|    Oct 24 Wed, 2018 8:17 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വിമോചന സമരവും മുസ്‌ലിംലീഗും

Published : 6th September 2017 | Posted By: fsq

കേരളത്തിലെ ആദ്യ ജനകീയ മന്ത്രിസഭയെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടതിന്റെ 60ാം വാര്‍ഷികമാണ് വരാന്‍ പോകുന്നത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കരണം തുടങ്ങിയ മേഖലകളില്‍ സുപ്രധാനമായ നിരവധി നടപടികള്‍ മുന്നോട്ടുവച്ച 1957ലെ ഇ എം എസ് സര്‍ക്കാരിനെതിരേ സാമുദായിക ശക്തികളാണ് ആദ്യമായി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. തെക്കന്‍ കേരളത്തില്‍ പ്രബലമായിരുന്ന ക്രൈസ്തവ-നായര്‍ സമുദായ നേതൃത്വങ്ങളാണ് അന്നു ശക്തമായി സര്‍ക്കാരിനെതിരേ തിരിഞ്ഞത്. ഭൂപരിഷ്‌കരണ നടപടികള്‍ വഴി ജന്മിത്തത്തിന് അന്ത്യംകുറിക്കാനും മിച്ചഭൂമി ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്യാനുമുള്ള നീക്കങ്ങള്‍ കേരളത്തിലെ പ്രബലരായ സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരുന്നു. അതേപോലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്ന ഈ സമുദായങ്ങള്‍ മുണ്ടശ്ശേരിയുടെ പരിഷ്‌കരണ സംരംഭങ്ങളോട് കടുത്ത വിരോധമാണ് പ്രകടിപ്പിച്ചത്. ഈ കാരണങ്ങളാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും മാസത്തിനകം തന്നെ അതിനെതിരായി സാമുദായിക ശക്തികളുടെ പ്രതിരോധം ശക്തിപ്പെട്ടിരുന്നു. വിമോചന സമരത്തിന് അടിത്തറയും ശക്തിയും നല്‍കിയത് കത്തോലിക്കാ സഭാ നേതൃത്വവും മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയുമാണ് എന്നത് ചരിത്രവസ്തുതയാണ്. പ്രമുഖ അമേരിക്കന്‍ പണ്ഡിതനായ ടി ജെ നോസിറ്റര്‍ ‘കമ്മ്യൂണിസം ഇന്‍ കേരള’ എന്ന തന്റെ പഠനത്തില്‍ വിമോചന സമരത്തിലേക്കു നയിച്ച സാമൂഹിക-സാമ്പത്തിക ഘടകങ്ങളെ സംബന്ധിച്ചും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും പാര്‍ട്ടിയും എങ്ങനെയാണ് സമരത്തെ അടിച്ചമര്‍ത്താനായി സകല ശക്തിയും പ്രയോഗിച്ചതെന്നും വിവരിക്കുന്നുണ്ട്. കേരളം ഒന്നാകെ പ്രക്ഷോഭം അലയടിക്കുന്ന അവസ്ഥയിലെത്തി. പോലിസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി. ക്രൈസ്തവ സഭയുടെ പിന്തുണയോടെ ക്രിസ്റ്റഫര്‍ സേന എന്നൊരു വോളന്റിയര്‍ സംഘം തന്നെ തെക്കന്‍ കേരളത്തില്‍ രൂപം കൊണ്ടു. നോസിറ്റര്‍ പറയുന്നത് പുതിയ സര്‍ക്കാരിന്റെ രൂപീകരണം കഴിഞ്ഞ് ഏതാണ്ട് ആറു മാസത്തിനകം തന്നെ ക്രിസ്റ്റഫര്‍ സേനയുടെ ഘടകങ്ങള്‍ ചിലേടങ്ങളില്‍ രൂപീകരിക്കപ്പെടുകയുണ്ടായി എന്നാണ്. 1958 ഫെബ്രുവരിയോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ടുകള്‍ ദീപിക പോലുള്ള പത്രങ്ങളില്‍ വന്നുതുടങ്ങിയത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. എസ്എന്‍ഡിപി നേതാവായിരുന്ന ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി വിമോചന സമരത്തിനു ശക്തമായ പിന്തുണ നല്‍കാനാണ് തീരുമാനിച്ചത്. തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവേ ഉല്‍സാഹപൂര്‍വം ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരക്കുകയായിരുന്നു. അന്നു വിദ്യാര്‍ഥി നേതാക്കളായ എ കെ ആന്റണിയും വയലാര്‍ രവിയും വിദ്യാര്‍ഥികളുടെ യാത്രയിളവിനു വേണ്ടി ആരംഭിച്ച ആലപ്പുഴയിലെ ഒരണസമരത്തിന്റെ കാലം മുതല്‍ വിമോചനസമര നേതൃത്വവുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍, മലബാറില്‍ നിന്നുള്ള കെപിസിസി നേതാക്കളില്‍ പലരും ജനാധിപത്യപരമായി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തോട് വൈമുഖ്യമുള്ളവരായിരുന്നു. അതിനൊരു കാരണം തിരുകൊച്ചിയില്‍ നിന്നു വ്യത്യസ്തമായി മലബാറില്‍ കോണ്‍ഗ്രസ് കുറേക്കൂടി ജനകീയമായ പാരമ്പര്യങ്ങളും പ്രവര്‍ത്തനരീതിയും നിലനിര്‍ത്തിയിരുന്നു എന്നതാണ്. കേരളത്തില്‍ ജന്മിത്വത്തിന്റെ കരാളതയും രൂക്ഷതയും ഏറ്റവും കടുത്ത മട്ടില്‍ അനുഭവിച്ച പ്രദേശവും മലബാര്‍ തന്നെയായിരുന്നു. 1916ല്‍ മലബാറില്‍ ജന്മിത്വത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല കുടിയാന്‍ സംഘത്തിന്റെ സമ്മേളനത്തില്‍ പ്രമേയം പാസാക്കിയത് അനുസ്മരണീയമാണ്. അതിനു ശേഷം 1920കളുടെ ആദ്യത്തില്‍ മഞ്ചേരിയിലും ഒറ്റപ്പാലത്തും നടന്ന കെപിസിസിയുടെ സമ്മേളനങ്ങളിലും കുടിയാന്‍ പ്രശ്‌നം വളരെ സജീവമായ രാഷ്ട്രീയ വിഷയമായി ഉയര്‍ന്നുവരുകയുണ്ടായി. ഒറ്റപ്പാലം കോണ്‍ഫറന്‍സിനെ സംബന്ധിച്ച ഒരു ഓര്‍മക്കുറിപ്പില്‍ ഏറനാട്ടു നിന്നു മാപ്പിള കര്‍ഷകര്‍ തങ്ങളുടെ പണിയായുധങ്ങളും തോളിലേറ്റി സമ്മേളന നഗരിയിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിയതിനെ സംബന്ധിച്ച് അനുസ്മരിക്കുന്നുണ്ട്. മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും അടിത്തറയായി വര്‍ത്തിച്ചത് ജന്മിത്വത്തിന്റെ ഇരയായ കുടിയാന്‍മാരും വെറുമ്പാട്ടക്കാരായ കര്‍ഷകരുമായിരുന്നു. അവരാണ് ദേശീയ പ്രസ്ഥാനത്തിന് ഈ പ്രദേശത്ത് കരുത്തു പകര്‍ന്നത്. അവരാണ് പ്രക്ഷോഭരംഗത്ത് അടിയുറച്ചുനിന്നത്. അവരില്‍ നിന്നാണ് പില്‍ക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും 1939ല്‍ ഇഎംഎസും കൃഷ്ണപിള്ളയും നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉയര്‍ന്നുവന്നത്. അതിനാല്‍, കെപിസിസിയിലെ മലബാര്‍ നേതൃത്വത്തിനു പോലും ഇഎംഎസ് സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ക്കെതിരേ പരസ്യമായ പ്രക്ഷോഭം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രത്യക്ഷസമര പരിപാടികളില്‍ നേരിട്ടു പങ്കെടുക്കുന്നതില്‍ പല നേതാക്കളും എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മലബാറിലെ ശക്തരായ കോണ്‍ഗ്രസ് നേതാക്കളായ സി കെ ഗോവിന്ദന്‍ നായര്‍, കോഴിപ്പുറത്ത് മാധവ മേനോന്‍ തുടങ്ങിയവര്‍ ഈ നിലപാടുകാരായിരുന്നു. കെപിസിസി യോഗത്തില്‍ അധ്യക്ഷന്‍ ആര്‍ ശങ്കര്‍ ”എല്ലാ കോണ്‍ഗ്രസ്സുകാരും സമരത്തില്‍ പങ്കെടുക്കുക” എന്ന ആഹ്വാനം നല്‍കിയപ്പോള്‍ എ വി കുട്ടിമാളു അമ്മ ശങ്കറിനോട് പറഞ്ഞു: ”ഞാനൊന്ന് ഇന്ദിരയോട്- എഐസിസി അധ്യക്ഷ ഇന്ദിരാഗാന്ധി- ചോദിക്കട്ടേ?” എന്നാല്‍, ശങ്കര്‍ പറഞ്ഞത് ”ഞാനാണ് കെപിസിസി പ്രസിഡന്റ്. ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതി” എന്നായിരുന്നുവെന്ന് കുട്ടിമാളു അമ്മ അവരുടെ ഓര്‍മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. എന്നാല്‍, ഏറ്റവും അദ്ഭുതകരമായ സംഗതി അന്നു മലബാറില്‍ മാത്രം വേരോട്ടമുണ്ടായിരുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് വിമോചന സമരത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം അണിചേരാന്‍ തീരുമാനിച്ചതാണ്. 1959 ജൂണ്‍ 21ന് കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമോചന സമരത്തില്‍ പങ്കുചേരാന്‍ ലീഗ് ഔപചാരികമായി തീരുമാനിച്ചത്. പാര്‍ട്ടി പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളാണ് ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. ജൂണ്‍ 29 മുതല്‍ നടന്ന കലക്ടറേറ്റ് പിക്കറ്റിങിലും മറ്റു സമരപരിപാടികളിലും പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് 1959 ജൂലൈ 31നു ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. മലബാറിലെ ജന്മിത്വവിരുദ്ധ രാഷ്ട്രീയ പശ്ചാത്തലവും ഏറനാട്ടിലും മറ്റും മുസ്‌ലിം കുടിയാന്‍മാരും വെറുമ്പാട്ടക്കാരും ജന്മിത്വത്തിനെതിരേ നടത്തിയ ദീര്‍ഘമായ പ്രക്ഷോഭത്തിന്റെ ചരിത്രവും അനുസ്മരിക്കുമ്പോള്‍ മുസ്‌ലിംലീഗിന്റെ അന്നത്തെ തീരുമാനത്തിനു പിന്നിലുള്ള യുക്തി ഒരിക്കലും തിരിച്ചറിയാനാവുന്നതല്ല. വിമോചന സമരത്തെ തുടര്‍ന്ന് കേരളത്തിലെ ക്രമസമാധാനനില തകര്‍ത്തതും സമാധാനപരമായ സാമൂഹിക ജീവിതം അസാധ്യമായതുമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ പരസ്യമായ നിലപാട് എടുക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചത് എന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, തിരുകൊച്ചിയില്‍ നിന്നു വ്യത്യസ്തമായി മലബാറില്‍ അങ്ങനെ കലാപകലുഷിതമായ അന്തരീക്ഷമൊന്നും അന്നു നിലനില്‍ക്കുകയുണ്ടായില്ല. മാത്രമല്ല, സമരത്തിന്റെ ആരംഭകാലത്ത് തിരുകൊച്ചിയില്‍ ഉണ്ടായ ഏറ്റുമുട്ടലുകളിലും പോലിസ് നടപടികളിലും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തീവ്രനിലപാടുകള്‍ മാത്രമല്ല കാരണമായത്. ക്രിസ്റ്റഫര്‍ സേന പോലുള്ള അര്‍ധസൈനിക സാമുദായിക പ്രസ്ഥാനങ്ങള്‍ അങ്ങേയറ്റം തീവ്രവും കലാപകലുഷിതവുമായ അന്തരീക്ഷമാണ് അന്ന് അഴിച്ചുവിട്ടത്. ഇത്തരം കാര്യങ്ങളില്‍ മുസ്‌ലിംലീഗ് നേതൃത്വത്തിനു തന്നെ അതൃപ്തിയുണ്ടായിരുന്നുതാനും. ഉദാഹരണത്തിന്, ഇഎംഎസ് ഭരണത്തെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍വോദയ നേതാവ് കെ കേളപ്പന്‍ തിരുനാവായയില്‍ മരണം വരെ നിരാഹാരം പ്രഖ്യാപിക്കുകയുണ്ടായി. ദേശീയ നേതാവായ കേളപ്പന്റെ നിരാഹാരവ്രതം അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ കഠിന ശ്രമം നടത്തി. ആഭ്യന്തരമന്ത്രി വി ആര്‍ കൃഷ്ണയ്യര്‍ അതിനായി വിവിധ കക്ഷിനേതാക്കളുടെ യോഗം തിരുനാവായയില്‍ വിളിച്ചുകൂട്ടി. ആ യോഗത്തില്‍ ലീഗ് പ്രസിഡന്റ് ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറി കെ എം സീതി സാഹിബും പങ്കെടുത്തിരുന്നു. ഇഎംഎസ് രാജിവച്ചാലല്ലാതെ ഉപവാസം അവസാനിപ്പിക്കില്ലെന്നു കേളപ്പന്‍ ശാഠ്യം പിടിച്ചപ്പോള്‍ ബാഫഖി തങ്ങള്‍ ലീഗ് നിലപാട് ഇങ്ങനെയാണ് വ്യക്തമാക്കിയത്: ”കമ്മ്യൂണിസ്റ്റുകാര്‍ വെറുതെ അധികാരത്തില്‍ കയറിക്കൂടിയവരല്ല, ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചതാണ്. ഭൂരിപക്ഷം നേരിയതായിരിക്കാം. എന്നാലും ഭൂരിപക്ഷമുണ്ടല്ലോ. അതില്ലാതാക്കാന്‍ ജനകീയ രീതിയില്‍ ശ്രമിക്കുകയല്ലാതെ നിരാഹാര ഭീഷണി മുഴക്കി ഒരു മന്ത്രിസഭ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ജനാധിപത്യത്തിനു നിരക്കില്ല…” മലബാറില്‍ നടന്ന ദീര്‍ഘമായ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ ഏറ്റവും സജീവമായ പങ്കാളിത്തം വഹിച്ച സമുദായമാണ് മുസ്‌ലിംകള്‍. ഏറനാട്ടിലാണ് ഈ പ്രക്ഷോഭം അതിന്റെ പാരമ്യത്തിലെത്തിയത്. 1921ല്‍ മലബാര്‍ കലാപത്തിലേക്കു നയിച്ചത് ജന്‍മിത്വത്തിനെതിരായ മാപ്പിള ജനതയുടെ ആത്മരോഷമാണ് എന്നും, ജന്‍മിത്വത്തിനും അതിനു പിന്തുണ നല്‍കിയ സാമ്രാജ്യത്വ ഭരണകൂടത്തിനും എതിരായാണ് അന്നു കലാപം പൊട്ടിപ്പുറപ്പെട്ടതെന്നും വിശദീകരിച്ച സൈദ്ധാന്തികനായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗിന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ അടിത്തറയായി മാറിയ ഏറനാട്ടിലെ ഈ ജനതയുടെ പ്രക്ഷോഭങ്ങള്‍ക്ക് സജീവമായ പിന്തുണ നല്‍കിയ കൂട്ടരാണ് ഇഎംഎസ് അടക്കമുള്ള അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. ‘മലബാര്‍ കലാപം: ആഹ്വാനവും താക്കീതും’ എന്ന ഇഎംഎസിന്റെ ലഘുലേഖ അക്കാലത്ത് മലബാറില്‍ എമ്പാടും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയുണ്ടായി. സ്വാതന്ത്ര്യത്തിനു ശേഷവും കൊളോണിയല്‍ ഭരണകൂടത്തിന്റെ പല മുസ്‌ലിംവിരുദ്ധ നിലപാടുകളും നിലനില്‍ക്കുകയുണ്ടായി. മലബാറില്‍ മാപ്പിളമാരുടെ കലാപങ്ങള്‍ ശക്തമായി വന്ന 19ാം നൂറ്റാണ്ടില്‍ മലബാര്‍ കലക്ടര്‍ എച്ച് വി കൊണോളിയുടെ നേതൃത്വത്തില്‍ അവരെ അടിച്ചമര്‍ത്താന്‍ പല നടപടികളും സ്വീകരിച്ചിരുന്നു. ‘മാപ്പിള വാര്‍നൈഫ്‌സ് ആക്ട്-1854’ അത്തരത്തിലൊരു നിയമമാണ്. മലബാറിലെ മാപ്പിളമാര്‍ പാരമ്പര്യമായി കൊണ്ടുനടന്നിരുന്ന കത്തി നിയമവിരുദ്ധമാക്കിയ നടപടിയാണിത്. അതേപോലെ മുസ്‌ലിംകള്‍ക്ക് ദേവാലയങ്ങള്‍ പണിയുന്നതിനു കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളും ബ്രിട്ടിഷ് ഭരണകൂടം കൊണ്ടുവന്നിരുന്നു. അത്തരം വിലക്കുകളും നിയന്ത്രണങ്ങളും എടുത്തുകളയുന്നതിനു നടപടികള്‍ സ്വീകരിച്ചത് 1957ലും പിന്നീട് 1967ലും ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളാണ്. 1967ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കകത്ത് സിപിഐയും ലീഗും അടങ്ങുന്ന കുറുമുന്നണി രൂപംകൊണ്ട വേളയിലാണ് മലപ്പുറം ജില്ലാ രൂപീകരണത്തിനുള്ള തീരുമാനം ഇഎംഎസ് പ്രഖ്യാപിച്ചത്. അതേ മന്ത്രിസഭ തന്നെയാണ് മലപ്പുറം ജില്ല ആസ്ഥാനമാക്കി കാലിക്കറ്റ് സര്‍വകലാശാലയുടെ രൂപീകരണത്തിനും തയ്യാറായത്. മലബാറിലെ പിന്നാക്കപ്രദേശങ്ങളുടെ വിദ്യാഭ്യാസപരമായ ഉണര്‍വിന് ഏറ്റവും വലിയ ഉത്തേജനം നല്‍കിയത് ഈ സര്‍വകലാശാലയാണ്. വിദ്യാഭ്യാസപരമായി മലബാറില്‍ ഏറ്റവും പിന്നാക്കം നിന്ന പ്രദേശങ്ങളില്‍ ഹൈസ്‌കൂളുകള്‍ സ്ഥാപിച്ചതും 1957 മന്ത്രിസഭയുടെ കാലത്താണ് എന്നു കാണാന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്‌കരണ-വിദ്യാഭ്യാസ പരിഷ്‌കരണ നടപടികള്‍ ഏറ്റവും പ്രയോജനം ചെയ്തത് ഈ രണ്ടു മേഖലകളിലും അങ്ങേയറ്റം പിന്നാക്കം നിന്ന മുസ്‌ലിം ജനസാമാന്യത്തിനാണ്. മലബാര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഈ നടപടികള്‍ വലിയ ആശ്വാസവും നേട്ടവുമാണ് കൊണ്ടുവന്നത്. തിരുവിതാംകൂറില്‍ ക്രൈസ്തവ-നായര്‍ സമുദായ നേതൃത്വങ്ങള്‍ക്ക് ഭരണപരിഷ്‌കാരങ്ങളോട് കടുത്ത വിയോജിപ്പ് ഉണ്ടാവുന്നത് മനസ്സിലാക്കാന്‍ സാധിക്കും. കാരണം, അവരുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നയങ്ങളാണ് അന്നത്തെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. കേരളത്തിലെ അന്നത്തെ സാമൂഹികാവസ്ഥയില്‍ ഈ രണ്ടു സമുദായ നേതൃത്വങ്ങളും മുസ്‌ലിംകളോട് എങ്ങനെയാണ് പെരുമാറിവന്നത് എന്ന കാര്യവും ചിന്തനീയമാണ്. ‘ലീഗ് ചത്ത കുതിരയാണ്’ എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുകളും ലീഗും സഹകരിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും 1960ല്‍ മന്ത്രിസഭാ രൂപീകരണ നീക്കങ്ങള്‍ തടയുകയായിരുന്നു. ലീഗുമായി അധികാര പങ്കാളിത്തം സാധ്യമല്ലെന്ന കോണ്‍ഗ്രസ് നിലപാടാണ് അന്നു സര്‍ക്കാര്‍ രൂപീകരണത്തിനു തടസ്സമായി നിന്നത്. പിന്നീട് 1967ല്‍ ലീഗ് ആദ്യമായി കേരള മന്ത്രിസഭയില്‍ അംഗമായി. അതിനു കാരണക്കാരനായത് ഇഎംഎസ് തന്നെ. അദ്ദേഹമാണ് ലീഗുമായി കൂട്ടുകെട്ടുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും അവരുമായി അധികാരം പങ്കിടാനും തയ്യാറായത്. പക്ഷേ, രണ്ടു വര്‍ഷത്തിനകം ലീഗും സിപിഐയും കൈകോര്‍ത്ത് ആ മന്ത്രിസഭയെ മറിച്ചിടുകയും 1970 മുതല്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്ന് ഭരണാധികാരം നിലനിര്‍ത്തുകയുമാണ് ചെയ്തത്. 1957 മുതലുള്ള ലീഗ്-കമ്മ്യൂണിസ്റ്റ് ബന്ധങ്ങളുടെ ഈ സവിശേഷതകള്‍ ഇന്നു പ്രത്യേക പഠനം അര്‍ഹിക്കുന്ന വിഷയമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭീഷണി നേരിടുന്ന വേളയില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ സഹയാത്രികരാണ് എന്ന ബോധം മുസ്‌ലിം ജനസാമാന്യത്തില്‍ വ്യാപിക്കുന്നുണ്ട്. എന്നാല്‍, മുസ്‌ലിംകളുടെ ഇടയില്‍ പൂര്‍ണമായ ആധിപത്യം ഉണ്ടായിരുന്ന മുസ്‌ലിംലീഗ് കേരള രാഷ്ട്രീയത്തിലെ ആദ്യ മന്ത്രിസഭയുടെ കാലം മുതലേ സ്വീകരിച്ച അവസരവാദപരമായ നിലപാടുകള്‍ ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിനു വിഘാതമാവുന്ന ഘടകമായി നിലനില്‍ക്കുമെന്നു തീര്‍ച്ചയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss