|    Nov 15 Thu, 2018 1:43 am
FLASH NEWS
Home   >  Arts & Literature  >  Art  >  

വിരല്‍ മീട്ടിയ വര്‍ണങ്ങള്‍

Published : 17th March 2017 | Posted By: shins

പി എച്ച് അഫ്‌സല്‍

 

varnam-1
പോരടിക്കുന്ന കടുവകള്‍, ചളിയില്‍ മല്‍സരിച്ചോടുന്ന കാളകള്‍, സടകുടഞ്ഞെഴുന്നേല്‍ക്കുന്ന സിംഹം… ചലനാത്മകമാണ് വിനി വേണുഗോപാലിന്റെ ചിത്രങ്ങളധികവും. തൃശൂര്‍ ലളിതകലാ അക്കാദമിയിലെ ആര്‍ട്ട് ഗാലറിയിലാണ് വിരലുകള്‍ കാന്‍വാസില്‍ പടര്‍ത്തിയ വിസ്മയങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. വെറും വിരലുകളില്‍ ചായം തേച്ച് പകര്‍ത്തിയ 31 ചിത്രങ്ങള്‍. വന്യമൃഗങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയ മിക്ക ചിത്രങ്ങളും ജീവന്‍തുടിക്കുന്നവയായിരുന്നു. കാന്‍വാസുകളില്‍ നിറഞ്ഞ കടുംനിറങ്ങള്‍ പുതിയ ദൃശ്യാനുഭവം പകര്‍ന്നുനല്‍കി. ജലകണങ്ങള്‍ തെറിച്ചു വീഴുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കാഴ്ചക്കാരനെ അല്‍പനേരം പിടിച്ചുനിര്‍ത്തും. ഫിംഗര്‍ പെയിന്റിങ് എന്ന അധികമാരും പരീക്ഷിക്കാത്ത ചിത്രകലാരീതി പരിചയപ്പെടുത്തുകയായിരുന്നു ഇരുപത്തൊമ്പതുകാരിയായ ഈ കലാകാരി. എട്ടു മാസമെടുത്തു വിനി ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍. ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു ചിത്രങ്ങളോരോന്നും.

varnam-3

വിനി വേണുഗോപാല്‍

ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്‍പര്യമുള്ള തൃശൂര്‍ കരുവാന്‍കാട് സ്വദേശിനിയായ വിനി പെന്‍ പെയിന്റിങിലൂടെയാണ് വരയുടെ ലോകത്ത് കൂടുതല്‍ സജീവമാവുന്നത്. ബംഗളൂരു ടി ജോണ്‍ കോളജിലായിരുന്നു ഫൈന്‍ ആര്‍ട്‌സ് പഠനം. സ്‌കൂള്‍ പഠനകാലത്തുതന്നെ മല്‍സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി.
അക്രിലിക് പെയിന്റിലാണ് ഫിംഗര്‍ പെയിന്റ് ആദ്യം ചെയ്തുനോക്കിയത്. പിന്നീട് എണ്ണച്ചായത്തിലേക്ക് മാറുകയായിരുന്നു. ബേസിക് ഔട്ട്‌ലൈന്‍ നല്‍കി നിറങ്ങള്‍ പകര്‍ന്നാണ് കൂടുതല്‍ ചിത്രങ്ങളും പൂര്‍ത്തിയാക്കിയത്. ചിലതില്‍ നേരിട്ട് നിറങ്ങള്‍ അപ്ലൈ ചെയ്യും. ആദ്യം വിരലുകള്‍ കൊണ്ട് നേരിട്ട് നിറംകൊടുക്കുന്ന രീതിയായിരുന്നു. നിറങ്ങള്‍ കഴുകി വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടോര്‍ത്ത് ഗ്ലൗസ് ധരിക്കാന്‍ തുടങ്ങി. സൂക്ഷ്മമായ ചിത്രീകരണങ്ങള്‍ക്ക് ഇപ്പോഴും വെറും കൈ തന്നെയാണ് ഉപയോഗിക്കുന്നത്. വെള്ളം തെറിച്ചുവീഴുന്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ വല്ലാത്ത ഇഷ്ടമാണ്. പ്രദര്‍ശിപ്പിച്ചതില്‍ കൂടുതലും അത്തരം ചിത്രങ്ങളായിരുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയതും ഇത്തരം ചിത്രങ്ങള്‍ തന്നെ.
ഫിംഗര്‍ പെയിന്റിങെന്ന ആശയം മനസ്സില്‍ കൊണ്ടുവന്നത് രണ്ടു വയസ്സുകാരനായ മകന്‍ ഗഹനാണ്. വിനി പെയിന്റിങ് തുടങ്ങുമ്പോള്‍ മകനും ഒപ്പംകൂടും. പെയിന്റിങ് തല്‍പരയായ വിനി അവനെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. രാസക്കൂട്ടുകളായ പെയിന്റുകള്‍ മകന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതി മൈദയില്‍ ഫുഡ് കളറുകള്‍ ചേര്‍ത്ത് നല്‍കി. ഇതില്‍ വിരല്‍ മുക്കിയുള്ള മകന്റെ കുസൃതികളാണ് വിനിയെ ഫിംഗര്‍ പെയിന്റിങ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.
ആദ്യം വരച്ച ചിത്രങ്ങളും സുഹൃത്തുക്കളുടെ പ്രോല്‍സാഹനവും കൂടിയായപ്പോള്‍ വിരല്‍ചിത്രങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചു. പിന്നെ അത് വിട്ടുമാറാത്ത കമ്പമായി കൂടെക്കൂടി. പലപ്പോഴും ഉറക്കം പോലും ഉപേക്ഷിച്ച് മണിക്കൂറുകള്‍ കാന്‍വാസിനു മുന്നില്‍ ചെലവഴിക്കും. ഇങ്ങനെ എട്ടുമാസമെടുത്ത് പകര്‍ത്തിയ 31 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചത്.

varnam-2മൃഗങ്ങള്‍, പ്രകൃതി, കുട്ടികള്‍, പൂക്കള്‍ അങ്ങനെ ഇഷ്ടപ്പെടുന്നവയെല്ലാം വിഷയമായി. നഗരജീവിതവും കാടിന്റെ വന്യതയും സ്വാഭാവികത ഒട്ടും ചോര്‍ന്നുപോവാതെ പകര്‍ത്തുന്നതായിരുന്നു വിനിയുടെ ഓരോ സൃഷ്ടികളും.
വിനിയുടെ ഓരോ ചിത്രങ്ങള്‍ക്കും ഒരു 3ഡി ഇഫക്ട് ഉണ്ടെന്ന് തോന്നാറുണ്ട്. ലോകത്തെ ഏറ്റവും വലിയ 3ഡി അനാമോര്‍ഫിക് ചിത്രരചന നടത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയ സംഘത്തില്‍ വിനി വേണുഗോപാലും ഉണ്ടായിരുന്നു. ലിമ്‌നേഷ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരാണ് ബഹ്‌റയ്‌നില്‍ അല്‍ നജ്മ ക്ലബ്ബില്‍ ഗിന്നസിന് അര്‍ഹമായ 24000 സ്‌ക്വയര്‍ അടി വലിപ്പമുള്ള 3ഡി ചിത്രം വരച്ചത്. കൂടുതല്‍ പരീക്ഷണങ്ങളും ചിത്രങ്ങളും പ്രദര്‍ശനവുമായി വര്‍ണങ്ങളുടെ ലോകത്ത് സജീവമാവാന്‍ തന്നെയാണ് ഈ യുവകലാകാരിയുടെ തീരുമാനം. റിയാദിലെ ബാങ്കില്‍ ഐടി എന്‍ജിനീയറായ ഭര്‍ത്താവ് സനീഷും കുടുംബവും വിനിക്കു പിന്തുണയുമായി കൂടെത്തന്നെയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss