|    Aug 20 Sun, 2017 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിമാനം വൈകിയ സംഭവം : നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Published : 13th August 2017 | Posted By: fsq

 

മലപ്പുറം: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്ന ദിവസം വിമാനം വൈകിയത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി.  തിരഞ്ഞെടുപ്പിന് ഒരു ദിവസം നേരത്തേ പോവാമായിരുന്നുവെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. ഭാവിയില്‍ ഇതുള്‍ക്കൊണ്ടുള്ള സൂക്ഷ്മത പുലര്‍ത്തും. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരം മട്ടന്നൂര്‍ നഗരസഭയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തലേദിവസം പോയത്. വ്യക്തിപരമായ ഒരു പരിപാടികളിലും പങ്കെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. ഇത് ഉയര്‍ത്തിക്കൊണ്ട് വരുന്നവരുടെ ദുഷ്ടലാക്ക് പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം ദാരുണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കുട്ടികള്‍ മരണപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രശ്‌നമല്ലിത്. ഇതിനെതിരേ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്താന്‍ യുപിഎ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിയാണ് ഓക്‌സിജന്‍ വിതരണം വിച്ഛേദിച്ചത്. ഇവര്‍ക്ക് ആരാണ് ഇതിന് അധികാരം നല്‍കിയത്. കുത്തക കമ്പനികള്‍ രാജ്യത്തെ അടക്കി ഭരിക്കുകയാണ്. വൈദ്യുതി, ഗ്യാസ് ഇവയുടെയെല്ലാം നിയന്ത്രണം സ്വകാര്യ കമ്പനികളുടെ കൈവശമാണ്. പൊതുമേഖലയിലെ സബ്‌സിഡി എടുത്തുകളയുന്നു. ജാതിമത ചിന്തകള്‍ വളര്‍ത്തിയാണ് കുത്തകകള്‍ രാജ്യം കീഴടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക