|    Dec 15 Fri, 2017 5:41 pm
FLASH NEWS

വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നഷ്ടത്തില്‍

Published : 3rd August 2016 | Posted By: SMR

പത്തനംതിട്ട: സ്വകാര്യബസ്സുകള്‍ കൈയ്യടക്കിയ റാന്നി- പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി കിതയ്ക്കുന്നു. ആവശ്യാനുസരണം സര്‍വീസ് നടത്തിയാല്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് ബോധ്യമുണ്ടായിട്ടും പത്തനംതിട്ട ഡിപ്പോ അധികൃതര്‍ ഇതിനു തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഒരു കെഎസ്ആര്‍ടിസി ബസ്സിന് ആറു സ്വകാര്യബസ്സുകള്‍ എന്ന കണക്കിനാണ് റാന്നി- പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ ഓടുന്നത്.
പരമാവധി ആളുകളേയും സ്വകാര്യബസ്സുകള്‍ റാഞ്ചുന്നതോടെ പകല്‍സമയങ്ങളില്‍ ഈ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഭൂരിഭാഗത്തിലും വിരലില്‍ എണ്ണാവുന്ന യാത്രക്കാരാവും ഉണ്ടാവുക. കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ ഈ റൂട്ടില്‍ അനുവദിച്ചാല്‍ ലാഭകരമായ വരുമാനം കോര്‍പറേഷന് നേടാനാവുമെന്ന് കണ്ടക്ടര്‍മാരും വ്യക്തമാക്കുന്നു.
ജോലിയെടുക്കാന്‍ യുവാക്കളായ നിരവധി കണ്ടക്ടര്‍മാര്‍ തയ്യാറായിട്ടും അധിക സര്‍വീസ് അനുവദിക്കാതെ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്നും പരാതിയുണ്ട്. ഇത്തരം സമീപനങ്ങള്‍ സ്വകാര്യബസുകളെ സഹായിക്കുന്നതിനാണെന്ന് സംശയമുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
സ്വകാര്യബസുകളുടെ കടന്നുകയറ്റത്തോടെ മുമ്പ് മികച്ച വരുമാനം നേടിയിരുന്ന കെഎസ്ആര്‍ടിസി ബസ്സുകളെല്ലാം കനത്ത നഷ്ടത്തിലാണ് ഓടുന്നത്. ഡീസലിന്റെ തുക പോലും മുതലാക്കാനാവാതെയാണ് പല സര്‍വീസുകളും അവസാനിക്കുക. പുനലൂര്‍- പത്തനംതിട്ട- മുണ്ടക്കയം ടൗണ്‍ ടു ടൗണ്‍ സര്‍വീസിന് മുമ്പ് 14,000 രൂപ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നത് കേവലം 7000 രൂപയാണ്. ഇന്നലെ ഇതേറൂട്ടില്‍ സര്‍വീസ് നടത്തിയ ബസിന് പത്തനാപുരം മുതല്‍ പത്തനംതിട്ട വരെ ലഭിച്ചതാവട്ടെ 300 രൂപയും.
ഈ ദൂരത്തിനിടെ അഞ്ചു സ്വകാര്യബസ്സുകള്‍ നിറയെ യാത്രക്കാരുമായി സര്‍ക്കാര്‍ ബസിനെ മറികടക്കുകയും ചെയ്തു. സ്വകാര്യബസ്സുകള്‍ കൈയ്യടക്കിയ പത്തനംതിട്ട- റാന്നി റൂട്ടിലെ അവസ്ഥയും സമാനമാണ്. 90 ലിറ്റര്‍ ഡീസലടിച്ചോടുന്ന പത്തനംതിട്ട- കരിമാന്‍തോട് സര്‍വീസിന് പലപ്പോഴും ലഭിക്കാറുള്ളത് 4000 രൂപയാണെന്നും ജീവനക്കാര്‍ പറയുന്നു. പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ കൂടുതല്‍ ചെയിന്‍ സര്‍വീസുകള്‍ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
വൈകുന്നേരം കഴിഞ്ഞാല്‍ പുനലൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് കെഎസ്ആര്‍ടിസി ബസ് കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഈ സമയങ്ങളില്‍ തിരുവനന്തപുരം, തെങ്കാശി റൂട്ടുകളില്‍ നിന്നും വരുന്ന ദീര്‍ഘദൂര സര്‍വീസുകളാണ് യാത്രക്കാര്‍ക്ക് ഏക ആശ്രയം.
അതുമില്ലെങ്കില്‍ രാത്രിയിലെത്തുന്ന യാത്രക്കാര്‍ പെരുവഴിയിലാവും.
പത്തനംതിട്ട ഡിപ്പോയില്‍ നിന്നു രാത്രിയില്‍ പുനലൂര്‍, അടൂര്‍ ഭാഗത്തേക്ക് പോവുന്നതിനായി കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നവര്‍ക്കും നിരാശയാവും ഫലം. ഇത്രയുമേറെ സ്വകാര്യബസ്സുകള്‍ നിരത്തിലോടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധനകള്‍ നടക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഈ ബസ്സുകളുടെ പെര്‍മിറ്റുകള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക