|    Apr 21 Sat, 2018 3:43 am
FLASH NEWS
Home   >  Editpage  >  Editorial  >  

വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച വിധി

Published : 7th September 2016 | Posted By: SMR

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുന്നതും അപകീര്‍ത്തിക്കേസെടുക്കുന്നതും ശരിയായ നടപടിയല്ലെന്ന സുപ്രിംകോടതിയുടെ പരാമര്‍ശം അതര്‍ഹിക്കുന്ന ഗൗരവത്തോടെയാണ് ഭരണകൂടവും പൗരസമൂഹവും ഉള്‍ക്കൊള്ളേണ്ടത്. വാസ്തവം പറഞ്ഞാല്‍ ഇതൊരു പുതിയ തീര്‍പ്പൊന്നുമല്ല. 1962ല്‍ ബിഹാര്‍ സര്‍ക്കാരും കേദാര്‍സിങുമായുള്ള കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയ കാര്യങ്ങള്‍ക്ക് അടിവരയിടുക മാത്രമാണ് കോടതി ചെയ്തത്. കോടതി പറഞ്ഞിട്ടും ഭരണകൂടം നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നതാണ് സങ്കടകരം. അങ്ങനെയാണ് കൂടംകുളം ആണവനിലയത്തിനെതിരായി ഡോ. എസ് പി ഉദയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരായി രാജ്യദ്രോഹക്കുറ്റമാരോപിച്ച് കേസെടുത്തത്. അരുന്ധതി റോയി, ബിനായക് സെന്‍, കനയ്യകുമാര്‍, എസ് എ ആര്‍ ഗിലാനി തുടങ്ങിയ നിരവധിപേര്‍ക്കെതിരേ വിമതസ്വരങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് കേസെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഇര ആംനസ്റ്റി ഇന്റര്‍നാഷനലാണ്. 2014ല്‍ മാത്രം ഇത്തരം 47 കേസുകള്‍ ചുമത്തി. ഈ പ്രവണതയെ അര്‍ഥശങ്കയില്ലാതെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയാണ് സുപ്രിംകോടതി ചെയ്തിട്ടുള്ളത്.
സുപ്രിംകോടതി വിധി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന നീതീകരിക്കാനാവാത്ത ഒരു അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തെപ്പറ്റിയും പൗരസ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ നാം വാചാലരാവാറുണ്ട്. അതേസമയം, രാജ്യസ്‌നേഹത്തെ എക്കാലവും അതിവൈകാരികമായി നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതുമൂലം പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭസമരങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുക എളുപ്പമായിത്തീരുന്നു. ന്യായമായ സമരങ്ങളെ കരിനിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന് സാധിക്കുന്നു. മിസ, ടാഡ, യുഎപിഎ, മോക്ക, അഫ്‌സ്പ തുടങ്ങിയ പല പേരുകളിലും അവതരിക്കുന്ന ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചാണു വിയോജിപ്പുകളെ ഭരണകൂടം അടിച്ചമര്‍ത്തുന്നത്. രാജ്യദ്രോഹം എന്നു പറഞ്ഞ് കാടടക്കി വെടിവച്ചാല്‍ മതി, ജനം അടങ്ങിനിന്നുകൊള്ളും. മാധ്യമങ്ങള്‍ ഭരണകൂടഭാഷ്യങ്ങള്‍ ഏറ്റുവാങ്ങി പ്രചാരണങ്ങള്‍ നടത്തും. കോടതികള്‍പോലും ഇത്തരം വികാരതരംഗങ്ങളില്‍ പെട്ട് തെറ്റായ വിധിയെഴുത്തുകള്‍ നടത്താറുണ്ട് എന്നതാണു വസ്തുത. രാജ്യസ്‌നേഹമെന്ന വികാരത്തിന്റെ മറവില്‍ നടത്തുന്ന ഇത്തരം ദുരുപയോഗങ്ങള്‍ക്കെതിരേയാണ് സുപ്രിംകോടതി ശക്തമായി വിരല്‍ചൂണ്ടിയിട്ടുള്ളത്.
‘ശരിയോ തെറ്റോ ആവട്ടെ എന്റെ രാജ്യം’ എന്ന സമീപനമാണ് എതിര്‍ശബ്ദങ്ങളെ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുന്നതിനു പിന്നിലുള്ളത്. മതം, പ്രത്യയശാസ്ത്രം തുടങ്ങിയവയെയെല്ലാം ഭരണകൂടങ്ങള്‍ ദുരുപയോഗപ്പെടുത്താറുണ്ട്. ജനാധിപത്യവിരുദ്ധമായ സമ്പ്രദായമാണിത്. കുറേക്കൂടി സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ തെരുവുയോഗങ്ങള്‍ തടയുന്നതിനും ഫ്രീഡം പരേഡ് നിരോധിക്കുന്നതിനും ഹര്‍ത്താല്‍ നിയമവിരുദ്ധമാക്കുന്നതിനും പിന്നില്‍ എതിര്‍ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയുടെ സാന്നിധ്യം ദൃശ്യമാണ് എന്നു കാണാം. അതുകൊണ്ട് സുപ്രിംകോടതി വിധി വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ തുറന്ന പ്രഖ്യാപനമാണ് എന്നുതന്നെ പറയണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss