|    Jun 20 Wed, 2018 9:30 am
Home   >  Editpage  >  Lead Article  >  

വിമുക്തഭടന്മാര്‍ക്ക് നീതി കിട്ടുമോ?

Published : 10th November 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നമ്മുടെ രക്തസാക്ഷികളുടെ നിരയിലേക്കും ചരിത്രത്തിലേക്കും ആദ്യമായി ഒരു വിമുക്തഭടനും. ഡല്‍ഹിയിലെ ജന്തര്‍മന്ദര്‍ പരിസരത്ത് വിമുക്തഭടന്മാര്‍ നടത്തുന്ന സമരവേദിക്കടുത്ത് ജീവനൊടുക്കിയ സുബേദാര്‍ രാം കിഷന്‍ അഗര്‍വാള്‍ അങ്ങനെ ചരിത്രത്തില്‍ ഇടംനേടി. വിഷം കഴിച്ച് മരണത്തിനു കീഴ്‌പ്പെടുന്നതിനു മുമ്പ് ഭാര്യയോടും കുടുംബത്തോടും യാത്രാമൊഴി പറയാന്‍ അയാള്‍ ഫോണ്‍ ചെയ്തു. മകന്‍ പ്രദീപിനോട് ആ അച്ഛന്‍ യാത്ര പറഞ്ഞതിങ്ങനെ: ജന്മനാടിനും സൈനികര്‍ക്കും വേണ്ടി ഞാന്‍ ജീവന്‍ വെടിയുന്നു. എന്റെ മരണത്തെച്ചൊല്ലി ദുഃഖിക്കരുത്.”
ഒരേ റാങ്ക് ഒരേ പെന്‍ഷന്‍’ നടപ്പാക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതാണ്. അധികാരത്തില്‍ വന്നശേഷം നടപ്പാക്കിയെന്ന് പലപ്പോഴും അവകാശപ്പെട്ടതുമാണ്. ഫലത്തില്‍ ഒരേ റാങ്ക് അഞ്ചു പെന്‍ഷന്‍ എന്നതാണ് സ്ഥിതിയെന്നാണ് വിമുക്തഭടന്മാരുടെ സംഘടനയുടെ നിലപാട്. പ്രാബല്യത്തില്‍ വരുന്ന വര്‍ഷം, വര്‍ഷാവര്‍ഷം പുതുക്കണമെന്ന ആവശ്യം, പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം സ്വയം പിരിഞ്ഞുപോയവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം, പ്രഖ്യാപിച്ച പദ്ധതി 20 ലക്ഷത്തില്‍പ്പരം വരുന്ന വിമുക്തഭടന്മാര്‍ക്ക് ഇനിയും വൈകാതെ ലഭ്യമാക്കണമെന്ന ആവശ്യം- അങ്ങനെ വീണ്ടും തലസ്ഥാന നഗരിയിലെ ജന്തര്‍മന്ദര്‍ സമരവേദിയായി. യുപിഎ ഗവണ്‍മെന്റിന്റെ കാലത്തും മോദി അധികാരത്തില്‍ വന്നശേഷവും ഈ ആവശ്യം മുന്‍നിര്‍ത്തി വിമുക്തഭടന്മാര്‍ നടത്തിയ സമരങ്ങള്‍, ഏറ്റ പോലിസ് മര്‍ദനം എന്നിവയ്‌ക്കൊന്നും കൈയും കണക്കുമില്ല.
മഹാഭൂരിപക്ഷം വിമുക്തഭടന്മാര്‍ക്കും പ്രതിമാസം അയ്യായിരത്തോളം രൂപ വര്‍ധനയാണു ലഭിക്കുക. അതു ചെയ്യാത്ത ഗവണ്‍മെന്റിനെ ഉണര്‍ത്താനും തീരുമാനമെടുപ്പിക്കാനുമാണ് 31 വര്‍ഷം രാജ്യസേവനം നടത്തിയ സുബേദാര്‍ രാം കിഷന്‍ അഗര്‍വാള്‍ രണ്ടു കൂട്ടുകാരോടൊപ്പം തുടര്‍ച്ചയായി മൂന്നുദിവസം പ്രതിരോധമന്ത്രിയെ കണ്ട് നിവേദനം നല്‍കാന്‍ ശ്രമിക്കുകയും അവസരം കിട്ടാതെ വന്നപ്പോള്‍ ജീവനൊടുക്കുകയും ചെയ്തത്.
രാജ്യത്തിനും സൈനികര്‍ക്കും വേണ്ടി ഈ വീരജവാന്‍ ജീവന്‍ വെടിഞ്ഞ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മോദി ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന മഹാഭൂരിപക്ഷം വരുന്ന എംപിമാര്‍ക്കും ഒപ്പം പരിമിതമായ എണ്ണത്തിലേക്കു ചുരുങ്ങിയ പ്രതിപക്ഷ എംപിമാര്‍ക്കും ശമ്പളം വാരിക്കോരിക്കൊടുത്തതും ഈ ദിവസമാണ്. എംപിയുടെ പ്രതിമാസ ശമ്പളവും അലവന്‍സും 2,80,000 രൂപയാക്കി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നാണ് വന്നത്. അതോടൊപ്പം രാഷ്ട്രപതിയുടെ ശമ്പളം ഒന്നരലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷമാക്കുമെന്നും ഗവര്‍ണറുടെ ശമ്പളം 1.10 ലക്ഷത്തില്‍നിന്ന് രണ്ടരലക്ഷമാക്കുമെന്നും അറിയിപ്പുണ്ടായി.
പന്ത്രണ്ടുവര്‍ഷം മുമ്പ് കരസേനയില്‍ നിന്നു പിരിഞ്ഞ സുബേദാര്‍ രാം കിഷന് ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചുള്ള പെന്‍ഷന്‍ വര്‍ധനപോലും കിട്ടിയില്ല. 20.6 ലക്ഷം വിമുക്തഭടന്മാരുടെ പെന്‍ഷന്‍ ലഭ്യതയ്ക്കുവേണ്ടിയാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ‘ഒരേ റാങ്ക് ഒരേ പെന്‍ഷന്‍’ എന്നത് അപൂര്‍ണവും അവ്യക്തവുമായ ഒരു സര്‍ക്കാര്‍ തീരുമാനമായി അവശേഷിച്ചപ്പോള്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയെപ്പോലെ ഈ ദലിത് സൈനികനും ആത്മഹത്യയും മഹത്തായ സമരമാര്‍ഗമാണെന്നു തെളിയിച്ചു. രാഹുല്‍ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമടക്കം പ്രശ്‌നം ഏറ്റെടുക്കാന്‍ രംഗത്തിറങ്ങിയശേഷമുള്ള സംഭവങ്ങള്‍ ഈ ആത്മഹത്യയുടെ രാഷ്ട്രീയപ്രാധാന്യം വ്യക്തമാക്കി. അതോടൊപ്പം  പ്രധാനമന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള വലിയ വിടവും.
വിമുക്തഭടന്മാര്‍ക്കു മാത്രമല്ല, നാളെ ആ പേരിലേക്കു മാറേണ്ട ചീഫ് ഓഫ് സ്റ്റാഫ് തൊട്ട് ശിപായി വരെയുള്ള എല്ലാവര്‍ക്കും വേണ്ടിയാണ് അഗര്‍വാള്‍ രക്തസാക്ഷിയായത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന രാജ്യസ്‌നേഹവും സൈനികരോടു പുലര്‍ത്തുന്നുവെന്ന് പറയുന്ന ആദരവും പൊള്ളയാണെന്ന് ഈ സംഭവം തുറന്നുകാട്ടി. വിമുക്ത സൈനികന്റെ ജഡത്തിന് അടുത്തുവച്ച് അദ്ദേഹത്തിന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും പോലിസ് അറസ്റ്റ് ചെയ്തതില്‍പരം തെളിവ് ഇതിനാവശ്യമില്ല.
പാകിസ്താനുമായുള്ള അതിര്‍ത്തിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി യുദ്ധകാല സംഘര്‍ഷാന്തരീക്ഷമാണ്. ഇപ്പോള്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലും സംഘര്‍ഷം നിറഞ്ഞു നില്‍ക്കുന്നു. ഈ ഘട്ടത്തില്‍ സൈനികരുടെ മനോവീര്യം ഉച്ഛസ്ഥായിയിലെത്തിക്കാന്‍ ജനങ്ങളാകെ മുന്നോട്ടുവരണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. സത്യസന്ധമായും സ്വാഭാവികമായും ഇന്ത്യന്‍ ജനതയും സര്‍ക്കാരും സൈന്യത്തിനു പിന്നിലുണ്ടെന്ന ബോധ്യം ഏതുഘട്ടത്തിലും അനിവാര്യമാണ്. എന്നാല്‍ ഇതിനെ ഭരണകക്ഷിയുടെ ഒരു രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നുവെന്നാണ് പ്രതിപക്ഷ വിമര്‍ശനം. അതിനെ ശക്തിപ്പെടുത്തുന്നതാണ് സുബേദാര്‍ രാം കിഷന്‍ അഗര്‍വാളിന്റെ ആത്മഹത്യ ദേശീയ വിവാദമായി മാറിയെന്നത്.
മുന്‍ കരസേനാ മേധാവി വി കെ സിങ് മോദി മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രിയാണ്. അഗര്‍വാളിന്റെ ആത്മഹത്യയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം അതിര്‍ത്തിയിലെ സംഘര്‍ഷമേഖലയിലടക്കം നിലകൊള്ളുന്ന നമ്മുടെ സൈനികരെയും 20,60,000 വരുന്ന വിമുക്ത സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നതും നമ്മുടെ സായുധസൈനിക വിഭാഗങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനങ്ങളെയാകെ ഞെട്ടിക്കുന്നതുമാണ്. ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ മാനസികാവസ്ഥയെക്കുറിച്ച് അന്വേഷണം വേണമെന്നാണ് രാഷ്ട്രീയക്കാരനായി മാറിയ മുന്‍ കരസേനാ മേധാവി ആവശ്യപ്പെട്ടത്.
റിട്ടയര്‍ ചെയ്ത ഒരു ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തില്‍ ബ്രിഗേഡിയര്‍മാരും കേണല്‍മാരും മുതല്‍ സുബേദാര്‍ മേജര്‍, സുബേദാര്‍ തുടങ്ങി ശിപായി വരെയുള്ള എല്ലാ റാങ്കിലുംപെട്ട വിമുക്തഭടന്മാരാണ് ജന്തര്‍മന്ദറില്‍ ന്യായമായും പൂര്‍ണമായും ‘ഒരേ റാങ്ക് ഒരേ പെന്‍ഷന്‍’ പദ്ധതി വേഗം നടപ്പാക്കിക്കിട്ടാന്‍ സമരരംഗത്തുള്ളത്. ആ സമരമുഖത്തുനിന്ന് മറ്റു രണ്ട് പ്രതിനിധികളെയുമായാണ് അഗര്‍വാള്‍ പ്രതിരോധമന്ത്രിക്കു നിവേദനം നല്‍കാന്‍ പോയതും എന്നാല്‍ നല്‍കാനാവാതെ നിരാശനായി ആത്മഹത്യയുടെ വഴി സ്വീകരിച്ചതും.
പ്രധാനമന്ത്രിയോ രക്ഷാമന്ത്രിയോ വിമുക്തഭടന്മാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടതായിരുന്നു. വ്യാജ ജനനത്തിയ്യതിയുടെ അടിസ്ഥാനത്തില്‍ കരസേനാ മേധാവിയായി തുടരാന്‍ ശ്രമിച്ച ഒരു സൈനികമേധാവിയില്‍നിന്ന് വ്യത്യസ്ത മനോനില പുലര്‍ത്തിയ വ്യക്തിയാണ് സുബേദാര്‍ രാം കിഷന്‍ അഗര്‍വാള്‍. വിശിഷ്ട സൈനിക സേവനത്തിന് സൈനികമെഡലും റിട്ടയര്‍മെന്റിനുശേഷം പൊതുജനരംഗത്തെ പ്രവര്‍ത്തനത്തിന് നിര്‍മല്‍ ഗ്രാമ പുരസ്‌കാരവും രാഷ്ട്രപതിയില്‍നിന്ന് വാങ്ങിയ അഗര്‍വാളിന്റെ മനോനില വി കെ സിങിനെപ്പോലുള്ളവര്‍ക്ക് മനസ്സിലാവണമെന്നില്ല.
ഹരിയാനയിലെ ഹിസാറിലെ ബാംല ഗ്രാമത്തില്‍ ദലിത് വിഭാഗത്തില്‍ പിറന്ന അഗര്‍വാള്‍ ആറുവര്‍ഷം രാജസ്ഥാന്‍ ഇന്‍ഫെന്ററി ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 24 വര്‍ഷം ഇന്ത്യന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലും. സൈന്യത്തിലെ ഓഫിസര്‍ വിഭാഗത്തിനും അദര്‍റാങ്ക് വിഭാഗത്തിനും ഇടയിലുള്ള നിര്‍ണായക സ്ഥാനമാണ് സുബേദാറിന്റേത്. അനുഭവംകൊണ്ടും നേതൃപാടവം കൊണ്ടും പ്രതിബദ്ധതകൊണ്ടുമാണ് ഒരു സൈനികന്‍ ആ പദവിയിലെത്തുന്നത്.
2004ല്‍ റിട്ടയര്‍ ചെയ്ത രാം കിഷനെ ബാംലാ ഗ്രാമത്തിലെ പതിനായിരം വരുന്ന നിവാസികള്‍ 1200 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് ഗ്രാമ സര്‍പഞ്ചായി തിരഞ്ഞെടുത്തത്. ഈ പ്രവര്‍ത്തനരംഗത്തുനിന്നാണ് ഡല്‍ഹിയില്‍ വിമുക്തഭടന്മാരുടെ സമരമുഖത്തേക്ക് അഗര്‍വാള്‍ പോയത്.
നമ്മുടെ രാജ്യം ഒരുപാട് രക്തസാക്ഷികളുടെ ചരിത്രം നെഞ്ചിലേറ്റുന്നതാണ്. അതില്‍ ഒരു വിഭാഗമാണ് രാജ്യത്തെ സൈന്യത്തിന്റെ ഭാഗമായി ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിക്കുന്നവര്‍. ബ്രിട്ടിഷ് ഭരണത്തിലെ അത്തരം ഇന്ത്യന്‍ സൈനിക രക്തസാക്ഷികളുടെ പേരുകള്‍ പേറിയാണ് രാഷ്ട്രപതിഭവന് അഭിമുഖമായി ഇന്ത്യാഗേറ്റ് നില്‍ക്കുന്നത്. ബ്രിട്ടിഷ് വാഴ്ചയില്‍നിന്ന് പൊരുതി നാടിനെ മോചിപ്പിക്കാന്‍ ആയുധമെടുത്ത ഗദ്ദര്‍ സൈനികര്‍ തൊട്ട് കൊലക്കയര്‍ ഏറ്റുവാങ്ങിയ ഭഗത് സിങ് അടക്കമുള്ള സ്വാതന്ത്ര്യസമര പോരാളികളായ രക്തസാക്ഷികള്‍ വരെ.
അവരുടെ നീണ്ട പട്ടികയില്‍ സ്വയം ഇടംനേടുകയാണ് വിമുക്തഭടന്മാരുടെ ഇടയില്‍നിന്ന് എഴുപതുകാരനായ സുബേദാര്‍ രാം കിഷന്‍ അഗര്‍വാള്‍; രണ്ടു പെണ്‍മക്കളടക്കം ഏഴ് മക്കളോടും വന്ദ്യവയോധികനായ പിതാവിനോടും യാത്രപറഞ്ഞുകൊണ്ട്.
തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയല്ല, രാജ്യത്തിനും സൈന്യത്തിനും വേണ്ടി രക്തസാക്ഷിയാവുകയാണ് എന്നാണ് അഗര്‍വാളിന്റെ ഭാര്യ പ്രതികരിച്ചത്. ഈ ദേശസ്‌നേഹത്തിന്റെ മഹത്വവും വൈകാരികതയും, നാട്യങ്ങളും പ്രകടനങ്ങളും മാത്രം അറിയുന്ന രാഷ്ട്രീയ-ഭരണനേതൃത്വങ്ങള്‍ക്ക് പക്ഷേ, മനസ്സിലാവില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss