|    Nov 17 Sat, 2018 12:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിയോജിപ്പുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍; ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടില്‍

Published : 5th November 2018 | Posted By: kasim kzm

കെ പി റയീസ്

വടകര: സംസ്ഥാനത്തെ പൊതുനിരത്തിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിയോജിപ്പ് തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നു. പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് തടയുന്നതും രൂക്ഷമായ ഭാഷയില്‍ ഉദ്യോഗസ്ഥരോട് പെരുമാറുന്നതും ചിലയിടങ്ങളില്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ പോവുകയാണ്. ഇതോടെ, ഹൈക്കോടതിയുടെ ഉത്തരവിലൂടെ സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാവാതെ ഉദ്യോഗസ്ഥര്‍ കുഴയുകയും അച്ചടക്കനടപടി പോലുള്ളവയിലേക്കും നീങ്ങുകയും ചെയ്യും.
ഹൈക്കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടിയുമായി ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാ ബോര്‍ഡുകളും ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരും ഉത്തരവിറക്കി അതത് തദ്ദേശസ്ഥാന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഓക്ടോബര്‍ 23നായിരുന്നു പൊതുനിരത്തിലെ പരസ്യ ബോര്‍ഡുകള്‍, ഫഌക്‌സുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതാണ് ഏറെ തലവേദനയായി മാറിയിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകളിലടക്കമുള്ള പരസ്യപ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുമ്പോള്‍ പിറ്റേ ദിവസം തന്നെ ബോര്‍ഡുകള്‍ അതത് പാര്‍ട്ടിക്കാര്‍ അവിടെ തന്നെ സ്ഥാപിക്കുകയാണ്. ഇത് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് പാര്‍ട്ടിക്കാര്‍ പ്രതികരിക്കുന്നത്.
കൂടാതെ, ചില പരസ്യ ഏജന്റുമാരും ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിഞ്ഞതോടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാവുകയാണ്. മാത്രമല്ല, എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് തദ്ദേശസ്ഥാപന മേധാവി താഴെക്കിടയിലെ ഉദ്യോഗസ്ഥരോട് പറയുമ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സഹകരണമില്ലാതെ അവരുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മടികാണിക്കുകയാണ് ഇവര്‍.
ഉത്തരവില്‍ പറയുന്നത് പോലെ ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അനുവദിച്ച സമയം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss