|    Nov 14 Wed, 2018 10:17 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വിറ്റു വിറ്റു വില്‍ക്കാന്‍ ഇനിയെന്തു ബാക്കി?

Published : 12th August 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം –  നിരീക്ഷകന്‍

അഖിലാണ്ഡമണ്ഡലത്തിലും പ്രശസ്തനാണ് നമ്മുടെ പ്രധാനമന്ത്രി മോദിയാശാന്‍ എന്ന് അറിയാത്ത ആരും ഈരേഴു പതിനാല് ഉലകങ്ങളിലുമില്ല. പ്രശസ്തിയുടെ സ്വഭാവത്തെക്കുറിച്ചു ഭിന്നവീക്ഷണങ്ങളുണ്ടാവാം. സൗന്ദര്യം കാണുന്നയാളുടെ കണ്ണിലാണ് എന്നു പറയുന്നപോലെയാണ് മോദിയാശാന്റെ പ്രശസ്തിയുടെ സ്വഭാവഗുണം സംബന്ധിച്ച വിഷയവും. പലര്‍ക്കും അത് സുപ്രശസ്തി ആയി തോന്നും. വേറെ ചില മൂഷികബുദ്ധികള്‍ക്ക് മറിച്ചും തോന്നിയെന്നു വരും. അത് തോന്നുന്നയാളുടെ കുഴപ്പമാണ്; മോദിയദ്ദേഹത്തിന്റെയല്ല.
പക്ഷേ, ഇടയ്ക്കു ചിലപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ക്കു തന്നെ അല്‍പസ്വല്‍പം കല്ലുകടി അനുഭവപ്പെടുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോവും. പ്രധാനമന്ത്രിയദ്യത്തോട് ഏറ്റുമുട്ടാനോ പുള്ളിക്കാരനെ വിമര്‍ശിക്കാനോ തലയില്‍ വെളിവുള്ള ആരും തയ്യാറാവുമെന്ന് കരുതാനാവില്ല. കാരണം, നമ്മുടെ കോടിയേരി സഖാവിനെപ്പോലെത്തന്നെയാണ് മോദിയാശാനും. വയലിലെ പണിക്ക് വരമ്പത്തു കൂലി നല്‍കും. അത് കോടിയേരി സഖാവിന്റെ മാതിരി തലശ്ശേരിയിലും പരിസരത്തും മാത്രമല്ല നല്‍കുക. നാടിന്റെ ഏതു ഭാഗത്തും പ്രാദേശിക നാണയത്തില്‍ വേണമെങ്കില്‍ അങ്ങനെ; ഡോളറോ റൂബിളോ ആയി വേണമെങ്കില്‍ അങ്ങനെ. നെല്ലായോ കപ്പക്കിഴങ്ങായോ മതിയെങ്കില്‍ അങ്ങനെ. മോദിയുടെ കാര്യത്തില്‍ കൂലിക്ക് പഞ്ഞമില്ല. കൂലി കിട്ടിക്കഴിഞ്ഞാല്‍ പക്ഷേ, ഉടന്‍ സ്ഥലം വിട്ടോളണം. അല്ലെങ്കില്‍ തടി കൊണ്ടുപോവാന്‍ ആംബുലന്‍സിനു കാശു കളയേണ്ടിവരും.
അങ്ങനെ പണിയെടുപ്പിക്കുന്നതിലും കൂലി കൊടുക്കുന്നതിലും അതിവിരുതനാണ് മോദിയാശാന്‍ എന്ന് പുരാണപ്രസിദ്ധം. അങ്ങേര് തന്നെ പണികള്‍ പലത് ചെയ്തുശീലമുള്ള സര്‍വസാചിയാണ്. ഗുജറാത്ത് എന്ന ബനിയാനാട്ടില്‍ ഭൂജാതനായതിനാല്‍ കച്ചവടത്തിലാണ് ചെറുപ്പത്തില്‍ തന്നെ കേമനായത്. അന്നൊക്കെ ചായക്കടയിലായിരുന്നു വാണിജ്യപ്രവര്‍ത്തനം എന്നൊക്കെ പറയുന്നത് ശരിക്കും പറഞ്ഞാല്‍ വിനയംകൊണ്ട് അങ്ങനെ ഭാവിക്കുന്നതാണ്. ആള്‍ വിളഞ്ഞ പുള്ളിയായിരുന്നു. ഏതു കൊലകൊമ്പന്‍ ആനയെയും വില്‍ക്കും. കൂട്ടത്തില്‍ ചായയും വിറ്റിരുന്നു എന്ന് പറയാമെന്നു മാത്രം. ഏതു കാര്യമായാലും മോദിയാശാനെ സംബന്ധിച്ചിടത്തോളം വില്‍പനയെന്നത് ക്ഷിപ്രസാധ്യമായ കാര്യമാണ്. അതിനുള്ള കഴിവ് ജന്മനാ ഉള്ളതാണെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. വ്യാഴത്തില്‍ ശുക്രന്‍ എന്നു പറഞ്ഞാല്‍ വാണിജ്യഗുരുവാണ്.
അതിന്റെ ഗുണം അങ്ങ് നാടിനും കിട്ടി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. അദ്ദേഹം പ്രധാനമന്ത്രിയായതില്‍ പിന്നെ കച്ചവടത്തിന്റെ കാര്യം പറയാനുമില്ല. വിദേശ വാണിജ്യമാണ് ഇരമ്പിക്കയറുന്നത്. നാട്ടിലെ അത്യാവശ്യം കൊള്ളാവുന്ന ഏതു പൊതുമേഖലാ സ്ഥാപനമാണ് ഇനി വില്‍ക്കാന്‍ ബാക്കിയുള്ളത്? എയര്‍ ഇന്ത്യയും കൊടുക്കാന്‍ റെഡിയായി നില്‍ക്കുകയാണ്. അതു കഴിഞ്ഞാല്‍ റെയില്‍വേ. മറ്റു ഖനവ്യവസായങ്ങള്‍ എപ്പോഴേ വിറ്റുകഴിഞ്ഞു.
അതാണ് കച്ചവട മിടുക്ക്. വില്‍ക്കലില്‍ മാത്രമല്ല, വാങ്ങലിലും അതേ മിടുക്കാണ്. അറക്കപ്പറമ്പില്‍ അന്തോണിച്ചായന്‍ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഫ്രാന്‍സില്‍ നിന്നു റഫേല്‍ വിമാനം വാങ്ങാനായി തീരുമാനിച്ചിരുന്നു. അന്ന് 600 കോടിയെന്നോ മറ്റോ വിലപറഞ്ഞ സാധനം മോദിയാശാന്‍ ചെന്നു വീണ്ടും കച്ചവടമാക്കി. എന്തു വില എന്നു ചോദിച്ചാല്‍ അത് പരമരഹസ്യമാണ്. വില പറയാന്‍ പാടില്ല എന്നാണ് കച്ചവട രഹസ്യം. കാരണം, വില പുറത്തുപറഞ്ഞാല്‍ അത് ദേശസുരക്ഷയെ ബാധിക്കും. കാലിക്കച്ചവടക്കാര്‍ കമ്പോളത്തില്‍ വില പറയുന്നത് ആരും കേള്‍ക്കില്ലല്ലോ. രണ്ടുകൂട്ടരും കൈപിടിച്ച് അതിനുമേല്‍ ഒരു മുണ്ടിട്ട് വിരലുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തടവി ഒരു വില ഉറപ്പിക്കും. നാലരയെങ്കില്‍ നാലു വിരലും പിന്നെ അരവിരലും; എട്ടരയെങ്കില്‍ അതനുസരിച്ചും. അതാണ് കച്ചവടതന്ത്രം. വാങ്ങുന്നവനും വില്‍ക്കുന്നവനും അറിയേണ്ട കാര്യമാണ് വില. കണ്ടുനില്‍ക്കുന്നവന് അതറിയേണ്ട കാര്യമില്ല. റഫേലിന്റെ കാര്യത്തില്‍ മോദിയാശാന്റെ സുചിന്തിതമായ നിലപാടും അതുതന്നെ.
അങ്ങനെ ഊണിലും ഉറക്കത്തിലും കച്ചവടത്തെക്കുറിച്ചു ചിന്തിക്കുന്നയാളാണ് മോദിയാശാന്‍. അതുകൊണ്ടാവണം രാജ്യസഭയില്‍ കഴിഞ്ഞദിവസം ഡെപ്യൂട്ടി ചെയര്‍മാനെ കച്ചവടമാക്കിയ നേരത്ത് തോറ്റ കക്ഷിയെ കളിയാക്കി ആനന്ദലഹരിയില്‍ ചിലത് പറഞ്ഞത്. തോറ്റയാളുടെ പേര് ബി കെ ഹരിപ്രസാദ്. സംഗതി ഹിന്ദിയില്‍ പറഞ്ഞാല്‍ വിറ്റുപോയി എന്നര്‍ഥം. എന്നുവച്ചാല്‍, ഹരിപ്രസാദ് വെറുതെ കറങ്ങിയടിച്ചിട്ടു കാര്യമില്ല, സഭയിലെ സീറ്റ് വിറ്റുപോയി എന്നര്‍ഥം. വാങ്ങിയത് ആരെന്ന് ചോദിക്കരുത്. അത് കച്ചവട രഹസ്യമാണ്.
ഇപ്പോള്‍ ജനം ചോദിക്കുന്നത് ഒരേയൊരു ചോദ്യം: വില്‍ക്കാന്‍ ഇനിയെന്താണ് ബാക്കി? ചെങ്കോട്ടയും ചാര്‍മിനാറും ഗേറ്റ്‌വേ ഓഫ് ഇന്ത്യയും ഒക്കെ കിടക്കുന്നു. അല്ലെങ്കില്‍, രാജ്യം മൊത്തമായി അങ്ങു കച്ചവടമാക്കിയാല്‍ എന്താ? ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss