|    Jan 21 Sat, 2017 11:10 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന

Published : 3rd July 2016 | Posted By: sdq

ദോഹ: രാജ്യത്തുനിന്നുള്ള വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന. ഈദുല്‍ഫിത്വര്‍, വേനലവധികണക്കിലെടുത്ത് വിമാനകമ്പനികള്‍ നിരക്കില്‍ കുത്തനെ വര്‍ധന വരുത്തിയിരിക്കുകയാണ്. ടിക്കറ്റ് നിരക്കില്‍ 80 മുതല്‍ 100 ശതമാനം വരെ വര്‍ധനയുണ്ടായതായി പ്രാദേശികപത്രം റിപോര്‍ട്ട് ചെയ്തു. യാത്രാ നിരക്കില്‍ ജൂണ്‍ പകുതി മുതല്‍ വര്‍ധന അനുഭവപ്പെട്ടിരുന്നു. ദോഹയില്‍ നിന്ന് കോഴിക്കോട്, കൊളംബോ, കെയ്റോ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലാണ് വലിയ വര്‍ധന. ചെറിയ പെരുന്നാള്‍, സ്‌കൂള്‍ വേനലവധികള്‍ ഒന്നിച്ചെത്തിയതോടെ പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്കു മടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് വിമാനനിരക്കില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സപ്തംബര്‍ 15വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നുനില്‍ക്കാനാണ് സാധ്യത. കെയ്റോ, കൊളംബോ, ചെന്നൈ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കില്‍ 100 ശതമാനം വരെയാണ് വര്‍ധന. ദോഹ-കോഴിക്കോട് യാത്രാ നിരക്ക് 2,950 റിയാല്‍ ആണ്. മുംബൈയിലേക്ക് 2,600 റിയാലും കൊളംബോയിലേക്ക് 2,500 റിയാലുമാണ് നിരക്ക്. ദോഹയില്‍ നിന്നു കെയ്റോയിലേക്ക് വന്നുപോകുന്നതിന് നേരത്തെ 800 റിയാല്‍ ആയിരുന്നു നിരക്കെങ്കില്‍ ഇപ്പോഴത് 1,500 റിയാലായി ഉയര്‍ന്നു. സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാണ് തിരക്കേറിയ കെയ്റോയിലേക്കുള്ള നിരക്ക്. ബജറ്റ് വിമാന കമ്പനികളിലും 75 ശതമാനത്തോളം യാത്രാ നിരക്കില്‍ വര്‍ധനയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഭൂരിഭാഗവും പൂര്‍ത്തിയായി. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. തിരക്കും ആവശ്യകതയുമുള്ള സീസണുകളില്‍ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്ക് സിസ്റ്റത്തില്‍ നിന്ന് നീക്കും. ഇതോടെ സ്വാഭാവികമായും നിരക്ക് ഉയരും. വിമാനക്കമ്പനികളില്‍ ഇത് സാധാരണയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സീസണുകളിലും തിരക്കേറിയ സമയങ്ങളിലും വിമാന നിരക്ക് സാധാരണയേക്കാള്‍ കൂടുതലാണ്. എന്നാല്‍ നിലവിലെ നിരക്കില്‍ മാറ്റമില്ലെന്നും യാത്രാ തീയതിയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിക്കുന്നതെന്നും യാത്രാ ഏജന്റ് ചൂണ്ടിക്കാട്ടി. മൂന്നോ നാലോ മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ വര്‍ധനയില്‍ നിന്ന് ഒഴിവാകാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലെ നിരക്കിനേക്കാള്‍ 40 ശതമാനത്തോളം കുറവാണ് നാലുമാസം മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ലഭിച്ചത്. ഖത്തരികള്‍ പതിവ് പോലെ ലണ്ടന്‍, പാരിസ് ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് അവധി ആഘോഷിക്കാന്‍ പോകുന്നത്. ഇക്കോണമി ക്ലാസില്‍ ലണ്ടനില്‍ നിന്നുള്ള മടക്ക യാത്രയുടെ നിരക്ക് 4,000 റിയാല്‍ ആണ്. ഇത് 7,000 റിയാല്‍ വരെയാകും. പാരിസിലേക്കും ഏകദേശം ഇതേ നിരക്കാണ്.
ദുബയില്‍ നിന്ന് ദോഹയിലേക്കുള്ള മടക്കയാത്ര മാത്രം 1,580നും 3,200 റിയാലിനുമിടയിലാണ്. കാഠ്മണ്ഡുവിലേക്കുള്ള മടക്ക യാത്രക്ക് മാത്രം 1,300 റിയാലും മനിലയിലേക്ക് 2,200 റിയാലുമാണ് നിലവിലെ നിരക്ക്. യാത്രാ തിയ്യതിയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വ്യത്യാസപ്പെടുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വര്‍ധനയുണ്ട്. സന്ദര്‍ശകരുടെ തിരക്കുള്ള സീസണ്‍ അല്ലാതിരുന്നിട്ടുപോലും കാഠ്മണ്ഡു, മനില എന്നിവിടങ്ങളിലേക്കുള്ള നിരക്കിലും സാധാരണയേക്കാള്‍ നേരിയ വര്‍ധനയുണ്ട്. നേപ്പാളിലേക്കുള്ള തിരക്ക് ഒക്ടോബറിലും മനിലയിലേത് ഡിസംബര്‍, ജനുവരി മാസങ്ങളിലുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 169 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക