|    Jul 20 Fri, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിലക്കയറ്റം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ വല്ലാത്ത പ്രയാസം സംസ്ഥാനത്തില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഓണക്കാലത്ത് പച്ചക്കറിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ എടുത്തതായും മന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും ടി വി ഇബ്രാഹിം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.ജിഎസ്ടി നിലവില്‍ വന്നതോടെ വില കുറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കിന്റെ കോഴിക്കു മാത്രമെന്ന് ഇബ്രാഹിം പരിഹസിച്ചു. എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും പ്രതിപക്ഷം ആരോപിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് വിലക്കയറ്റമില്ലാത്ത ഓണം ഒരുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് സാധാരണയുണ്ടാവുന്ന വിലക്കയറ്റം തടയാനും വിലനിലവാരം നിരീക്ഷിക്കാനും സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പ്രൈസ് മോണിറ്ററിങ് സെല്ലിന് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാനും പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാനും ശക്തമായ നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ്, കണ്‍സ്യൂമര്‍ഫെഡ്, കൃഷിവകുപ്പ് എന്നീ വകുപ്പകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്തുടനീളം 1470 ഓണച്ചന്തകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സപ്ലൈകോ സ്വീകരിച്ചുകഴിഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിനു കീഴിലുള്ള മാവേലി സ്‌റ്റോറുകളും മറ്റു സ്റ്റാളുകള്‍ക്കും പുറമേയാണിത്. ക ണ്‍സ്യൂമര്‍ഫെഡ് ഓരോ സഹകരണ സ്ഥാപനങ്ങള്‍ വഴിയും 3500 ഓണച്ചന്തകള്‍ അധികമായി നടത്തും. ഇതിനുപുറമേ എംഎല്‍എമാര്‍ ആവശ്യപ്പെടുന്ന  സ്ഥലങ്ങളില്‍ ഓണച്ചന്തകള്‍ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ജയ അരിയുടെ വിലയില്‍ കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നേരിയ വര്‍ധനവുണ്ടായി. ഇടനിലക്കാരില്ലാതെ അരി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ അരിവില നിയന്ത്രിക്കാനാവും. ആന്ധ്രയില്‍ നിന്നും കേരളത്തിന് ആവശ്യമായ അരി ഇടനിലക്കാരില്ലാതെ എത്തിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രിയും ആന്ധ്ര സര്‍ക്കാരുമായി  നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇതിന്റെ ഫലമായി കേരളത്തിന് ആവശ്യമായ അരി ആന്ധ്ര സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖാന്തരം സംഭരിച്ച് ലഭ്യമാക്കാമെന്ന് ആന്ധ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. ധാരണപത്രം ഒപ്പിടാനുള്ള നടപടികള്‍ പുരോഗതിയിലാണെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടി നിലവില്‍ വന്നശേഷം പലവ്യഞ്ജനങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും ഗണ്യമായ വിലക്കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  എന്നാല്‍,  മന്ത്രിയുടെ മറുപടി വീട്ടമ്മമാര്‍ക്ക് ആശ്വാസമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെറിയ ഉള്ളി മുറിച്ചാലല്ല, കണ്ടാല്‍തന്നെ കണ്ണില്‍നിന്നും വെള്ളം വരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss