|    Jun 27 Tue, 2017 7:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘വിമുക്തി’ ഉദ്ഘാടനം നാളെ

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന മദ്യ-മയക്കുമരുന്നു ദുരുപയോഗത്തിനെതിരേ എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന ‘വിമുക്തി’യുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. വൈകീട്ട് 5 മണിക്ക് സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. സ്‌കൂള്‍-കോളജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എന്‍എസ്എസ്, കുടുംബശ്രീ, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, വിദ്യാര്‍ഥി-മഹിളാ-യുവജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ലഹരിവര്‍ജന മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. പദ്ധതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന മേല്‍നോട്ടം സാമൂഹിക നീതി ഡയറക്ടര്‍ ടിവി അനുപമയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സംഘാടന ചുമതല നിര്‍വഹിക്കുന്നതിനും വിവിധ മന്ത്രിമാര്‍ക്ക് ജില്ലാതല ചുമതല നിശ്ചയിച്ചിട്ടുണ്ട്. ജില്ലാതല യോഗങ്ങള്‍ നവംബര്‍ 21നും 30നും ഇടയില്‍ ചേര്‍ന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കും. പ്രാദേശിക യോഗങ്ങള്‍ ഡിസംബറില്‍ ചേരും. വാര്‍ഡുതല യോഗത്തിനു ശേഷം അയല്‍ക്കൂട്ടതലം, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, കോളനികള്‍ എന്നീ തലങ്ങളില്‍ യോഗങ്ങള്‍ ജനുവരിയില്‍ ചേര്‍ന്ന് കമ്മിറ്റികള്‍ രൂപീകരിക്കും. ജില്ലാ ആശുപത്രികളുമായി ചേര്‍ന്ന് ഡീഅഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തെ ഏറ്റവും വലിയ ഡീഅഡിക്ഷന്‍ സെന്റര്‍ കേരളത്തില്‍ തുടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുള്ള സ്ഥലം കെണ്ടത്തുന്ന നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ പുരോഗമിച്ചുവരുകയാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക