവര്‍ധനയ്ക്ക് കാരണമായെന്ന് ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss