|    Jul 25 Tue, 2017 4:21 am
FLASH NEWS

വിലപ്പെട്ട പുസ്തകശേഖരവുമായി വഴിയോര പുസ്തകശാല ശ്രദ്ധേയമാവുന്നു

Published : 15th July 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: അപൂര്‍വങ്ങളായ നൂറുകണക്കിനു പുസ്തകങ്ങളുടെ വിലപ്പെട്ട ശേഖരവുമായി ഷെജീറിന്റെ വഴിയോര പുസ്തകശാല ശ്രദ്ധേയമാവുന്നു. എംസി റോഡില്‍ എസ്ബി കോളജിനു സമീപം മുനിസിപ്പല്‍ പാര്‍ക്കിനു മുമ്പിലായാണ്  ഈ വഴിയോര പുസ്തകശാല പ്രവര്‍ത്തിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിര്‍മിച്ചതോടെ പുസ്തകങ്ങള്‍ വക്കാന്‍ ഇടമില്ലെങ്കിലും ഉള്ള സ്ഥലത്താണ് ഈ അപൂര്‍വ പുസ്തകങ്ങള്‍ നിരത്തിയിട്ടുള്ളത്. മലയാള സാഹിത്യം മുതല്‍ ഇംഗ്ലീഷ് സാഹിത്യം വരെയും അപൂര്‍വ എഞ്ചുവടി മുതല്‍ എന്‍ജീയറിങ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങളും ഈ ശേഖരത്തിലുണ്ട്. കൂടാതെ ദൈനംദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഐടി മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും അക്കൂട്ടത്തില്‍പ്പെടും. ആത്മീയത തേടുന്നവര്‍ക്ക് ആവശ്യമായ മുസ്്‌ലിം ഹിന്ദു ക്രിസ്ത്യന്‍ വേദഗ്രന്ഥങ്ങളും വലിയ ഗ്രന്ഥകാരന്മാര്‍ രചിച്ചിട്ടുള്ള അവയുടെ വ്യാഖ്യാനങ്ങളും പഴയത് എന്ന കാരണത്താല്‍ വന്‍ വിലക്കുറവിലാണ് വില്‍പന നടത്തുന്നത്. ഇവ വാങ്ങിക്കുന്നവര്‍ വായിച്ചതിനുശേഷം മടക്കി കൊണ്ടുവന്നാല്‍ അതിനു പകുതി വിലകൊടുത്തു തിരികെ വാങ്ങാനും അക്കൂട്ടത്തില്‍ മറ്റു പുസ്തകങ്ങള്‍ വില്‍ക്കാനും ഷെജീറിനാവുന്നു. നഴ്‌സറിതലം മുതല്‍ ഉന്നതവിദ്യാഭ്യാസ മേഖല വരയെുള്ള പുസ്തകങ്ങള്‍ കടകളില്‍ നിന്നും വ്യക്തികളില്‍നിന്നും വീടുകളില്‍ നിന്നും മറ്റും ശേഖരിച്ചാണ് ഇങ്ങനെ വില്‍പ്പന നടത്തുന്നത്. തിരുവനന്തപരും കാരക്കമണ്ഡപം സ്വദേശിയായ ഷെജീര്‍ ഇവിടെ ഇതാരംഭിച്ചിട്ടു ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും തങ്ങളുടെ നാട്ടുകാരായ നിരവധിപേര്‍ ഈ തൊഴിലില്‍ ഏര്‍പെട്ടിരിക്കുന്നതായും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വഴിയോര പുസ്‌കശാലകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഷെജീര്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പാവപ്പട്ടെ വിദ്യാര്‍ഥികള്‍ക്കു വന്‍വില കൊടുത്തു പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാതെ വരുമ്പോള്‍ അത്തരം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നതു തങ്ങളെയാണെന്നും അത് അവര്‍ക്കും തങ്ങള്‍ക്കും ഏറെ സഹായകമാവുന്നുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മലയാളത്തിലെ ആദ്യകൃതികളില്‍ ഒന്നു ഒരിക്കല്‍ ഒരു പെണ്‍കുട്ടി വന്നു വാങ്ങിയതും അത് ഫെയ്‌സ്ബുക്കിലൂടെ അറിഞ്ഞ നിരവധിപേര്‍ പിന്നീട് അത്തരം പുസ്തകം തിരക്കിയെത്തിരുന്നതായും ഷെജീര്‍ ഓര്‍ക്കുന്നു. നല്ല വായനയുള്ളവരും വായനയുടെ വില ശരിക്കും അറിയാവുന്നവരാണ് പുസ്തകങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ അധികംപേരും. പുസ്തകങ്ങളെ പഴയതും പുതിയതും എന്ന നിലയില്‍ കാണാനാവില്ലെന്നും വായന എപ്പോഴും പുതിയതായിരിക്കുമെന്നുമാണ് ഷെജീറിന്റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ പഴയ പുസ്തകങ്ങളിലൂടെ പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ഇത്തരം പുസ്തകങ്ങള്‍ക്കാവുന്നുണ്ടെന്നും  ഷെജീര്‍ അഭിപ്രായപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക