|    Dec 14 Fri, 2018 8:21 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വിമോചന സമരത്തിന്റെ അലയൊലി

Published : 10th October 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരേ ഹിന്ദുമതവിശ്വാസികളുടെ വിശാല സമരമുന്നണി രൂപപ്പെടുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ആയുധമാക്കി വിശ്വാസത്തിന്റെയും ക്ഷേത്രാചാരത്തിന്റെയും പേരിലാണ് സര്‍ക്കാര്‍ വിരുദ്ധ ജനമുന്നേറ്റത്തിനു രൂപം നല്‍കുന്നത്.
ഇതിനകം പന്തളത്തും പമ്പയിലും തിരുവനന്തപുരത്തും വന്‍ സ്ത്രീപങ്കാളിത്തത്തോടെ നടന്ന ഭക്തസംഗമത്തോടെ ഉന്നത നീതിപീഠത്തിന്റെ വിധിക്കെതിരായ വെല്ലുവിളിക്ക് നാന്ദികുറിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് പ്രാദേശികമായ എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള കൂട്ടായ്മ, ശബരിമല വിശ്വാസികളെന്ന നിലയില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുക, സാര്‍വദേശീയതലത്തില്‍ തന്നെ ഹിന്ദുക്കളുടെ പിന്തുണ ഏകോപിപ്പിക്കുക, ‘ഇന്ത്യയില്‍ ഹിന്ദുയിസം അവസാനിപ്പിക്കുന്നതിന്റെ തുടക്കമായ സുപ്രിംകോടതി വിധി’ അടിയന്തരമായി ഇടപെട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിനു നിവേദനങ്ങള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ പരസ്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുക- ഇങ്ങനെ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
വിഷയം ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധിയാണെങ്കിലും വിശ്വാസികളുടെ പ്രക്ഷോഭത്തിന്റെ കുന്തമുന കേരളത്തിലെ ഇടതു സര്‍ക്കാരിനു നേരെയാണ് കേന്ദ്രീകരിക്കുന്നത്. രാഷ്ട്രപതിക്ക് വിശ്വാസികളെക്കൊണ്ട് അയപ്പിക്കുന്ന നിവേദനത്തില്‍ പറയുന്നത് നോക്കുക: ”കേരളത്തിലെ നിലവിലുള്ള സര്‍ക്കാരിലും അതിന്റെ ഭരണശേഷിയിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.” ഏതോ ബുദ്ധികേന്ദ്രം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അജണ്ട മാറ്റിത്തീര്‍ക്കാന്‍ നിഗൂഢ ഇടപെടല്‍ നടത്തിയെന്നു വ്യക്തം.
സുപ്രിംകോടതി വിധിയെപ്പറ്റി ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആദ്യം എടുത്ത നിലപാട് പെട്ടെന്നു മാറ്റുകയും ഈ പ്രതിഷേധ-പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലേക്കു ചുവടുമാറ്റുകയും ചെയ്തു. ആര്‍എസ്എസ് വിധിയെ ആദ്യം സ്വാഗതം ചെയ്തിരുന്നു. വിവിധ അഭിപ്രായഗതികളെ സമന്വയിപ്പിക്കുന്നതിനു ബോധവല്‍ക്കരണം നടത്തണമെന്നും ആധ്യാത്മിക ആചാര്യന്‍മാരുടെയും സാമുദായിക നേതാക്കളുടെയും സംയുക്ത പരിശ്രമം അതിന് ഉണ്ടാകണമെന്നുമായിരുന്നു നിലപാട്. ശബരിമല വിധി സംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജെപി മുഖപത്രത്തില്‍ ലേഖനവുമെഴുതി. എന്നാല്‍, ആ നിലപാട് പെട്ടെന്ന് ഉപേക്ഷിച്ചു. അതിന്റെ ചുവടൊപ്പിച്ച് ആദ്യം സംസാരിച്ച ബിജെപി നേതാക്കള്‍, വിശ്വാസികളുടെ സമരത്തിന്റെ നെടുംതൂണായി ബിജെപി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് ആകട്ടെ ഉപവാസത്തിന്റെ മറ്റൊരു സമരമുഖം തുറക്കാന്‍ തീരുമാനിച്ചു. ചരിത്രം അതുപോലെ ആവര്‍ത്തിക്കില്ലെങ്കിലും പഴയ വിമോചന സമരത്തെ അനുസ്മരിപ്പിക്കുന്ന പുതിയൊരു രാഷ്ട്രീയ സമരമുഖമാണ് കേരളത്തില്‍ പ്രകടമാകുന്നത്. പന്തളം രാജാവും, സ്വതന്ത്ര ഇന്ത്യയില്‍ 1947ല്‍ ലയിച്ചതോടെ ക്ഷേത്രഭരണം കരാറിലൂടെ സംസ്ഥാന സര്‍ക്കാരിനും അതുവഴി ദേവസ്വം ബോര്‍ഡിനും കൈമാറിയ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പിന്തുടര്‍ച്ചാവകാശിയും തന്ത്രി കുടുംബാംഗങ്ങളില്‍ ചിലരും അങ്ങനെ അഭിനയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയക്കണ്ണുള്ളവരും വിശ്വാസികളുടെ പ്രക്ഷോഭത്തിനു മുന്നിലുണ്ട്.
വീണുകിട്ടിയ ഈ അവസരം ദേശീയ രാഷ്ട്രീയാവസ്ഥയില്‍ കേരളം കേന്ദ്രീകരിച്ച് പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ആര്‍എസ്എസ്-ബിജെപി-സംഘപരിവാരത്തിനെതിരായ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ കേരളത്തില്‍ പെട്ടെന്ന് ദുര്‍ബലപ്പെടുകയാണ്. കോണ്‍ഗ്രസ് കൂടി സ്വന്തം നിലയില്‍ ആരംഭിക്കുന്ന ഉപവാസ സമരം ഹിന്ദുത്വശക്തികളുടെ സമരപാളയത്തിലേക്കുള്ള ഒരു പാലമായി മാറും.
അതിലൂടെ വിശ്വാസികള്‍ കോണ്‍ഗ്രസ്സിലേക്കോ യുഡിഎഫിലേക്കോ ഒഴുകിയെത്തുമെന്നത് വ്യാമോഹം മാത്രം. ഐക്യദാര്‍ഢ്യം കാട്ടി അവരുടെ ഒപ്പമുള്ളവര്‍ എത്തിച്ചേരുക വിശ്വാസികളുടെ പാളയത്തിലേക്കെന്ന നിലയില്‍ ഹിന്ദുത്വശക്തികളുടെ പാളയത്തിലായിരിക്കും. കേവലം ഹിന്ദുമതവിശ്വാസികളെ മാത്രമല്ല, മറ്റു മതവിശ്വാസികളെ കൂടി ആ പാളയത്തിലേക്ക് അടുപ്പിക്കുന്നതിനും സമാന്തര സമരം സഹായകമാകും.
ആചാരം ആവശ്യമാണോ അല്ലേ എന്നതല്ല പ്രശ്‌നം. അത് നമ്മുടെ ഭരണഘടന അംഗീകരിക്കുന്നതാണോ എന്നതുതന്നെയാണ്. സ്ത്രീപ്രവേശം തടയണമെന്ന ഹരജിക്കാരുടെ വാദത്തിനിടെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയതു തന്നെയാണ് വിഷയത്തിന്റെ മര്‍മം. വിശ്വാസത്തിനും ആചാരങ്ങള്‍ക്കും എതിരേയല്ല സുപ്രിംകോടതി വിധി. കേരള ഹൈക്കോടതി ഒരു വിഭാഗം സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചുകൂടെന്നു വിധിച്ചതിനെതിരേ, സ്ത്രീകള്‍ക്കു തുല്യത നിഷേധിച്ചുകൂടെന്ന ഭരണഘടനയിലെ മൗലിക വ്യവസ്ഥ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉയര്‍ത്തിപ്പിടിച്ചു എന്നതാണ്.
അതുകൊണ്ടുതന്നെ ആര്‍എസ്എസ് തൊട്ടുള്ളവര്‍ ഇപ്പോള്‍ വിധിക്കെതിരേ ശരണംവിളി സമരത്തിലേക്ക് തിരിച്ചുപോയതില്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയ അജണ്ടകള്‍ മാത്രമാണുള്ളത്. ഇത് തുറന്നുകാട്ടുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പരാജയപ്പെട്ടു.
ഈറ്റെടുക്കാന്‍ പോയവള്‍ ഇരട്ട പെറ്റു എന്ന പഴമൊഴി പോലെയായി സംസ്ഥാന സര്‍ക്കാരിന്റെ നില. വിശേഷിച്ച്, മുഖ്യമന്ത്രിയുടെയും സിപിഎമ്മുകാരനായ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെയും ഇടപെടലുകള്‍. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും മുഖ്യമന്ത്രി പിണറായി വിജയനും വിലയ്ക്കു വാങ്ങിയ വിധിയാണ് സുപ്രിംകോടതിയുടേത് എന്നു രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ ചാനലില്‍ ഇരുന്ന് പ്രതികരിച്ചിരുന്നു. ഈ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കെതിരേ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ കഴിയാതെപോയി.
1990 സപ്തംബറില്‍ കേരള ഹൈക്കോടതി ജഡ്ജി എസ് പരിപൂര്‍ണന് ശബരിമലയില്‍ നടന്ന ഒരു ചോറൂണുമായി ബന്ധപ്പെട്ട് പരാതിക്കത്തു കിട്ടി. അത് ഭരണഘടനയുടെ 226ാം വകുപ്പു പ്രകാരം പരാതിയാക്കി ജസ്റ്റിസുമാരായ കെ ബി മാരാരും പരിപൂര്‍ണനും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് സ്വയം പൊതുതാല്‍പര്യ ഹരജി എന്ന നിലയില്‍ മാറ്റി. അതില്‍ നിന്നാണ് സ്ത്രീകളുടെ തുല്യത ലംഘിക്കുന്ന ഹൈക്കോടതിവിധി ഉണ്ടായത്. അത് തിരുത്തുകയാണ് ഇപ്പോള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ചെയ്തത്. അതുകൊണ്ടാണ് സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ദൈവശാസ്ത്രപരമായ മേലങ്കി അണിയേണ്ടിവന്നത് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തന്നെ വിശദീകരിച്ചത്.
വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചത് അബദ്ധമായി. മുഖ്യമന്ത്രിയെ കണ്ട് ഇറങ്ങിയ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാര്‍ റിവ്യൂ ഹരജി നല്‍കുമെന്നും തന്റെ വീട്ടിലുള്ള സ്ത്രീകളാരും വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ പോകില്ലെന്നും പ്രസ്താവിച്ചത് കാത്തിരുന്നവര്‍ മുതലെടുത്തു. അടുത്ത ദിവസം മുഖ്യമന്ത്രി അതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചത് വിഷയം കൂടുതല്‍ വഷളാക്കി. ശാസിക്കാനും തന്റെ തെറ്റു തിരുത്തിക്കാനും മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രതികരിക്കുക കൂടി ചെയ്തതോടെ, ഇതെല്ലാം വിശ്വാസികള്‍ക്കെതിരേ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഗവണ്‍മെന്റും നടത്തുന്ന കടന്നാക്രമണമാക്കി വ്യാഖ്യാനിക്കാന്‍ എളുപ്പമായി.
നിയമം അതിന്റെ വഴിക്കു പോകുമെന്നു സാധാരണ പറയാറുള്ള പിണറായി വിജയന്‍ ഭരണഘടനാ അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ തലയിടേണ്ട കാര്യമുണ്ടായിരുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയാണെന്നും തന്റെ പാര്‍ട്ടി ബോസ് അല്ലെന്നും, താന്‍ ഇരിക്കുന്ന ദേവസ്വം ബോര്‍ഡ് അധ്യക്ഷപദവിയുടെ ഔന്നത്യം എന്തെന്നും പത്മകുമാറും ഓര്‍ക്കേണ്ടതായിരുന്നു. ഇത് മനസ്സിലാകണമെങ്കില്‍ പത്മകുമാര്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതിയില്‍ നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന ശബരിമല കേസില്‍ ജസ്റ്റിസ് പരിപൂര്‍ണന്റെയും ബാലകൃഷ്ണ മാരാരുടെയും ബെഞ്ചിനു മുമ്പില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രാക്കുളം ഭാസിയും ദേവസ്വം കമ്മീഷണര്‍ ചന്ദ്രികയും എടുത്ത നിലപാടുകളും വാദമുഖങ്ങളും ഇനിയെങ്കിലും പഠിക്കണം.
പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പന്റെ സന്നിധിയില്‍ പോകാറില്ലെന്ന വാദമാണ് ജസ്റ്റിസ് പരിപൂര്‍ണന്‍-മാരാര്‍ വിധിയിലും സുപ്രിംകോടതിയില്‍ വിശ്വാസികളുടെ പേരില്‍ നടന്ന വാദങ്ങളിലും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. അതുതന്നെയാണ് ശബരിമല വിശ്വാസികളുടെ പേരില്‍ വിധിയെത്തുടര്‍ന്ന് വ്യാപകമായും സംഘടിതമായും പ്രചരിപ്പിക്കുന്നത്.
നേരത്തേ മുതല്‍ എല്ലാ മാസങ്ങളിലെയും ആദ്യ അഞ്ചു ദിവസങ്ങളില്‍ പൂജയ്ക്ക് എല്ലാ പ്രായത്തിലും പെട്ട സ്ത്രീകള്‍ പങ്കെടുത്തിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് തെളിവു നല്‍കിയിരുന്നു. ശബരിമലയിലെ ചോറൂണുകള്‍ക്കും പ്രായഭേദമെന്യേ സ്ത്രീകള്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നെന്നും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഉപദേഷ്ടാവും ശബരിമല ഭക്തനുമായ ടി കെ എ നായര്‍ തന്റെ ചോറൂണിനു ക്ഷേത്രസന്നിധിയില്‍ അമ്മ കൂടി പങ്കെടുത്തിരുന്നുവെന്ന് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ സുപ്രിംകോടതി വിധിയെ എതിര്‍ക്കുന്ന മുന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി 44ാം വയസ്സില്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുമൊത്ത് സന്നിധാനത്തു ചെന്നത് കേരള ഹൈക്കോടതിയുടെ വിധിയില്‍ തന്നെ ഉദ്ധരിക്കുന്നുണ്ട്.
സതി നിരോധിച്ചപ്പോഴും കേരളത്തില്‍ തന്നെ മുലക്കരം എടുത്തുകളഞ്ഞപ്പോഴും അവര്‍ണര്‍ക്കുള്ള ക്ഷേത്രപ്രവേശം സമരങ്ങളിലൂടെ നടപ്പാക്കിയപ്പോഴും മാറ്റങ്ങള്‍ക്കൊപ്പം സമൂഹം മുന്നേറുകയായിരുന്നു. അത്രയേ ശബരിമല വിധിയിലും സംഭവിച്ചിട്ടുള്ളൂ.
മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ അതിജീവനത്തിനു വേണ്ടി മുഖ്യമന്ത്രിക്കും സംസ്ഥാന ഗവണ്‍മെന്റിനും പിന്നില്‍ ജനങ്ങളാകെ നീങ്ങിയത് ദേശീയ-സാര്‍വദേശീയതലത്തില്‍ അദ്ഭുതാദരവ് സൃഷ്ടിച്ചിരുന്നു. ജാതി-മത-രാഷ്ട്രീയഭിന്നതകള്‍ക്കപ്പുറം മനുഷ്യരെന്ന നിലയില്‍ നമുക്ക് എങ്ങനെ ഒന്നിക്കാനും മുന്നോട്ടുപോകാനും കഴിയുമെന്ന പാഠം നാം ഉള്‍ക്കൊണ്ടിരുന്നു. വളരെ പെട്ടെന്ന് ആ അസാധാരണ കൂട്ടായ്മ അട്ടിമറിക്കാനും കപടവും വിഭാഗീയവുമായ രാഷ്ട്രീയ അജണ്ടകള്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ പകരംവയ്ക്കാനുമുള്ള ആരുടെയൊക്കെയോ രാഷ്ട്രീയ അജണ്ടകള്‍ ലക്ഷ്യം കണ്ടിരിക്കുന്നു.
സുപ്രിംകോടതി വിധിക്കെതിരേ പുനര്‍വിചാരണാ ഹരജി കൊടുത്തവര്‍ ആ മാര്‍ഗം സ്വീകരിക്കട്ടെ. ചരിത്ര വസ്തുതകള്‍ പഠിച്ച് ദേവസ്വം ബോര്‍ഡ് ചാഞ്ചാടാതെ ഉറച്ചുനില്‍ക്കട്ടെ. സുപ്രിംകോടതിവിധി രാഷ്ട്രപതിയെക്കൊണ്ട് അസാധുവാക്കാന്‍ കഴിയുമെന്നു മോഹിക്കുന്നവര്‍ അതു ചെയ്യട്ടെ. നിലവിലുള്ളത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത നീതിപീഠത്തിന്റെ അന്തിമ വിധിയാണ്. അത് നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന ഗവണ്മെന്റിന്റേതാണ്. അത് സര്‍ക്കാര്‍ നിര്‍വഹിക്കണം.
ആ ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ആവശ്യമായ പരമാവധി ജനപിന്തുണ ഉറപ്പാക്കാന്‍ ആവശ്യമായ വിശാല വീക്ഷണവും സമീപനവും മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവണം. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന എല്ലാ വിഭാഗക്കാരുടെയും ഗവണ്‍മെന്റാണ് അധികാരത്തിലുള്ളത് എന്നു ബോധ്യപ്പെടുത്താനുള്ള പ്രായോഗിക സമീപനവും അതിന് ആവശ്യമായ തിരുത്തലുകളും മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകണം.
ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ സിപിഎമ്മിനും ഇടതു മുന്നണിക്കും കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. വിദേശത്തു പോലും ആരംഭിക്കാന്‍ പോകുന്ന ഈ രാഷ്ട്രീയ നീക്കം കേരളത്തെ കലാപഭൂമിയാക്കും. ഭരണഘടനയ്ക്കും സുപ്രിംകോടതിക്കും നമ്മുടെ ജനാധിപത്യത്തിലുള്ള നിര്‍ണായക ഔന്നത്യവും സ്ത്രീകളുടെ തുല്യതയെന്ന ഭരണഘടനാ നിര്‍ണയവും സാമൂഹിക മുന്നേറ്റവുമാണ് രാഷ്ട്രീയനേട്ടം വച്ച് സമരനേതൃത്വത്തിലേക്ക് മത്സരിച്ച് ഇറങ്ങുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ യഥാര്‍ഥത്തില്‍ തകര്‍ക്കുന്നത്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss