|    Apr 22 Sun, 2018 11:41 pm
FLASH NEWS
Home   >  Editpage  >  Article  >  

വിരുന്നുകാര്‍ കൈകൂപ്പി ആശുപത്രിയിലേക്ക്

Published : 21st February 2016 | Posted By: SMR

slug-avkshngl-nishdnglവിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണു പഴമൊഴി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും വിവാഹച്ചടങ്ങുകള്‍ സാധാരണമായ ഇക്കാലത്ത് പക്ഷേ, സദ്യ കഴിഞ്ഞ് വിരുന്നുകാര്‍ എത്തിപ്പെടുന്നത് ആശുപത്രിയിലേക്കാണെങ്കിലോ? സംഗതി വഷളാവും. ഈ അടുത്തകാലത്തായി കേരളത്തിലെ പല വിവാഹവേദികളിലും ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച് അവശരായവരുടെ കഥയിലെ വില്ലന്‍ മറ്റാരുമല്ല; ഭക്ഷണത്തോടൊപ്പം അതിഥികള്‍ അകത്താക്കിയ ഐസ്‌ക്രീമാണു പ്രതിസ്ഥാനത്ത്.
ഐസ്‌ക്രീമിന് മധുരം കൂട്ടാന്‍ പഞ്ചസാരയ്ക്കു പകരം ആരോഗ്യത്തിനു ഹാനികരമായ പല വസ്തുക്കളും ഉപയോഗിച്ചുവരുന്നതായി കണ്ടെത്തിയത് ഈയിടെയാണ്. ഇലക്ട്രിക് വെല്‍ഡിങിന് ഉപയോഗിക്കുന്ന രാസവസ്തുവായ ഡള്‍സിന്‍ ആണ് ഐസ്‌ക്രീമില്‍ ഉപയോഗിക്കുന്നതത്രെ. സാക്കറിനും ഐസ്‌ക്രീമില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനും പുറമേ ഐസ്‌ക്രീം ആകര്‍ഷകമാക്കാന്‍ നിരോധിച്ച രാസപദാര്‍ഥങ്ങളും നിറങ്ങളും വന്‍തോതില്‍ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഐസ്‌ക്രീം നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെള്ളംപോലും ശുദ്ധമല്ലെന്നറിയുമ്പോഴും വെറുതെ കിട്ടുന്ന ഐസ്‌ക്രീം മോഹിക്കുന്നവരാണ് അധികപങ്കും.
അകാലത്തിലെ വേനലിന്റെ ആഗമനം കേരളത്തിലെ കടല്‍ത്തീരങ്ങളിലും നഗരങ്ങളിലെ പാര്‍ക്കുകളിലും പാതയോരങ്ങളിലും ഐസ്‌ക്രീം വില്‍പ്പനയ്ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഉല്‍സവകാലത്തിന്റെ വരവ് അമ്പലപ്പറമ്പുകളിലും ഐസ്‌ക്രീം ഒരു അവിഭാജ്യ ഘടകമാക്കിയിട്ടുണ്ട്. ഈയിടെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഡള്‍സിന്‍, സാക്കറിന്‍, പാന്‍മസാല രുചിക്കൂട്ടുകള്‍ എന്നിവ ഉപയോഗിച്ച് ഐസ്‌ക്രീമും ഐസ്‌സ്റ്റിക്കും ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് മുതലായ സ്ഥലങ്ങളില്‍നിന്നു കേരളത്തിലെത്തിയ ഒരുകൂട്ടം ആളുകളാണ് ഐസ്‌ക്രീം നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിട്ടും മതിയായ സ്റ്റാഫിന്റെയും മറ്റു സംവിധാനങ്ങളുടെയും അഭാവം നിമിത്തം തുടര്‍നടപടികള്‍ക്ക് ആക്കംകൂടിയിട്ടില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആരോഗ്യത്തിനു ഹാനികരമാംവിധം തയ്യാറാക്കുന്ന ഐസ് ഉല്‍പന്നങ്ങള്‍ വ്യാപകമായി മലയാളികള്‍ ഉപയോഗിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇത്തരം മോശവും ഭക്ഷ്യയോഗ്യവുമല്ലാത്ത ആഹാരപാനീയങ്ങള്‍ പൗരന്മാരുടെ ജീവനു തന്നെ ഹാനികരമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ് ഇതുമൂലം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഭാരതമൊട്ടാകെ ബാധകമായതും 1950കളില്‍ പ്രാബല്യത്തില്‍ വന്നതുമായ മായം ചേര്‍ക്കല്‍ നിരോധന നിയമം ഭേദഗതി ചെയ്ത് 2006ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ മായം ചേര്‍ക്കല്‍ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനതലത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 2015ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്‌തെങ്കിലും പഴയ നിയമത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന ചുമതലകളും മറ്റും പൂര്‍ണമായി അവയില്‍നിന്ന് എടുത്തുമാറ്റിയത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണു വരുത്തിവച്ചിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കാന്‍ ക്വാട്ട നിശ്ചയിച്ചു നല്‍കിയിരുന്നു. എന്നാല്‍, പുതിയ നിയമത്തിന്‍ കീഴില്‍ ലൈസന്‍സില്ലാതെ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കണ്ടെത്താന്‍ ആവശ്യമായ ഭൗതിക സംവിധാനങ്ങളുടെ പോരായ്മ ഒരു പരിധിവരെ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനു വിഘാതം സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അധികാര വികേന്ദ്രീകരണത്തിന്റെ ഈ പുഷ്‌കലകാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായസഹകരണത്തോടെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നപക്ഷം ലൈസന്‍സും രജിസ്‌ട്രേഷനും ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് ഓടേണ്ട ആവശ്യം വരില്ല. ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങളില്‍ സജീവ ഇടപെടലിന്റെ വേദിയായ പഞ്ചായത്തുകളും നഗരസഭകളും നീതിപൂര്‍വം തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നകാലത്തോളം ഭക്ഷ്യസുരക്ഷയുടെ ചുമതല ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും അത്തരം സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാവും അഭികാമ്യം. ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ അപ്പോള്‍ മാത്രമേ ഒരു ജനകീയ സ്വഭാവം കൈവരൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss