|    Jul 20 Fri, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിമാനയാത്രയ്ക്ക് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ പ്രാബല്യത്തില്‍ ; 3 മാസം മുതല്‍ ആജീവനാന്തം വരെ യാത്രാവിലക്ക്

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്കെതിരേ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ജീവനക്കാരുടെയോ യാത്രക്കാരുടെയോ ജീവന് ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാര്‍ക്ക് ആജീവനാന്ത വിലക്ക് വരെ ഉള്‍പ്പെടുന്ന നടപടികളാണ് രാജ്യത്തെ ആദ്യ വിമാനയാത്രാ വിലക്ക് ചട്ടത്തിലുള്ളത്. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവാണ് ഇന്നലെ ദേശീയ വിമാനയാത്രാ വിലക്കിനുള്ള നയം പ്രഖ്യാപിച്ചത്. ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാന സര്‍വീസുകളില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെയോ ആജീവനാന്തമോ വിലക്ക് ഏര്‍പ്പെടുത്താവുന്ന വിധത്തിലാണ് പുതിയ ചട്ടം. പുതിയ നിയമം അനുസരിച്ച് മൂന്നുതരത്തിലുള്ള പെരുമാറ്റങ്ങളാണ്  കുറ്റകൃത്യമായി കണക്കാക്കുന്നത്. അംഗവിക്ഷേപങ്ങള്‍, വാക്കാലുള്ള അധിക്ഷേപം, മദ്യപിച്ച് ലക്കുകെട്ട പെരുമാറ്റം എന്നിവയ്ക്കാണ് മൂന്നു മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത്. ശാരീരികമായി ഉപദ്രവിക്കുക- അതായത് പിടിച്ചുതള്ളുക, തൊഴിക്കുക, അടിക്കുക, അനാവശ്യ സ്പര്‍ശനം തുടങ്ങിയവയ്ക്ക് ആറു മാസവും വിമാനത്തിന് കേടു വരുത്തുക, ജീവനു ഭീഷണി ഉയര്‍ത്തുക, മാനഭംഗശ്രമം ഉള്‍പ്പെടെയുള്ള കൈയേറ്റം എന്നിവയ്ക്ക് രണ്ടു വര്‍ഷം മുതല്‍ ആജീവനാന്തം വരെയും യാത്രാവിലക്ക് ലഭിക്കും. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ വിലക്ക് കാലാവധിയും ഇരട്ടിക്കും. വിദേശ വിമാന സര്‍വീസുകള്‍ക്കും ഇതനുസരിച്ച് ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്കു വിലക്ക് ഏര്‍പ്പെടുത്താവുന്നതാണ്. പൈലറ്റ് മുഖേന ലഭിക്കുന്ന പരാതി അനുസരിച്ച് വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയായിരിക്കും വിലക്ക് കാലാവധി തീരുമാനിക്കുന്നത്. പരാതി ലഭിച്ച് 30 ദിവസത്തിനകം നടപടിയുണ്ടാവും. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് നിലവിലെ നിയമത്തില്‍ ലഭിക്കാവുന്ന മറ്റു ശിക്ഷയോടൊപ്പമാണ് യാത്രാവിലക്കും ഏര്‍പ്പെടുത്തുക.പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായി കരടു നിയമം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നതോടെ ആഭ്യന്തര യാത്രകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും നിര്‍ബന്ധമായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss