|    Apr 22 Sun, 2018 1:05 am
FLASH NEWS
Home   >  Kerala   >  

വിലക്ക് തള്ളിക്കളയുന്നു; ആസാദി എക്‌സ്പ്രസുമായി മുന്നോട്ട്: കാംപസ് ഫ്രണ്ട്

Published : 16th August 2016 | Posted By: mi.ptk

CAMPUS FRONT

ഫാഷിസത്തിനെതിരെ കാംപസ് ഫ്രണ്ട് തീരുമാനിച്ച ആസാദി എക്‌സ്പ്രസ് കലാജാഥക്ക് പോലീസ് ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്ന് കാംപസ് ഫ്രണ്ട്. ആശയം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായ ആര്‍.എസ്.എസ്സിനെയും അവരുടെ വര്‍ഗ്ഗീയ അജണ്ടകളെയും തുറന്നു കാണിച്ചു നടത്തുന്ന കലാജാഥക്ക് അനുമതി നിഷേധിച്ചത് ഇടതുപക്ഷ സര്‍ക്കാറാണ്. ഇതോടെ സി.പി.എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കാംപസ് ഫ്രണ്ട് പറഞ്ഞു.

ഫാഷിസത്തിന്റെ വിലക്കുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളം വിളി എന്ന പ്രമേയത്തില്‍ ആഗ്സ്റ്റ് 16 മുതല്‍ സപ്തംബര്‍ 9 വരെയാണ് കലാജാഥ തീരുമാനിച്ചുരുന്നത്. ആഴ്ചകള്‍ക്കു മുമ്പേ ജാഥ നടത്താന്‍ അനുമതി തേടി പോലീസ് അധികാരികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും സാങ്കേതികത പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഒടുവില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നുവെന്നും കാപംസ് ഫ്രണ്ട് പറഞ്ഞു. ജാഥ പര്യടനം നടത്തുന്ന സ്ഥലങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഏതെന്നു വ്യക്തമാക്കാനോ ആ പ്രദേശങ്ങളൊഴിവാക്കി അനുമതി തരാനോ പോലീസ് തയ്യാറായില്ല.

ഇത് രാഷ്ട്രീയ തീരുമാനമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും വിഷയം സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നുവെന്നും കാംപസ് ഫ്രണ്ട് പറഞ്ഞു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് മേല്‍ക്കോയ്മക്കെതിരെ കേരളത്തിലെ കാംപസുകളില്‍ പ്രതിഷേധം ഉയരുന്നത് സി.പി.എമ്മിന് അസ്വസ്ഥതയുണ്ടാക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കാംപസുകളില്‍ സി.പി.എം വിദ്യാര്‍ഥി സംഘടന നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണ് ഈ വിലക്കെന്നും കാംപസ് ഫ്രണ്ട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യദിന പിറ്റേന്ന് തന്നെ ആശയപ്രചരണത്തിന് വിലക്കേര്‍പ്പെടുത്തിയത് പിണറായി സര്‍ക്കാര്‍ പിന്തുടരാനുദ്ദേശിക്കുന്ന നയം ഏതുതരത്തിലുള്ളതായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. വിദ്യാര്‍ഥി സംഘടനയുടെ ആശയപ്രചരണത്തോട് വരെ അസഹിഷ്ണുത പുലര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തിലെ നരേന്ദ്ര മോഡിയുടെ രീതി അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും കാംപസ് ഫ്രണ്ട് കുറ്റപ്പെടുത്തി.

വിലക്കുകളും നിരോധനങ്ങളും കൊണ്ട് തടഞ്ഞു നിര്‍ത്താവുന്നതല്ല വിദ്യാര്‍ഥികളുടെ പ്രതികരണ ശേഷി. ആസാദി എക്‌സ്പ്രസിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കാംപസ് ഫ്രണ്ട് തള്ളിക്കളയുന്നതായും അസഹിഷ്ണുതക്കു മുമ്പില്‍ ജനാധിപത്യം പരാജയപ്പെട്ടു കൂടാ എന്ന ജാഗ്രതയാണ് ഈ തീരുമാനമെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും വൈകിയ വേളയില്‍ കാസര്‍ഗോഡു നിന്നും കലാജാഥ ആരംഭിക്കാന്‍ സാങ്കേതിക പ്രയാസമുള്ളതിനാല്‍ നിശ്ചയിച്ച പ്രകാരം നാളെ(ആഗസ്റ്റ് 17 ബുധന്‍) കണ്ണൂരില്‍ നിന്നും ആസാദി എക്‌സ്പ്രസ് പ്രയാണം തുടങ്ങുമെന്നും കാപംസ് ഫ്രണ്ട് അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും കാംപസ് ഫ്രണ്ട് ആഹ്വാനം ചെയ്തു.കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അബ്ദുല്‍ നാസര്‍, സംസ്ഥാന കമ്മിറ്റിയംഗം പി.എം മുഹമ്മദ് രിഫ, ജില്ലാ സെക്രട്ടറി റാസിഖ് ദേളി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss