|    Dec 12 Tue, 2017 8:07 am

വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം നാട് വിറപ്പിച്ചു

Published : 6th August 2017 | Posted By: fsq

 

അമ്പലപ്പുഴ: വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം നാട് വിറപ്പിച്ചു.രണ്ട് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവത്തിന് തുടക്കമായത്. അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്താണ് വളഞ്ഞവഴി എസ് എന്‍ കവല ഭാഗത്തുനിന്ന് വിരണ്ടോടിയത്. വളഞ്ഞ വഴിയിലെത്തിയ പോത്ത് ഇവിടെ നിന്ന തകഴി സരിതാലയത്തില്‍ ഹരിദാസി(60) നെ കുത്തി പരിക്കേല്‍പ്പിച്ചു.വളഞ്ഞവഴിയില്‍ നിന്നോടിയ പോത്ത് പിന്നീട് കാക്കാഴം ഐസിഡിഎസ് ജങ്ഷനു സമീപം പോത്തുകളെ കെട്ടി ഇട്ടിരുന്ന സ്ഥലത്ത് നിലയുറപ്പിച്ചു.പോത്ത് വിരണ്ടോടിയതറിഞ്ഞു അമ്പലപ്പുഴ പോലീസും തകഴിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഇവര്‍ നിസഹായരായിരുന്നു. ഇടഞ്ഞുനിന്ന പോത്തിനെ പിടികൂടാന്‍ യാതൊരു സജ്ജീകരണവുമില്ലാതെയാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. പോത്തിടഞ്ഞതറിഞ്ഞ് നൂറു കണക്കിന് ആളുകളും തടിച്ചു കൂടി. ജനക്കൂട്ടം എത്തിയതോടെ പോത്ത് വീണ്ടും ഓടി. ഇതിനിടയില്‍ സ്‌കൂട്ടറില്‍ നിന്ന ഗള്‍ഫ് റിട്ടേണ്‍ഡ് ആന്റ് പ്രവാസി മലയാളി അസോസിയേഷന്‍ സംസ്ഥാന പ്രസി. കാക്കാഴം സ്വദേശി മുഹമ്മദ് അസ്്‌ലമിനെ കുത്തി പരിക്കേല്‍പ്പിച്ചു. ഇദ്ദേഹത്തിന്റെ സ്‌കൂട്ടറും തകര്‍ത്ത പോത്ത് വീണ്ടും ഓടി. നാടു മുഴുവന്‍ ഓടിയ പോത്തിനെ ഒടുവില്‍ ഉച്ചക്ക് പായല്‍ക്കുളങ്ങരയില്‍ വെച്ച് തളക്കുകയായിരുന്നു. പോത്തിന്റെ ഉടമസ്ഥനാരെന്ന് വ്യക്തമായിട്ടില്ല. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക