|    Aug 22 Tue, 2017 12:56 pm
FLASH NEWS

വില്ലേജ് ഓഫിസില്‍ വ്യാജരേഖയുമായി എത്തിയയാളെ നാട്ടുകാര്‍ പോലിസില്‍ ഏല്‍പിച്ചു

Published : 5th August 2017 | Posted By: fsq

 

ചുങ്കപ്പാറ: പൊന്തന്‍പുഴ-വലിയകാവ് വനഭൂമി കൈയേറാന്‍ വീണ്ടും ശ്രമം. ഇന്നലെ രാവിലെ 11ന് പെരുമ്പെട്ടി വില്ലേജ് ഓഫിസില്‍ വ്യാജരേഖയുമായെത്തിയയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസില്‍ ഏല്‍പിച്ചു. ഇയാളെ പിന്നീട് വിട്ടയച്ചു. കോട്ടയം സ്വദേശിയായ ജോര്‍ജ് മാത്യുവെന്നയാളാണ് സ്ഥലത്തിന്റെ രേഖകളുമായി വില്ലേജ് ഓഫിസിലെത്തിയത്. 2016 ആഗസ്തില്‍ ഇതേ ഭൂമിക്ക് കരം അടച്ച രസീതുമായണ് വില്ലേജ് ഓഫിസിലെത്തിയത്. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇയാളുടെ കൈവശമുണ്ടായിരുന്നു. കോട്ടയത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഓഫിസിലെ ക്ലാര്‍ക്കാണെന്നു സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ തണ്ടപ്പേര് ശരിയാണോയെന്നു നോക്കുന്നതിനെത്തിയതാണെന്നാണ് പറഞ്ഞത്. ഇയാള്‍ ഹാജരാക്കിയ കരം അടച്ച രസീതിലെ സാധുതയെക്കുറിച്ച് സംശയമുണ്ടെന്നു വില്ലേജ് അധികൃതര്‍ പറഞ്ഞു. രസീതില്‍ പറയുന്ന സ്ഥലം നിലവില്‍ വനഭൂമിയാണ്. 432.50 ഏക്കര്‍ വസ്തുവിന്റെ കരമായി 1,18,932 രൂപയാണ് 2016 ആഗസ്റ്റില്‍ അടച്ചിരിക്കുന്നത്. ആലപ്പുഴ താമലയ്ക്കല്‍ രഘുനാഥപിള്ളയുടെ ഉടമസ്ഥതയിലാണ് വസ്തു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനുസരിച്ച് വില്ലേജ് ഓഫിസില്‍ ആളുകള്‍ തിങ്ങിക്കൂടി്. മുമ്പും സമാനരീതിയില്‍ പൊന്തന്‍പുഴ-വലിയകാവ് വനഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നതാണ്. ഇതുസംബന്ധിച്ച വിശദമായ റിപോര്‍ട്ട് റവന്യൂവകുപ്പിനു കൈമാറുമെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു. ഇയാള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന നിഗമനത്തിലാണ് റവന്യൂ അധികൃതര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക