|    May 30 Tue, 2017 3:14 pm
FLASH NEWS

വിയ്യൂര്‍ ജയിലില്‍ പെരുന്നാള്‍ നമസ്‌കാരം നിരോധിച്ചു

Published : 14th September 2016 | Posted By: Navas Ali kn

viyyur_jail295

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ബലിപെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണവും മുടങ്ങി. ഇതിനായി തിങ്കളാഴ്ച രാവിലെ ജയിലിലെത്തിയ ചാവക്കാട്ടു നിന്നുള്ള മതപണ്ഡിതരെ ജയിലിനകത്തു പ്രവേശിപ്പിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. മുകളില്‍ നിന്നുള്ള പ്രത്യേക ഉത്തരവുണ്ടെന്നു പറഞ്ഞാണ് മടക്കിയയച്ചത്.
എന്നാല്‍, ഇതേക്കുറിച്ച് അറിയില്ലെന്നാണ് മുന്‍ ജയില്‍ സൂപ്രണ്ടിന്റെയും ഇപ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും ഫോണിലൂടെയുള്ള വിശദീകരണം. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അന്നു മുതല്‍ അദ്ദേഹം അവധിയിലാണ്. പുതിയ സൂപ്രണ്ട് ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടുമില്ല.
കഴിഞ്ഞ ചെറിയ പെരുന്നാള്‍ വിയ്യൂര്‍ ജയിലില്‍ വിപുലമായി ആഘോഷിച്ചിരുന്നു. മന്ത്രി വി എസ് സുനില്‍കുമാര്‍, ജയില്‍ ഡിഐജി തുടങ്ങിയവര്‍ വരെ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. ജയിലിലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ചാവക്കാട് ട്രസ്റ്റ് ഓഫ് എജ്യൂക്കേഷനിലെ മതപണ്ഡിതരാണ് സാധാരണ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കാറുള്ളത്. 150ഓളം മുസ്‌ലിം തടവുകാര്‍ വിയ്യൂര്‍ ജയിലിലുണ്ടെന്നാണ് ഏകദേശ കണക്ക്. ആഘോഷദിവസങ്ങളില്‍ തടവുകാര്‍ക്ക് വീടുമായി ഫോണില്‍ ബന്ധപ്പെടാനുള്ള അവസരം ലഭിക്കാറുണ്ട്. എന്നാല്‍, പെരുന്നാള്‍ ദിവസം ഇതും നിഷേധിച്ചു. ഗുജറാത്ത് സബര്‍മതി ജയിലില്‍ നിന്നു പരോളില്‍ ഇവിടെയെത്തിയ പ്രതി ശിബിലിയെ മറ്റാര്‍ക്കുമില്ലാത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഏകാന്ത സെല്ലിലാണ് പാര്‍പ്പിച്ചത്. മറ്റുള്ളവരുമായി സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. ഈരാറ്റുപേട്ടയിലെ വീട്ടില്‍ ശസ്ത്രക്രിയ ചെയ്തുകിടക്കുന്ന മകളെ കാണാന്‍ വേണ്ടിയായിരുന്നു ശിബിലി പരോളിലെത്തിയത്. ചില സമുദായങ്ങളില്‍പ്പെട്ട തടവുകാരോട് ജയില്‍ ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനെയും മറ്റും സമീപിക്കാനുള്ള ഒരുക്കത്തിലാണ് തടവുകാര്‍. വിയ്യൂര്‍ ജയിലില്‍ ബലിപെരുന്നാള്‍ നമസ്‌കാരം മുടങ്ങിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആഭ്യന്തരവകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ജയില്‍ ഉദ്യോഗസ്ഥരോ തയ്യാറായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day