|    Jun 25 Sun, 2017 3:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിരമിക്കുന്ന ഡ്രൈവര്‍ക്ക് ആദരം; ജില്ലാ കലക്ടര്‍ വളയം പിടിച്ചു

Published : 6th November 2016 | Posted By: SMR

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അകോല ജില്ലക്കാരനായ ദിഗംബര്‍താക്ക് കഴിഞ്ഞ 33 വര്‍ഷത്തിലധികമായി റവന്യൂ വകുപ്പിലെ ഡ്രൈവര്‍ മാത്രമാണ്. ഇക്കാലത്തെ ജീവിതത്തിനിടയ്ക്ക് വകുപ്പിലെ ചെറുതും വലുതുമായ ഉദ്യോഗസ്ഥരെയും വഹിച്ച് വാഹനമോടിച്ച താക്കിന് ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിക്കുന്ന അന്നു ലഭിച്ച സമ്മാനം സമാനതകളില്ലാത്തത്. അതും താന്‍ ഒന്നരവര്‍ഷമായി ഡ്രൈവര്‍ സേവനം നല്‍കുന്ന ജില്ലാകലക്ടര്‍ ജി ശ്രീകാന്തില്‍ നിന്ന്.
വിരമിക്കലിന്റെ അന്നു പതിവുപോലെ കലക്ടറെ ഔദ്യോഗികസ്ഥലത്തെത്തിക്കാന്‍  വാഹനമെടുക്കാന്‍ ചെന്ന താക്ക് അതിശയിച്ചുപോയി. കലക്ടറുടെ വസതിക്കു മുമ്പില്‍ ഔദ്യോഗിക വാഹനം അലങ്കരിച്ചു നിര്‍ത്തിയിരിക്കുന്നു. വാഹനത്തിന് അടുത്തെത്തിയ ജില്ലാ കലക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ അദ്ഭുതം അമ്പരപ്പായി. താക്കിനോടു കാറിനുള്ളില്‍ കയറിയിരിക്കാന്‍ പറഞ്ഞ കലക്ടര്‍, ഇന്നു താനാണ് ഡ്രൈവറെന്ന് അറിയിച്ച് ഡ്രൈവിങ് സീറ്റിലേക്കു മാറി. താക്കിനുള്ള സമ്മാനമാണിതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. താക്ക് താണപേക്ഷിച്ചിട്ടും കലക്ടര്‍ ഡ്രൈവിങ് സീറ്റില്‍നിന്നു പിന്‍മാറിയില്ല. പിന്നെ നേരെ കലക്ടറേറ്റിലേക്കു കാറില്‍.
മാധ്യമങ്ങളോട് തന്റെ അനുഭവം വിവരിക്കുമ്പോള്‍ താക്ക് വികാരാധീനനായി. ഓഫിസിലെത്തിയിട്ടും കലക്ടര്‍ താക്കിനെ വിടാനുള്ള ഭാവമില്ലായിരുന്നു. ഓഫിസിലെ മറ്റു ജീവനക്കാര്‍ക്കു മുന്നില്‍ തന്റെ സീറ്റിനു തൊട്ടടുത്ത സീറ്റിലിരുത്തി താക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കലക്ടര്‍ അഭിനന്ദിക്കുകയും ചെയ്തു. കലക്ടര്‍ താക്കിന്റെ ഡ്രൈവര്‍ കൂടിയായ വിവരമറിഞ്ഞപ്പോള്‍ ജീവനക്കാര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിച്ചു. താക്കിനോടു മാത്രമല്ല, ഓഫിസിലെ എല്ലാവരോടും കലക്ടറുടെ പെരുമാറ്റം മികച്ചതാണെന്ന് അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക