|    Oct 18 Wed, 2017 4:09 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിലക്കയറ്റം: മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍

Published : 29th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനയ്‌ക്കെതിരേ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി അധികാരത്തിലെത്തിയ ശേഷം വിലക്കയറ്റം തടയുന്നതിന് ഒരു നടപടിയുമുണ്ടായില്ലെന്ന് ആരോപിച്ച രാഹുല്‍ പയറുവര്‍ഗങ്ങളുടെ വില എന്നു കുറയുമെന്ന് പ്രധാനമന്ത്രി കൃത്യമായി പറയണമെന്നും ആവശ്യപ്പെട്ടു.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ മോദിക്കെതിരേ രൂക്ഷമായി ആഞ്ഞടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഹിറ്റായിരുന്ന ഹര്‍ഹര്‍ മോദി എന്ന മുദ്രാവാക്യത്തിന് പകരം ഇപ്പോള്‍ ജനങ്ങള്‍ അര്‍ഹര്‍ (സാമ്പാര്‍ പരിപ്പ്) മോദി എന്നാണ് വിളിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
വര്‍ഷകാല സമ്മേളനത്തിലെ ആദ്യ ഇടപെടലിലാണ് രാഹുല്‍ മോദിക്കെതിരേ ആഞ്ഞടിച്ചത്. പൊള്ളയായ വാഗ്ദാനങ്ങള്‍ എത്ര വേണമെങ്കിലും നല്‍കികൊള്ളൂ. എന്നാല്‍, പയറിന്റെ വില എന്ന് താഴുമെന്ന് കൃത്യമായി ഒരു തിയ്യതി പറയണം. പയറുവര്‍ഗങ്ങളുടെയും പച്ചക്കറിയുടെയും വില അനിയന്ത്രിതമായി ഉയര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് 2014 ഫെബ്രുവരിയില്‍ ഹിമാചല്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ മോദി വിലക്കയറ്റ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മോദി തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാത്തത് കൊണ്ടാണ് ഓര്‍മിപ്പിക്കേണ്ടി വരുന്നതെന്നും രാഹുല്‍ പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യയിലൂടെ ഒരു യുവാവിനു പോലും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക