|    Jul 26 Wed, 2017 10:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വില ഉയര്‍ത്തി സിമന്റ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു

Published : 10th July 2016 | Posted By: SMR

വടകര: അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലല്‍ സിമന്റ് കമ്പനികള്‍ വില്‍പനയി ല്‍ വന്‍ കൊള്ളലാഭം കൊയ്യുന്നു. രാജ്യത്തെ ഏറ്റവും കൂടിയ വിലയാണ് കമ്പനികള്‍ കേരളത്തില്‍ നിന്ന് ഈടാക്കുന്നത്. അയല്‍സംസ്ഥാനമായ തമിഴ്‌നാടിനെക്കാള്‍ ഇരട്ടിയാണ് കേരളത്തിലെ സിമന്റ് വില. തമിഴ്‌നാട്ടില്‍ 50 കിലോ ബാഗ് 190 രൂപയ്ക്കും കര്‍ണാടകയില്‍ 220 രൂപയ്ക്കും മറ്റു സംസ്ഥാനങ്ങളില്‍ 270-300 രൂപയ്ക്കും സിമന്റ് ലഭ്യമാവുമ്പോള്‍ 400 രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ സിമന്റ് വില.
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അമ്മ സിമന്റ് 190 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. കര്‍ണാടകയില്‍ സ്വകാര്യ കമ്പനികളാണ് 220 രൂപയ്ക്ക് സിമന്റ് വില്‍ക്കുന്നത്. 50 കിലോയുടെ ചാക്കിന് മഹാരാഷ്ട്രയില്‍ 275 രൂപയാണ് ശരാശരി വില. ആന്ധ്രയിലും ഏതാണ്ട് ഇതേ വിലയ്ക്ക് മാര്‍ക്കറ്റില്‍ നിന്നു സിമന്റ് ലഭിക്കും.
50 കിലോ സിമന്റിന് ആകെ ഉല്‍പാദനച്ചെലവ് 100-120 രൂപയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലേക്കുള്ള കടത്തുകൂലി ചാക്കിന് 50, രൂപ ഏറിയാല്‍ 60 രൂപയില്‍ ഒതുങ്ങും. 200 രൂപയില്‍ താഴെ മാത്രം മുതല്‍മുടക്കുള്ള സിമന്റിനാണ് കമ്പനികള്‍ 400ലേറെ രൂപ ഈടാക്കുന്നത്.
കേരളത്തില്‍ ഇപ്പോഴത്തെ സിമന്റ് വില 415 മുതല്‍ 430 വരെയാണ്. ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചാണ് 430 വരെ എത്തിച്ചിരിക്കുന്നത്. വില എത്ര കൂടിയാലും ചെലവാകുമെന്നുറപ്പായതോടെ ഘട്ടംഘട്ടമായി സിമന്റിന്റെ വില കുത്തനെ കൂട്ടുകയായിരുന്നു.അതേസമയം, കേരളത്തില്‍ വ്യാപാരികളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കംമൂലം സിമന്റ് വിപണിയില്‍ വലിയ ക്ഷാമം നേരിടുകയാണ്.
എസിസി, അള്‍ട്രാടെക് തുടങ്ങിയ സിമന്റുകള്‍ വിപണിയി ല്‍ ലഭ്യമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള ഇന്‍സ ന്റീവ് നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സമരരംഗത്താണ്. 20 ശതമാനം ഇന്‍സന്റീവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
അതേസമയം, വിപണിയില്‍ സിമന്റിന് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് സമരമെന്നാരോപിച്ച് നിര്‍മാണരംഗത്തു പ്രവര്‍ത്തിക്കുന്ന ലെന്‍സ്‌ഫെഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി.
സിമന്റ് വില കുത്തനെ വര്‍ധിക്കുന്നതു തടയാന്‍ സര്‍ക്കാരും കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപണമുയരുന്നു. സിമന്റ് വില കടിഞ്ഞാണില്ലാതെ കുതിക്കുന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നത് ചെറിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ്.
ആകെ സിമന്റ് ഉപഭോഗത്തിന്റെ 10 ശതമാനം കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ വലിയ മാര്‍ക്കറ്റായാണ് സിമന്റ് നിര്‍മാതാക്ക ള്‍ കേരളത്തെ കാണുന്നത്. വലിയ പദ്ധതികളോടൊപ്പം ചെറിയ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ വലിയ വര്‍ധനയാണ് ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ദൃശ്യമാവുന്നത്. ഇതോടെ സിമന്റിനോടൊപ്പം മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില കുതിച്ചുയരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക