|    Sep 25 Tue, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിലക്കയറ്റം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published : 6th February 2018 | Posted By: kasim kzm

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എല്ലാ അവശ്യസാധനങ്ങള്‍ക്കും വിലവര്‍ധന ഉണ്ടായിട്ടില്ലെന്നും അരിക്കും പഞ്ചസാരയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രമാണ് വില വര്‍ധിച്ചതെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ആന്ധ്രയില്‍ നിന്നുള്ള അരിക്കാണ് വില വര്‍ധിച്ചത്. അവിടെനിന്നുള്ള മില്ലുടമകളും ഇടനിലക്കാരും ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു. ഇപ്പോള്‍ വില കുറഞ്ഞിട്ടുണ്ട്. ബ്രാന്‍ഡഡ് അരിക്ക് വില കുറഞ്ഞിട്ടില്ല. നെല്ലിന് താങ്ങുവില വര്‍ധിപ്പിച്ചതും അരിയാക്കുന്നതിന് ചെലവാകുന്ന നിരക്കിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതുമാണ് ബ്രാന്‍ഡഡ് അരിയുടെ വിലവര്‍ധനയ്ക്കു കാരണം. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ നിന്ന് 10,000 ടണ്‍ അരി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ആന്ധ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അവിടത്തെ പൊതുവിതരണ സംവിധാനം മുഖേനയാണ് അരി വാങ്ങുന്നത്. ജിഎസ്ടിയുടെ പേരില്‍ വില കൂട്ടിവില്‍ക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചത് സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞു. പ്രതികൂല സാഹചര്യത്തിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കിലോയ്ക്ക് 37 രൂപയായിരുന്ന ജയ അരി 25 രൂപയ്ക്കും 37 ആയിരുന്ന മട്ട അരി 24 രൂപയ്ക്കുമാണ് സപ്ലൈകോ വഴി നല്‍കുന്നത്. പഞ്ചസാര വില 43 വരെയായെങ്കിലും ഇപ്പോള്‍ 37 രൂപയായി കുറഞ്ഞു. 22 രൂപയ്ക്കാണ് സപ്ലൈകോ വില്‍ക്കുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിലയ്ക്കാണ് അപ്പോള്‍ സംസ്ഥാനത്തെ പൊതുവിപണിയില്‍ അരി വില്‍ക്കുന്നത്. സപ്ലൈകോ ശാലകളില്‍ ഇത് ഇവിടത്തെ വിലയേക്കാളും കുറവാണ്. ഇന്ധനവിലയില്‍ അടിക്കടി ഉണ്ടാവുന്ന വര്‍ധനയാണ് വെല്ലുവിളി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കൂടുതലും വരുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. ഇന്ധനവില കൂടിയപ്പോള്‍ കടത്തുകൂലിയും കൂടിയിട്ടുണ്ട്. ഇതും വിലവര്‍ധനയ്ക്കു കാരണമായി. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സപ്ലൈകോ വിതരണകേന്ദ്രങ്ങളിലൂടെ നല്‍കുന്ന 13 സബ്‌സിഡി സാധനങ്ങളുടെ വില ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം വര്‍ധിപ്പിക്കില്ല. വിപണി ഇടപെടലിനായി നടപ്പു സാമ്പത്തികവര്‍ഷം 200 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ റേഷന്‍കടകളെ എല്ലാ അവശ്യസാധനങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ മുരളീധരന്‍ പറഞ്ഞു. കരിഞ്ചന്തക്കാരെയും ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാന്‍ ഭക്ഷ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss