|    Jan 19 Thu, 2017 10:17 am

വിലക്കുറവും തൊഴിലാളിക്ഷാമവും; കേര കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 28th July 2016 | Posted By: SMR

ഹരിപ്പാട്: കേരളത്തിലെ 10 ലക്ഷത്തിലേറെ വരുന്ന കേര കര്‍ഷകര്‍ക്ക് പ്രതിസന്ധി തന്നെ. തെങ്ങ് കയറ്റ തൊഴിലാളികളെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സര്‍ക്കാരിന്റെ സംഭരണ വിലയും അപര്യാപ്തമെന്നും പരക്കെ ആക്ഷേപം. തേങ്ങയ്ക്ക് വിലയില്ല; എന്നാല്‍ വെളിച്ചെണ്ണയ്ക്ക് വലിയ വില വിപണിയിലെന്നുള്ളത് പൊതുവെയുള്ള കേര കര്‍ഷകരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നു.
കൂമ്പ് ചീയല്‍, മണ്ഡരിപോലെയുള്ള കീടബാധകളില്‍ നിന്നും തെങ്ങുകളെ രക്ഷപ്പെടുത്താന്‍ തക്ക സംവിധാനങ്ങള്‍ കൃഷി ഭവനുകളിലില്ലെന്നു തന്നെ പറയാം.
രോഗ ബാധിതവും പ്രായാധിക്യവുമുള്ള തെങ്ങുകള്‍ മുറിച്ചു മാറ്റുന്നതിനും, പുനരുദ്ധാരണത്തിനും യഥാക്രമം 13,000 രൂപയും 15,000 രൂപയുമാണ് നാളികേര വികസന ബോര്‍ഡും, സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി ഹെക്ടറിനു നല്‍കുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ കൃഷി ഭവനും ഗ്രാമപ്പഞ്ചായത്തും തെങ്ങ് സംരക്ഷണത്തിനായി വളവും തൈകളും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂടാതെ കൃഷി ഭവന്‍ മുഖേന 27 രൂപ പ്രകാരം പച്ച തേങ്ങ സംഭരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല. കാരണം എല്ലാ കൃഷി ഭവനുകളിലും നാളികേര സംഭരണമില്ല. കിലോമീറ്ററുകള്‍ താണ്ടി സര്‍ക്കാര്‍ നിശ്ചയിക്കപ്പെട്ട കൃഷി ഭവനുകളില്‍ എത്തിക്കണം. ഇതിനു വാഹന വാടക കര്‍ഷകര്‍ തന്നെ കണ്ടെത്തണം. തെങ്ങ് കയറ്റ തൊഴിലാളികള്‍ക്കുള്ള കൂലി  പിറക്കു കൂലി, പൊതിക്കൂലി, വാഹന വാടക എന്നിവയും കര്‍ഷകര്‍ കണ്ടെത്തണം. കൂടാതെ കര്‍ഷകന്റെ താമസ സ്ഥലത്തുള്ള കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കുകയും അവിടെ നിന്നു കിട്ടുന്ന സാക്ഷി പത്രവുമായി തേങ്ങ സംഭരിക്കുന്ന കൃഷി ഭവനിലെത്തണം. സംഭരിച്ചു കഴിഞ്ഞാല്‍ മാസങ്ങളോളമുള്ള കാത്തിരിപ്പിനു ശേഷമെ ബാങ്ക് വഴി പണമെത്തൂ. ശരാശരി വലുപ്പമുള്ള മൂന്നു തേങ്ങയാണ് ഒരുകിലോയ്ക്ക് വേണ്ടി വരിക. തേങ്ങ ചെറുപ്പമാണെങ്കില്‍ എണ്ണം വീണ്ടും കൂടും. കയറ്റക്കൂലി, പിറക്ക് കൂലി, വാഹന കൂലി എന്നിവ വേറെയും.
ചുരിങ്ങിയത് കായ്ക്കുന്ന 10 തെങ്ങുകളെങ്കിലും സ്വന്തമായുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി കേരോല്‍പാദക സംഘങ്ങളും പ്രവര്‍ത്തിച്ചു വരുന്നുണ്ട് . ശരാശരി 4,00,05,000 തെങ്ങുകള്‍ ഓരോ സിപിസിന്റെയും പ്രവര്‍ത്തന പരിധിയിലുണ്ടാകണമെന്നും സംഘങ്ങള്‍ നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ചട്ടം.
എന്നാല്‍ സംസ്ഥാന കൃഷി വകുപ്പും നാളികേര ബോര്‍ഡും കേര സംരക്ഷണ പദ്ധതിയുടെ ഭാഗമായി സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും താഴേ തട്ടിലേക്കെത്താറില്ല. നഴ്‌സറി സ്ഥാപിക്കല്‍, പുതു കൃഷി സഹായം, ജൈവ യൂനിറ്റ് സഹായം, കൊപ്പ്രാ സംസ്‌കരണം, എന്നീ പദ്ധതികള്‍ കേര കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പറയുന്നുണ്ടെങ്കിലും കേര കര്‍ഷകര്‍ ഇന്നും പ്രതിസന്ധിയില്‍ തന്നെയാണെന്നു പറയാം. 4550 ദിവസം കഴിഞ്ഞാണ് ഒരു തെങ്ങില്‍ നിന്നും തേങ്ങയിടുക. നാടന്‍ തെങ്ങുകള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ കായ്ഫലം ലഭിച്ചു തുടങ്ങും. 80 വര്‍ഷം വരെ തെങ്ങുകള്‍ക്ക് ആയുസ്സുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരു തെങ്ങിന് 40 രൂപാ പ്രകാരമാണ് കയറ്റു കൂലിയായി നല്‍കുന്നത്. 15 എണ്ണത്തോളം തേങ്ങയാണ് ഒരു കുലയിലുണ്ടാവുക. പിറക്കു കൂലി സഹിതം ഭീമമായ തുക കേര കര്‍ഷകര്‍ നല്‍കേണ്ടി വരുന്നു.
തെങ്ങുകളുടെ ചങ്ങാതിക്കൂട്ടം പദ്ധതിയില്‍ പെടുത്തി യന്ത്രമുപയോഗിച്ച് യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കിയെങ്കിലും പലരും ഈ മേഖല ഉപേക്ഷിച്ച മട്ടാണ്. യന്ത്രമുപയോഗിച്ചുള്ള തെങ്ങുകയറ്റത്തിന് ഒരു തെങ്ങിന് 40 രൂപ തന്നെയാണ് കൊടുക്കേണ്ടത്. കൂടാതെ കൃഷി ഭവന്‍ മുഖേന 27 രൂപ പ്രകാരം പച്ച തേങ്ങ സംഭരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല. കാരണം എല്ലാ കൃഷി ഭവനുകളിലും നാളികേര സംഭരണം ഇല്ല. കിലോമീറ്ററുകള്‍ താണ്ടി സര്‍ക്കാര്‍ നിശ്ചയിക്കപ്പെട്ട കൃഷി ഭവനുകളില്‍ എത്തിക്കണം ഇതിനു വാഹന വാടക കര്‍ഷകര്‍ തന്നെ കണ്ടെത്തണം. കര്‍ഷകന്റെ താമസ സ്ഥലത്തുള്ള കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കുകയും അവിടെ നിന്നു കിട്ടുന്ന സാക്ഷി പത്രവുമായി സംഭരണമുള്ള കൃഷി ഭവനിലെത്തണം. വീടുകളില്‍ നിന്നും തേങ്ങ സംഭരിക്കാനെത്തുന്ന വ്യാപാരികള്‍ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുക. പണം ഉടന്‍ തന്നെ നല്‍കുമെന്ന നേട്ടവുമുണ്ട്. വരും തവണകള്‍ക്കുള്ള തേങ്ങയുടെ അഡ്വാന്‍സും നല്‍കുന്നവരുമുണ്ട്. ഒരു തേങ്ങയ്ക്ക് 18ഉം 20 ഉം രൂപയാണ് കടകളില്‍ നിന്നും ലഭിക്കുന്നതിന്.
സങ്കരയിനം തെങ്ങിന്‍ തൈകളായ കേരശ്രീ, കേരഗംഗ, അനന്തഗംഗ എന്നിവയും കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ രോഗ പ്രതിരോധ ശേഷി വളരെ കുറവാണെന്നും വിലയിരുത്തുന്നുണ്ടെലും രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്ഫലം ലഭിക്കും. പൊക്കം കുറവായതിനാല്‍ തെങ്ങ്  കയറ്റത്തൊഴിലാളികളുടെ സഹായമില്ലാതെ തേങ്ങയിടാനും കഴിയും. എല്ലാ കൃഷി ഭവനുകളിലും തേങ്ങ സംഭരിക്കുക. സഞ്ചരിക്കുന്ന തെങ്ങ് ചികില്‍സാ നിരീക്ഷണ കേന്ദ്രവും, തെങ്ങിന്റെ കൃഷി രീതികളും പരിപാലന മുറകളും, കീടനിയന്ത്രണവും സംബദ്ധിച്ച ബോധവല്‍ക്കരണം കര്‍ഷകര്‍ക്ക് നല്‍കുകയും തേങ്ങയൊന്നിന് എന്ന ക്രമത്തില്‍ വില നിശ്ചയിക്കുകയും സംഭരണസമയത്തു തന്നെ വില നല്‍കുകയും. കയറ്റു തൊഴിലാളികളുടെ വേതനം ഏകീകരിക്കുകയും ചെയ്താല്‍ കേര കര്‍ഷകരുടെ പ്രതിസന്ധിക്ക് ഒരു പരിധി വരെ സഹായകമാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക