|    Feb 22 Wed, 2017 5:35 am
FLASH NEWS

വിരമിച്ച 57 ഉദ്യോഗസ്ഥര്‍ക്ക് കാലാവധി നീട്ടിനല്‍കും; മൂന്ന് മെഡിക്കല്‍ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യമന്ത്രി

Published : 1st June 2016 | Posted By: SMR

തിരുവനന്തപുരം: മെയ് 31ന് ആരോഗ്യവകുപ്പില്‍ നിന്നു വിരമിച്ച 57 ഉദ്യോഗസ്ഥര്‍ക്കു കാലാവധി നീട്ടിനല്‍കുമെന്ന് ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജ. മഴക്കെടുതിപോലുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്തു കൂടുതല്‍ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥര്‍ വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് അവര്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കാലാവധി നീട്ടാനുള്ള തീരുമാനം പിഎസ്‌സി നിയമനങ്ങളെ ബാധിക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെപ്പറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനെപ്പറ്റി ആലോചനയാവാം. ആരോഗ്യമേഖലയില്‍ ആവശ്യമുള്ള നിയമനം വളരെ വേഗത്തില്‍ നടത്തണമെന്ന കാര്യം പിഎസ്‌സിയോട് ആരാഞ്ഞിട്ടുണ്ട്. ആശുപത്രികളിലെ സ്റ്റാഫിന്റെ അഭാവം കണക്കിലെടുത്ത് പിജി കഴിഞ്ഞിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ആവശ്യമുള്ളിടത്ത് വിന്യസിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കും. ആരോഗ്യമേഖലയിലെ നിയമനസംവിധാനം പരിഷ്‌കരിക്കും. അതെങ്ങനെ വേണമെന്ന് ആലോചിച്ചു തീരുമാനിക്കും. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നീ പ്രധാന മെഡിക്ക ല്‍ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള ഒരു മാര്‍ഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറണം. പിഎച്ച്‌സി, ബ്ലോക്ക്, താലൂക്ക്, ജില്ലാ തലത്തില്‍ ആവശ്യമായ ആരോഗ്യസംവിധാനങ്ങള്‍ ലഭ്യമാക്കും. ആശുപത്രികളിലെ നിലവിലെ അവസ്ഥ സംബന്ധിച്ചുള്ള ഒരു റിപോര്‍ട്ട് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ആറുമാസത്തിനുള്ളില്‍ നിശ്ചയിക്കപ്പെട്ട സ്റ്റാഫുകളെ നിയമിക്കും.
ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാനും ആവശ്യമായ ചികില്‍സ ലഭ്യമാക്കാനും ഒരു പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. അത് പിന്നീട് തീരുമാനിക്കും. പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരത്തെ പറ്റി പരിശോധിച്ചുവരുന്നു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന കാര്യം ആവശ്യമെന്നു തോന്നിയാല്‍ പരിഗണിക്കും. അല്ലെങ്കില്‍ ഒഴിവാക്കും. ഇഎസ്‌ഐ മെഡിക്കല്‍ കോളജിന് പ്രത്യേക പരിഗണന നല്‍കും. കേന്ദ്രസര്‍ക്കാര്‍ എന്തു പദ്ധതി അനുവദിച്ചാലും അത് നടപ്പാക്കാന്‍ തന്നെയാണ് ആഗ്രഹം. എയിംസിന് സ്ഥലം ലഭ്യമാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു ആരോഗ്യനയം രൂപീകരിക്കുന്നതിനെ പറ്റി പിന്നീട് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ ഗ്രാമീണതലത്തിലേക്കു കൂടി വ്യാപിപ്പിക്കും. വിഷമം അനുഭവിക്കുന്നവരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ പലതും പരിതാപകരമായ സ്ഥിതിയിലാണ്. അവിടുത്തെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. മേല്‍നോട്ടസമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. പോരായ്മകള്‍ ഉള്ളിടത്ത് അവ പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും സാമൂഹികനീതി മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും മന്ത്രി കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക