|    Nov 23 Thu, 2017 6:30 pm
FLASH NEWS

വിലസ്ഥിരതയില്ലാതെ പച്ചക്കറി വിപണി; ക്ഷാമവും രൂക്ഷം

Published : 3rd August 2017 | Posted By: fsq

 

മഞ്ചേരി: പച്ചക്കറി ക്ഷാമം വിപണിയില്‍ പ്രതിസന്ധി തീര്‍ക്കുന്നു. ജനപ്രിയ ഇനങ്ങളൊന്നും ആവശ്യത്തിന് വിപണിയില്‍ എത്തുന്നില്ല. വിലയിലെ അസ്ഥിരതയും തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആവശ്യത്തിന് പച്ചക്കറി എത്താത്തതാണ് പ്രാദേശിക വിപണികള്‍ക്ക് തിരച്ചടിയാവുന്നത്. ആവശ്യപ്പെടുന്ന അളവില്‍ പച്ചക്കറി വിപണിയിലെത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മഴയില്‍വന്ന കുറവ് പ്രാദേശികമായുള്ള പച്ചക്കറി ഉല്‍പാദനത്തേയും ബാധിച്ചിട്ടുണ്ട്. പയര്‍, വെണ്ട, വെള്ളരി, കുമ്പളം, മത്തന്‍, ചീര തുടങ്ങിയ ഇനങ്ങളാണ് പ്രദേശിക കര്‍ഷകരില്‍ നിന്നു കാര്യമായി വിപണിയില്‍ എത്തുന്നത്. ഇത് വിപണിയുടെ ആവശ്യത്തിനു തികയാത്ത അവസ്ഥയാണ്. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവു കുറയാനിടയാക്കിയത്. ജിഎസ്ടി നടപ്പായ ശേഷമുള്ള വില നിര്‍ണയത്തിലെ അനിശ്ചിതാവസ്ഥയും വിപണിയെ തളര്‍ത്തുന്നു. പച്ചക്കറികള്‍ക്ക് വിപണിയിലിനിയും വില സ്ഥിരത കൈവന്നിട്ടില്ല. 80 രൂപ മുതല്‍ 100 രൂപ വരെ വില ഉയര്‍ന്നിരുന്ന തക്കാളിയുടെ വില 40 രൂപയായി കുറഞ്ഞിരുന്നെങ്കിലും വീണ്ടും കിലോഗ്രാമിന് പത്തു രൂപ വര്‍ധിച്ച് 50 രൂപയായി. 18 രൂപയായിരുന്ന വലിയ ഉള്ളിയുടെ വില കിലോയ്ക്ക് 24 രൂപയാണിപ്പോള്‍. പച്ചമുളകും വിലക്കയറ്റത്തിന്റെ പിടിയിലാണ്. കിലോഗ്രാമിന് 40 രൂപയുണ്ടായിരുന്ന മുളകിനിപ്പോള്‍ 60 രൂപയാണ്. കുമ്പളത്തിനും നാലു രൂപ കൂടി വില 24 ല്‍ എത്തി. പച്ചക്കറി ഇനങ്ങള്‍ക്കെല്ലാം വിലയിലെ ഏറ്റക്കുറച്ചില്‍ തുടരുകയാണ്. വെണ്ടയ്ക്ക് 20 രൂപ കുറഞ്ഞ് കിലോയ്ക്ക് വില 40 രൂപയായി. 40 രൂപയായിരുന്ന കോളിഫഌവറിന് പത്തു രൂപ കുറഞ്ഞു. പയര്‍, കാരറ്റ്, എന്നിവയ്ക്കും പത്തു മുതല്‍ ഇരുപത് രൂപവരെ കുറഞ്ഞിട്ടുണ്ട്. കൈപ്പ, കിഴങ്ങ്, മത്തന്‍ തുടങ്ങിയവയ്ക്കു മാത്രമാണ് വില സ്ഥിരത വിപണിയിലുള്ളത്. വിലയിലെ അസ്ഥിരതയും ക്ഷാമവും വിപണിയെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക