|    Dec 15 Sat, 2018 9:16 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വിമാനയാത്ര ഭീകരാനുഭവമായി മാറുമ്പോള്‍

Published : 27th August 2016 | Posted By: SMR

അമൃത

പൊതുവില്‍ വിമാനയാത്ര സുഖപ്രദമാണ്. ചുരുങ്ങിയ സമയത്തിനകം ഉദ്ദേശിച്ച സ്ഥലത്തെത്താം. വിമാനത്തിനകത്തെ സൗകര്യങ്ങളും അന്താരാഷ്ട്ര യാത്രകളിലെങ്കിലും ലഭിക്കുന്ന ഭക്ഷണവുമൊക്കെ സന്തോഷപ്രദം.
എന്നാല്‍, ഇപ്പോള്‍ വിമാനയാത്രയും സമൂഹത്തിലെ ഒരു കൂട്ടര്‍ക്ക് വലിയ ഭീകരാക്രമണമായി മാറുന്നതായാണ് സമീപകാലത്ത് വരുന്ന വാര്‍ത്തകളില്‍നിന്നു വെളിപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനി ഒരു ദമ്പതികളെ വിമാനത്തില്‍നിന്നു പുറത്തിറക്കി വാതിലടച്ചു. അവര്‍ ആയുധം കൈവശം വച്ചതോ ആരോടെങ്കിലും മോശമായി സംസാരിച്ചതോ വിമാനത്തിലെ നിയമങ്ങള്‍ പാലിക്കാതിരുന്നതോ ഒന്നുമല്ല പ്രശ്‌നം. വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ദമ്പതികളിലെ സ്ത്രീ വിമാനത്തില്‍ കയറിയശേഷവും ആര്‍ക്കോ തിരക്കിട്ട് മൊബൈല്‍ സന്ദേശം അയക്കുന്നെന്നും അവര്‍ പരിഭ്രാന്തരായി ദീര്‍ഘനിശ്വാസം വിടുന്നെന്നും അല്ലാഹുവിന്റെ പേര് പല തവണ ഉച്ചരിച്ചുവെന്നുമാണ്.
ഇത്രയും കാര്യം ചെയ്താല്‍ ആള്‍ ഭീകരന്‍ തന്നെ എന്ന് ഉറപ്പിക്കാവുന്ന നിലയില്‍ നമ്മുടെ ലോകത്ത് മനുഷ്യരുടെ സമനില തെറ്റിയിരിക്കുന്നു എന്നാണ് വിമാനജോലിക്കാരന്റെ പ്രവൃത്തിയില്‍നിന്നു വ്യക്തമാവുന്നത്. എന്തിനാണ് ആ സ്ത്രീ പരിഭ്രാന്തയാവുന്നത് എന്ന് അന്വേഷിച്ച് പരിഹാരം കാണുന്നതിനു പകരം നേരെ പൈലറ്റിനോട് ആളെക്കുറിച്ച് പരാതി പറയുകയാണ് ടിയാന്‍ ചെയ്തത്. പൈലറ്റാവട്ടെ ദമ്പതികളുടെ പേരു മാത്രമേ അന്വേഷിച്ചുള്ളൂ. മുസ്‌ലിംകളാണ് എന്ന് അറിഞ്ഞതോടെ വിമാനത്തില്‍നിന്ന് ഇറക്കിവിടാന്‍ കല്‍പനയായി.
ഇത് സ്ഥിരം അനുഭവമായി മാറുകയാണ് മുസ്‌ലിം നാമധാരികളായ യാത്രക്കാരെ സംബന്ധിച്ചിടത്തോളം. കുറച്ചു ദിവസം മുമ്പ് ഒരു യുവതിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത് അവര്‍ സിറിയയെ സംബന്ധിച്ചുള്ള ഏതോ പുസ്തകം സീറ്റിലിരുന്ന് വായിച്ചതിന്റെ പേരിലാണെന്നു വാര്‍ത്ത വന്നു.
പത്രങ്ങള്‍ പരതിയാല്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് സംഭവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എയര്‍ലൈനുകളില്‍ നടക്കുന്നതായി റിപോര്‍ട്ടുകള്‍ കാണാം. മഹാഭൂരിപക്ഷം സംഭവങ്ങളും പാശ്ചാത്യ എയര്‍ലൈന്‍സുകളിലും പാശ്ചാത്യനാടുകളിലേക്ക് യാത്രചെയ്യുന്നവരുടെ മേലുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തികഞ്ഞ വംശീയവെറിയും ലോകപരിചയക്കുറവും പ്രഫഷണലിസത്തിന്റെ അഭാവവുമാണ് ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരം ഭീതികള്‍ക്ക് അടിത്തറയില്ല എന്നല്ല പറഞ്ഞുവരുന്നത്. വിമാനങ്ങള്‍ പലപ്പോഴും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായി മാറാറുണ്ട്. അത്തരം നിരവധി സംഭവങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുമുണ്ട്. ഇന്ത്യയുടെ അടക്കം പല യാത്രാവിമാനങ്ങളും റാഞ്ചപ്പെടുകയും അത് യാത്രക്കാര്‍ക്കും ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കും വലിയ പ്രശ്‌നങ്ങളും പ്രതിസന്ധിയും ഉണ്ടാക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, ഇത്തരം അക്രമപ്രവര്‍ത്തനത്തിന് ഏറ്റവും വലിയ വില നല്‍കേണ്ടിവന്നിട്ടുള്ളതും വിമാനസര്‍വീസ് മേഖല തന്നെയാണ്. കാരണം, സുരക്ഷാ ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ പണം ചെലവഴിക്കേണ്ടിവന്നിട്ടുള്ള സര്‍വീസ് മേഖലയാണിത്. പല വിമാനക്കമ്പനികളുടെയും പ്രവര്‍ത്തനച്ചെലവില്‍ വലിയൊരു ഭാഗം തന്നെ ഇത്തരം സുരക്ഷാകാര്യങ്ങള്‍ക്കായി മാത്രം വിനിയോഗിക്കേണ്ടിവരുന്നുണ്ട്.
എന്നാലും സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന സന്ദേശം വളരെ ആശങ്കാജനകമാണ്. സുരക്ഷാ ആശങ്കയല്ല, മറിച്ച് വംശീയമായ മുന്‍ധാരണകളാണ് യാതൊരുതരത്തിലുള്ള തെറ്റും ചെയ്യാത്ത സാധാരണ യാത്രക്കാരെ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഇത്തരം വംശീയ മുന്‍വിധികള്‍ ഇന്നു ലോകത്ത് സര്‍വവ്യാപിയായി വന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, സമീപകാലത്ത് ഒരിക്കലും കാണാത്തവിധം അതീവ സങ്കീര്‍ണമായ ഒരു മാനുഷികപ്രശ്‌നമായി അത് ഉയര്‍ന്നുവരുകയാണ്. മുന്‍വിധികളെ അതിലംഘിക്കാനും യാത്രക്കാരെ യാത്രക്കാര്‍ മാത്രമായി കണ്ട് പ്രഫഷനല്‍ സ്വഭാവത്തോടെ അവരോട് പെരുമാറാനും എയര്‍ലൈനുകള്‍ ജീവനക്കാരെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss