|    Mar 24 Sat, 2018 11:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വിറ്റു കാശാക്കാം ഈ സ്‌നേഹചുംബനവും

Published : 23rd November 2015 | Posted By: SMR

സി പി രാജശേഖരന്‍

ചുംബനസമരം എന്ന പേരില്‍ എറണാകുളത്തും പിന്നെ മറ്റു ജില്ലകളിലും വാര്‍ത്താപ്രകമ്പനം സൃഷ്ടിച്ച ചുംബന വിദഗ്ധനും അയാളുടെ ഭാര്യയും പെണ്‍വാണിഭത്തിന് അറസ്റ്റിലായി എന്നത് നല്ല വാര്‍ത്ത തന്നെയാണ്.
നാം കാണുന്ന മനുഷ്യനും പക്ഷിമൃഗാദികളും മാത്രമല്ല, നമ്മുടെ കണ്‍മുമ്പിലില്ലാത്ത സകല ജീവജാലങ്ങളും സ്‌നേഹം എന്ന വികാരത്തെ പരമപാവനമായും ആ സ്‌നേഹപ്രകടനത്തിലെ ചുംബനത്തെ ഒരു ദിവ്യാനുഭവമായുമാണ് എന്നെന്നും കണക്കാക്കിയിട്ടുള്ളത്. കാമിനീകാമുകന്മാര്‍ മാത്രമല്ല, മക്കളും രക്ഷകര്‍ത്താക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലും രാഷ്ട്രനേതാക്കള്‍ തമ്മിലും മതനേതാക്കള്‍ തമ്മില്‍പ്പോലും ചുംബിച്ചുകൊണ്ട് സ്‌നേഹവും വിശ്വാസവും കൈമാറുക പതിവാണ്. ഓരോ ചുംബനവും രൂപഭാവങ്ങളില്‍ വ്യത്യസ്തമാണെന്നതും സത്യം. ഇതില്‍ ഏതു വിഭാഗത്തില്‍പ്പെട്ട ചുംബനമായാലും അത് സത്യാത്മകമായ ഒരു സമര്‍പ്പണമായാണ് ചുംബിക്കുന്നവരും അതു സ്വീകരിക്കുന്നവരും കരുതിപ്പോന്നിട്ടുള്ളത്. കാമിനീകാമുകന്മാര്‍ പൊതുവെ അവര്‍ക്കുള്ള കാമാന്ധതകൊണ്ട് സ്ഥലമോ സാഹചര്യമോ നോക്കാതെ പൊതുസ്ഥലത്തു വച്ച് ചുംബിക്കുന്ന പതിവ് പാശ്ചാത്യനാടുകളിലാണ്. നമ്മുടെ നാട്ടിലും അപൂര്‍വമായി അതു കാണാറുണ്ട്. അതൊക്കെ സുജനമര്യാദയോര്‍ത്ത് നാം കാണാതെ നടിക്കുകയാണു പതിവ്. ഇതാരെയും കാണിച്ചു ചെയ്യേണ്ടതോ കാണിക്കാന്‍ വേണ്ടി ചെയ്യേണ്ടതോ അല്ല എന്ന വിചാരം യഥാര്‍ഥ സ്‌നേഹം എന്തെന്ന് അറിയാവുന്നവര്‍ക്കൊക്കെ ഉള്ളതുകൊണ്ടാണ് നാം പാര്‍ക്കിലും പൊതുസ്ഥലത്തും വല്ലപ്പോഴും ഇതൊക്കെ കണ്ടാല്‍ കണ്ടില്ലെന്നു നടിച്ച് നടക്കുന്നതും.
എന്നാല്‍, കുറച്ചു മുമ്പ് പൊതുനിരത്തില്‍ ചുംബിക്കാമെന്നും അതൊരു അവകാശമായി നേടിയെടുക്കാന്‍ പൊതുചുംബനം ചെയ്തു സമരം ചെയ്യുമെന്നും ഒരു ചെക്കന്‍ പ്രഖ്യാപിച്ചു. അത് നമ്മുടെ മൊത്തം മീഡിയ ഏറ്റെടുത്തു. ആ തമാശ കാണാന്‍ ജനം തടിച്ചുകൂടി എന്നത് സത്യമാണ്. ജനം എവിടെയാണ് തടിച്ചുകൂടാത്തത്? ഒരാളെ നടു റോഡിലിട്ടു തല്ലിക്കൊല്ലുന്നതും വിവസ്ത്രയായി ഒരുത്തി നൃത്തംചെയ്യുന്നതും അമ്മയെയും അച്ഛനെയും മക്കള്‍ വെട്ടിക്കൊല്ലുന്നതും വഞ്ചി മുങ്ങിയും ബോട്ട് മുങ്ങിയും ജനം മരിക്കുന്നതും പാര്‍ട്ടി പരിപാടികളില്‍ എതിര്‍ചേരിയിലുള്ളവരെ തെറിവിളിച്ചു കൊഞ്ഞനംകുത്തുന്നതും കാണാന്‍ നമ്മുടെ ജനം തടിച്ചുകൂടാറുണ്ടല്ലോ. അതൊക്കെ നല്ല കാര്യമായതുകൊണ്ടല്ല. അസ്വാഭാവികമായി എന്തു സംഭവിച്ചാലും അതു കാണാന്‍ കുറേപേര്‍ തടിച്ചുകൂടും. അതിനെ ഒരു ജനസമ്മതിയായി കണക്കാക്കിയാല്‍ ലോകം കീഴ്‌മേല്‍ മറിയുന്നുവെന്നേ അര്‍ഥമുള്ളൂ. ചുംബനസമരം പ്രഖ്യാപിച്ച ചെക്കന്റെ കൂടെ ചിലര്‍ കക്ഷിചേര്‍ന്നത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് അന്നും ആരും കരുതിയിട്ടില്ല. ചില സാംസ്‌കാരികപ്രവര്‍ത്തകരും മാധ്യമങ്ങളും അതിനെ അന്ന് പ്രോല്‍സാഹിപ്പിച്ചത് കാര്യഗൗരവം മനസ്സിലാക്കാതെയാണെന്ന് പിന്നീടവര്‍ക്ക് ബോധ്യപ്പെട്ടു കാണും. ചുംബിക്കാനെത്തിയത് വെറും എട്ടുപത്തു പേര്‍ മാത്രമാണെന്നും അവര്‍ മാത്രമാണ് എല്ലാ ജില്ലയിലും എത്തിയതെന്നും അതിനെ അനുകൂലിച്ച മാധ്യമപ്രവര്‍ത്തകര്‍ കണ്ടതുമാണ്.
നമ്മുടെ ചില ഹോട്ടലുകളും കഫേകളും സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് ഇടംനല്‍കുന്നുണ്ട് എന്നത് പച്ചപ്പരമാര്‍ഥം മാത്രമാണ്. അതില്‍ ചിലത് മാന്യതയുടെയും ഉന്നതിയുടെയും മറയിട്ടും മറ്റു ചിലത് മറയിടാതെയുമാണു നടക്കുന്നത്. സ്റ്റാര്‍ ഹോട്ടലില്‍ എന്തുമാവാം, അവിടെ റെയ്ഡില്ല, ആരും കണ്ടാല്‍ മിണ്ടുകയുമില്ല എന്നതിനാല്‍ മറ്റുള്ളിടത്തും ഇതൊക്കെ ആവാം എന്ന തോന്നലിന് ആക്കംകൂടിയിട്ടുമുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടലിനു നേരെ ആക്രമണമുണ്ടായതിനെ ചെറുക്കാന്‍ എന്ന പേരിലാണ് ചുംബനസമരക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്. ചില മാധ്യമപ്രവര്‍ത്തകര്‍ അവരെ അതിരുകവിഞ്ഞ് പ്രോല്‍സാഹിപ്പിച്ചു എന്നതും സത്യമാണ്. സംഘാടകരുടെ ലക്ഷ്യം മറ്റൊന്നാണെന്ന് അന്ന് ഞങ്ങളില്‍ ചിലര്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അത് തമസ്‌കരിക്കുകയാണുണ്ടായത്.
ചുംബനം ഒരു അവകാശമായി അംഗീകരിക്കേണ്ടതല്ലെന്നും അത് സ്‌നേഹഭാവമായി പഴയതുപോലെ നില്‍ക്കട്ടെയെന്നും വാദിച്ച സാധാരണക്കാരെ മൂരാച്ചികളായും പുരോഗമനവിരുദ്ധരായും ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചു എന്നത്, അവിടെയുമിവിടെയും ചില യുവതീയുവാക്കള്‍ ഉള്ളതുകൊണ്ടാണെന്നേ അന്ന് സാമാന്യജനം കരുതിയുള്ളു. ഇപ്പോഴിതാ രാഹുല്‍ പശുപാലനും രശ്മിയും ഓപണായി ചുംബിച്ചുകാണിച്ചത് ആരെ ആകര്‍ഷിക്കാനായിരുന്നുവെന്ന് ഈ പ്രോല്‍സാഹനക്കാര്‍ക്കും മനസ്സിലായിരിക്കും. ഈ ചുംബനസമരത്തെ എതിര്‍ത്തതിന്റെ പേരില്‍ ഒരു ചാനല്‍, എതിര്‍ത്തവരെയെല്ലാം തൂക്കിലേറ്റുംവിധം വിചാരണചെയ്തു. മറിച്ച് ചുംബനസമരത്തെ അനുകൂലിച്ചു സംസാരിച്ച സിപിഎം എംപി രാജേഷിനെ ഈ പുതിയ തലമുറയുടെ നായകനായി അവതരിപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ്, അമളി മനസ്സിലായിത്തുടങ്ങിയപ്പോഴാണെന്നു തോന്നുന്നു സിപിഎം സെക്രട്ടറി ചുംബനസമരത്തെ പിന്താങ്ങേണ്ടതില്ലെന്നു പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ സിപിഎമ്മിന് നല്ലതു മനസ്സിലാവാന്‍ ഒരു കാല്‍നൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നുള്ളിടത്ത്, ഇതു മനസ്സിലാവാന്‍ ഒരുമാസമേ വേണ്ടിവന്നുള്ളു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ചുംബനവഴിയിലൂടെ ആകര്‍ഷിച്ച് സ്വതന്ത്ര ലൈംഗികതയിലേക്കും അരാജകത്വത്തിലേക്കും പെണ്‍വാണിഭത്തിലേക്കും നയിക്കുകയാണ് ‘ഈ പരിഷ്‌കാരികള്‍’ ചെയ്തത്.
നാട്ടില്‍ നടക്കുന്ന എല്ലാ അനാശാസ്യങ്ങള്‍ക്കും അവിഹിത ഇടപാടുകള്‍ക്കും ചതിക്കും വഞ്ചനയ്ക്കുമെല്ലാം ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരും ചില രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരും അറിഞ്ഞോ അറിയാതെയോ ആദ്യ പ്രോല്‍സാഹനം നല്‍കുന്നു എന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. എല്ലാ ചതിയന്മാരും കുറ്റവാളികളും ആദ്യം മാധ്യമങ്ങളെയും പോലിസിനെയും സാംസ്‌കാരികപ്രവര്‍ത്തകരെയുമാണു സ്വാധീനിക്കുന്നത്. അവര്‍ക്ക് പരസ്യവും പ്രോല്‍സാഹനവും കിട്ടാനുള്ള എളുപ്പ വഴിയാണ് മാധ്യമങ്ങളുമായുള്ള സൗഹൃദം. അതു സാധിച്ചെടുക്കുക ഇപ്പോള്‍ എളുപ്പമാണ് എന്ന തോന്നല്‍ എല്ലാ കുറ്റവാളികളിലും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നടന്ന എല്ലാ തട്ടിപ്പുകേസുകളും ഒന്ന് അനലൈസ് ചെയ്തു നോക്കൂ. അവരുടെ തട്ടിപ്പ് സ്‌കീമിന് പരസ്യമായും പിന്നെ വാര്‍ത്തയായും നമ്മുടെ മാധ്യമങ്ങള്‍ നന്നായി സഹായിച്ചതായി കാണാനാവും. ‘വാര്‍ത്തയും പരസ്യവുമല്ല, വസ്തുതകളാണു വലുത്’ എന്ന പഴയ പത്രധര്‍മം പുതുതലമുറക്കാര്‍ക്കു പരിചയമേ ഇല്ല എന്നത് ഖേദകരമാണ്. നമ്മള്‍ ഒരുനാള്‍ പ്രോല്‍സാഹിപ്പിച്ച ആളെ തന്നെ പിന്നീട് നാം വിചാരണ ചെയ്യേണ്ടിവരുന്നല്ലോ എന്ന ദുഃഖവും ആരിലും കാണുന്നില്ല. സാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നാല്‍ നല്ല സംസ്‌കാരം പഠിപ്പിക്കുന്നവര്‍ എന്നതിലുപരി എന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ഏതെങ്കിലും ഒരു പക്ഷത്തിനുവേണ്ടി വാദിക്കുന്നവര്‍ എന്ന തലത്തിലേക്ക് അര്‍ഥം മാറിക്കഴിഞ്ഞിരിക്കുന്നു. ആരുടെയും പക്ഷംപിടിക്കാതെ ഏതെങ്കിലും ചര്‍ച്ചാവിഷയത്തില്‍ കേവലം വസ്തുനിഷ്ഠമായി സംസാരിക്കുന്ന ഒരാളെ ചാനലിന് ആവശ്യമില്ലതാനും. ഇത് നമ്മുടെ മലയാളം ചാനലിന്റെയും ചില ഇന്ത്യന്‍ ചാനലുകളുടെയും മാത്രം പ്രശ്‌നമാണ്. ഇന്ത്യയില്‍ തന്നെ വസ്തുനിഷ്ഠമായി സമീപിക്കുന്ന ചില ചാനലുകള്‍ ഉണ്ട് എന്നത് മറക്കുന്നില്ല.
നമുക്ക് അന്യപെണ്ണുങ്ങള്‍ എന്തു കാട്ടിയാലും ഇഷ്ടമാണ്. പക്ഷേ, സ്വന്തം പെണ്ണുങ്ങള്‍ കാട്ടിയാല്‍ ആ കളി കാര്യമാവുന്നതായാണ് നാം ഇതുവരെ കണ്ടുവന്നിട്ടുള്ള അനുഭവം. അതുകൊണ്ട് നമ്മുടെ ആണ്‍മക്കള്‍ പൊതുവഴിയില്‍ കിടന്ന് കുത്തുകൊണ്ടു ചാകരുതെന്നുമാത്രം ആശിച്ച അച്ഛനമ്മമാരും ഈ പൊതുചുംബനത്തെ എതിര്‍ത്തിരുന്നു. അല്ലേലും ചുംബനം ഒരു സമരത്തിനുള്ള മാര്‍ഗമോ ലക്ഷ്യമോ ആവുന്നതില്‍ എന്തര്‍ഥമാണുള്ളത്. ഇങ്ങനെ സമരം ചെയ്തു നേടേണ്ടതാണോ ഈ ചുംബനം. ഇത്തരം അവകാശചുംബനത്തില്‍ സ്‌നേഹത്തിന്റെ ഏതെങ്കിലും അംശമുണ്ടാവുമോ?
നമ്മുടെ പോലിസും കോടതിയും മാധ്യമങ്ങളും ഇമ്മാതിരി വിഷയത്തെ കൂടുതല്‍ കാര്യക്ഷമമായി കാണേണ്ടതുണ്ട്. കുറ്റവാളി ആണായാലും പെണ്ണായാലും കുറ്റവാളിയായിത്തന്നെയാണു പൊതുജനമധ്യത്തില്‍ വരേണ്ടത്. അതുപോലെ കോടതി ഇക്കൂട്ടര്‍ക്ക് ജാമ്യം കൊടുത്തുവിടുന്നതില്‍ തിടുക്കംകൂട്ടരുത്. ഇക്കൂട്ടര്‍ വന്‍ തുക കെട്ടിവച്ചശേഷം മാത്രമേ ജയിലില്‍നിന്നിറങ്ങാവൂ. ഇത്തരം കുറ്റവാളികള്‍ക്ക് വലിയ ശിക്ഷ നല്‍കാന്‍ നമ്മുടെ നീതിന്യായ വകുപ്പുകള്‍ക്കു കഴിയണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss