|    Dec 14 Fri, 2018 2:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിമോചന ദൈവശാസ്ത്രങ്ങളുടെ ചലച്ചിത്രകാരന്‍

Published : 17th August 2016 | Posted By: SMR

സഫീര്‍ ഷാബാസ്  

മലപ്പുറം: ടി എ റസാഖ് എന്ന തിരക്കഥാകൃത്ത് മലയാള സിനിമയില്‍ അവശേഷിപ്പിച്ചു പോയതെന്താണ്? ജീവിതഗന്ധിയായ ഒരുപിടി ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിച്ചു എന്ന സാമാന്യ വിലയിരുത്തലിനുമപ്പുറം റസാഖിന്റെ സര്‍ഗാത്മക ഇടപെടലുകള്‍ എന്താണ്? ശീര്‍ഷകം തന്നെ അതിനുള്ള ഉത്തരം. ദൃശ്യകലയില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ അപൂര്‍വം എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഏറനാടന്‍ നാടക കലയില്‍ മുമ്പേ നടന്ന പ്രതിഭകളെല്ലാം നിര്‍വഹിച്ച സാംസ്‌കാരിക ദൗത്യം അഭ്രപാളിയില്‍ ശക്തമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നതാണു റസാഖിലെ സര്‍ഗാത്മകതയെ ഉയരങ്ങളില്‍ നിര്‍ത്തുന്നത്.
മുസ്‌ലിം സാമൂഹിക നവോത്ഥാനത്തിനു വിത്തു പാകിയ കലാകാരന്‍മാരുടെ ശ്രേണിയില്‍ റസാഖിനും ഒരിടമുണ്ട്- തീര്‍ച്ച. കമല്‍ സംവിധാനം നിര്‍വഹിച്ച ഗസല്‍, പെരുമഴക്കാലം, സിബി മലയിലിന്റെ കാണാക്കിനാവ് തുടങ്ങി റസാഖിന്റെ തൂലികയില്‍ പിറന്നുവീണ ചിത്രങ്ങളിലേറെയും മതനിരപേക്ഷ മൂല്യങ്ങളെ നെഞ്ചില്‍ ആവാഹിക്കുന്നവയായിരുന്നു. സാമുദായിക ജീര്‍ണതയ്‌ക്കെതിരായ റസാഖിന്റെ തൂലികകള്‍ക്കു വിമോചന ദൈവശാത്രത്തിന്റെ കൈയൊപ്പുകളുണ്ട്.
ചില കോണുകളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് തിയേറ്ററില്‍ നിറഞ്ഞോടാന്‍ സാധിച്ചില്ലെങ്കിലും ഗസല്‍ തന്നെ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് സിനിമ. ടി ദാമോദരനു ശേഷം മലയാള സിനിമയില്‍ മതനിരപേക്ഷ മൂല്യങ്ങളെ മുറുകെ പിടി—ക്കുന്ന ശക്തമായ കഥാപാത്രങ്ങള്‍ ശ്രീനിവാസനും വിനീതും ഭരത് മുരളിയും അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കാന്‍ ടി എ റസാഖിനു കഴിഞ്ഞു. ഏറനാടന്‍, വള്ളുവനാടന്‍ സംസ്‌കൃതിയുടെ പശ്ചാത്തലത്തില്‍ രചിച്ച ചിത്രങ്ങളില്‍ മാനവിക ദര്‍ശനത്തിന്റെ സന്ദേശങ്ങള്‍ കൊടിയടയാളമായി വിളങ്ങിനിന്നു. തികച്ചും സാധാരണക്കാരനായിരുന്ന റസാഖിന്റെ സൃഷ്ടിയിലും സാധാരണക്കാരന്റെ വേദനകളും വിഹ്വലതകളും തന്നെയാണു നിറഞ്ഞുനിന്നത്. ഇതിവൃത്തത്തിന്റെ സാമൂഹികപ്രസക്തിതന്നെയായിരുന്നു എല്ലാ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടാന്‍ കാരണം. വ്യക്തിത്വമുള്ള കഥാപാത്രങ്ങളെക്കൊണ്ട്, തിരക്കഥ തന്നെ സംവിധായകന്റെ ആണിക്കല്ലെന്ന ആപ്തവാക്യത്തെ സ്വാശീകരിക്കാന്‍ കഴിഞ്ഞെങ്കിലും സംവിധാനം തനിക്കു വഴങ്ങുന്നതല്ലെന്ന് ഓര്‍മപ്പെടുത്തിക്കൂടിയാണ് അദ്ദേഹത്തിന്റെ മടക്കം.
സലിംകുമാര്‍ നായകനായി അഭിനയിച്ച മൂന്നാംനാള്‍ ഞായറാഴ്ച എന്ന ദലിത് പശ്ചാത്തല സിനിമ കരുത്തുറ്റ പ്രമേയമായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. ഇതിനു തൊട്ടുമുമ്പ് തിരക്കഥ നിര്‍വഹിച്ച, അവസാനത്തെ ചിത്രമായ സുഖമായിരിക്കട്ടെയും തിയേറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിച്ചില്ല. കച്ചവട സിനിമയുടെ വക്താവായിരുന്നപ്പോഴും മനുഷ്യഗന്ധിയായ ചിത്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു.
നവ സിനിമയില്‍ പ്രമേയങ്ങള്‍ക്ക് ജൈവിക കരുത്തില്ലെന്നും അദ്ദേഹം പരിഭവപ്പെടുകയുണ്ടായി. കമേഴ്‌സ്യല്‍ സിനിമയില്‍ ആധിപത്യം നേടി വിജയപതാക പറപ്പിച്ച അനുജന്‍ ടി എ ഷാഹിദിനു പുറമേ റസാഖും രോഗം കടന്നാക്രമിച്ച് പടിയിറങ്ങുമ്പോള്‍ ഏറനാടന്‍ സംസ്‌കൃതികള്‍ തിരശ്ശീലയില്‍ പകര്‍ത്താന്‍ ഇനി ഒരാളില്ല എന്ന അനിശ്ചിതത്വം മലയാള സിനിമ നേരിടുന്നു. ഗസലിലെ വരികള്‍ അന്വര്‍ഥമാവുന്നു… ഇനിയുമുണ്ടൊരു ജന്‍മമെങ്കില്‍….

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss