|    Mar 23 Fri, 2018 1:14 am

വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റ് അളക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം

Published : 5th August 2017 | Posted By: fsq

 

എരുമേലി: ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി നിശ്ചയിച്ച ചെറുവള്ളി എസ്റ്റേറ്റ് ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം. എരുമേലി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ലൂയിസ് ഡേവിഡാണ് നിവേദനം നല്‍കിയത്. എസ്റ്റേറ്റ് അളന്നുകഴിഞ്ഞാല്‍ ആയിരം ഏക്കര്‍ ഭൂമിയെങ്കിലും അധികമായി ലഭിക്കുമെന്നും ഈ സ്ഥലത്ത് എയിംസ് സെന്റര്‍ സ്ഥാപിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. എസ്റ്റേറ്റിന്റെ യഥാര്‍ഥ ഭൂമി സംബന്ധിച്ച വ്യാപ്തി നാളിതുവരെ അളന്നുതിട്ടപ്പെടുത്തിയിട്ടില്ല. രാജ്യം സ്വതന്ത്രമാവുന്നതിനു മുമ്പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കൈവശംവച്ചതാണ് ചെറുവള്ളി എസ്റ്റേറ്റ്. സ്വതന്ത്രമായ ശേഷവും വിദേശകമ്പനിയുടെ അധീനതയിലായിരുന്നു. 2005ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന വിദേശകമ്പനി ഈ എസ്റ്റേറ്റ് വിറ്റെന്നാണ് രേഖകള്‍. വാങ്ങിയത് മെത്രാപ്പോലീത്തന്‍ ബിഷപ്പ് ഡോ. കെ പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് ആണെങ്കിലും ബിലീവേഴ്‌സ് ചര്‍ച്ച് വക എസ്റ്റേറ്റെന്നാണ് അറിയപ്പെടുന്നത്. ഭൂമി വില്‍പ്പന നടത്തിയത് അനധികൃതമായാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭൂമിയുടെ പോക്കുവരവും തണ്ടപ്പേരും സര്‍ക്കാര്‍ റദ്ദാക്കുകയും കരമൊടുക്കല്‍ തടയുകയും ചെയ്തിരുന്നു. എന്നാല്‍, ഏറ്റെടുക്കല്‍ നടപടികള്‍ കോടതിയില്‍ തര്‍ക്കത്തിലാണ്. 2005 ലെ തീറാധാര രജിസ്‌ട്രേഷനില്‍ ഭൂമിയുടെ വ്യാപ്തി 2,263 ഏക്കറെന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍, ഇതു വിശ്വാസ യോഗ്യമല്ല. ഭൂമി ഇതുവരെ അളന്നിട്ടില്ല എന്നതാണ് ഇതിന്റെ കാരണം. യഥാര്‍ഥ ഭൂമി വ്യാപ്തി 3,500 ഏക്കറോളം വരുമെന്നാണ് കരുതുന്നത്. സര്‍വേ സംഘത്തെ നിയോഗിച്ച് എസ്റ്റേറ്റ് അളന്ന് നിര്‍ണയിക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. 2,263 ഏക്കറില്‍ കൂടുതലായി കണ്ടെത്തുന്ന ഭൂമിക്ക് അവകാശമുന്നയിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് കഴിയില്ല. നിഷ്പ്രയാസം ഈ ഭൂമിയത്രയും സര്‍ക്കാരിന് ഏറ്റെടുക്കാനാവും. ആധാരപ്രകാരമുളള ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിനും സ്ഥലം അളന്നുനിര്‍ണയിക്കല്‍ അനിവാര്യമാണ്. എരുമേലി, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എസ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ തമ്മില്‍ കിലോമീറ്ററുകളുടെ ദൈര്‍ഘ്യമാണുള്ളത്. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സഞ്ചരിക്കാന്‍ വേണ്ടിവരും. പുരാതന കാലത്ത് അളന്നുനിര്‍ണയിക്കാതെ കൈവശപ്പെടുത്തിയ ഭൂമിയാണ് എസ്റ്റേറ്റിലുള്ളത്. വിവിധ കാലയളവുകളിലായി ഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കുകയായിരുന്നെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss