|    Jun 25 Sun, 2017 7:20 pm
FLASH NEWS

വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് അട്ടിമറിക്കാനെന്ന്

Published : 22nd November 2016 | Posted By: SMR

മുണ്ടക്കയം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചതും ഇപ്പോള്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം ഭൂമി ഏറ്റെടുക്കല്‍ നടപടി അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് ടി ആര്‍ ആന്റ് ടീ തോട്ടം ഏറ്റെടുക്കല്‍ സമിതി കണ്‍വീനര്‍ പ്രഫ.റോണി കെ ബേബി, സെക്രട്ടറി സോമന്‍ വടക്കേക്കര, എബി മാത്യു എന്നിവര്‍ ആരോപിച്ചു. വിമാനതാവളം എന്ന വികസനത്തിന് സമിതി എതിരല്ല. വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, മറിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഓഹരി പങ്കാളിത്തവും ഭൂമിയില്‍ നിയമസാധുതയും നല്‍കി മാന്യരാക്കുകയല്ല ചെയ്യേണ്ടതെന്നും സമര സമിതി കുറ്റപ്പെടുത്തി.1999 മുതല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനും  സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജി രാജമാണിക്കവും ഉള്‍പ്പെടെ സമര്‍പ്പിച്ച അഞ്ചോളം അന്വേഷണ റിപോര്‍ട്ടുകള്‍ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് നിലകൊള്ളുന്ന 2500 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലമാണെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പേരില്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെ ഓഹരി ഉടമകളാക്കുന്നതിനും ബാക്കി സ്ഥലത്തിന് നിയമസാധുത നല്‍ക്കുന്നതിനുമുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരത്തില്‍ നടക്കുന്ന നീക്കം അനധികൃതമായി കൈവശം വച്ചിരിക്കുന്ന മറ്റു വന്‍കിട എസ്‌റ്റേറ്റുകള്‍ പിടിച്ചെടുക്കുന്ന നടപടിയെ ദുര്‍ബലപ്പെടുത്തുമെന്നും വിവിധ ഭൂ സമരങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെയും പ്രവര്‍ത്തകരെയും ഉള്‍കൊള്ളിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക