|    Dec 19 Tue, 2017 2:10 am
FLASH NEWS

വില്‍പനക്കായി എത്തിച്ച 140 കിലോ മായം ചേര്‍ത്ത തേയില പിടികൂടി

Published : 1st November 2016 | Posted By: SMR

നെടുമ്പാശ്ശേരി: കടകളില്‍ വില്‍പനക്കായി എത്തിച്ച 140 കിലോഗ്രാം മായം ചേര്‍ത്ത തേയില ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. മഞ്ഞപ്ര തവളപാറ സ്വദേശി സാബു മാടന്‍ എന്നയാളെയും തേയില കൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ദേശീയപാതയില്‍ അത്താണി ട്രാഫിക് സിഗ്‌നലിന്റെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കടകളില്‍ വില്‍പന നടത്തുന്നതിനാണ് തേയില കൊണ്ടുവന്നത്. തേയിലക്ക് കൂടുതല്‍ കളര്‍ ലഭിക്കുന്നതിനുവേണ്ടി സാധാരണ തേയിലയില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മാരകമായ വിഷ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് വില്‍പന നടത്തിയിരുന്നത്. മായം ചേര്‍ത്ത തേയില ഉപയോഗിച്ച് മൂന്നിരട്ടി ചായ ഉണ്ടാക്കാന്‍ സാധിക്കും. ഇത്തരം തേയില ഉപയോഗിച്ചുള്ള ചായ സ്ഥിരമായി കുടിക്കുന്നതിലൂടെ മനുഷ്യ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ട്. പ്രധാനമായും ഹോട്ടലുകളിലേക്കാണ് ഇത്തരം തേയിലകള്‍ വിതരണംചെയ്യുന്നത്. അത്താണി, അങ്കമാലി ഭാഗങ്ങളില്‍ മായം ചേര്‍ത്ത തേയില വില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം സ്‌ക്വാഡ് ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. എറണാകുളം സീനിയര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ അബ്ദുല്‍ മജീദ്, ഓഫിസര്‍മാരായ ജോസ് ലോറന്‍സ്, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ തേയില പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss