|    Aug 19 Sat, 2017 12:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിമാനം കത്തിയമര്‍ന്നത് യന്ത്രത്തകരാര്‍ മൂലമല്ലെന്ന് യുഎഇ ഏവിയേഷന്‍ വകുപ്പ്

Published : 7th August 2017 | Posted By: fsq

 

ദുബയ്: കഴിഞ്ഞവര്‍ഷം ആഗസ്തില്‍ എമിറേറ്റ്‌സ് വിമാനം ദുബയ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എന്‍ജിന്‍ തകരാര്‍ മൂലമല്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ റിപോര്‍ട്ട്്. അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് ഇടക്കാല അന്വേഷണ റിപോര്‍ട്ട് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.  2016 ആഗസ്ത്് മൂന്നിനാണ്് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബോയിങ് 777300 വിമാനം ദുബയ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത്. പൊടുന്നനെ കത്തിയമര്‍ന്ന വിമാനത്തില്‍നിന്ന് ജീവനക്കാരുടെയും വിമാനത്താവള അധികൃതരുടെയുംകാര്യക്ഷമമായ ഇടപെടലിലൂടെ യാത്രക്കാരെല്ലാം രക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്‌നിശമന സേനാംഗം മരിക്കുകയും 24ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.വിമാനം ആദ്യം റണ്‍വേയില്‍ തൊട്ടിരുന്നു. വീണ്ടും പറന്നുയരാനുള്ള ശ്രമം പാളുകയും ശേഷം വിമാനം ഇടിച്ചിറക്കുകയുമായിരുന്നു. ഉടന്‍തന്നെ വിമാനത്തിന് തീപിടിക്കുകയും കത്തിയമരുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. ലാന്‍ഡിങ്ങിന്റെ സമയത്തെ കാറ്റിന്റെ വേഗതയും ഗതിയും പ്രതികൂല സാഹചര്യം സൃഷ്ടിച്ചുവെന്നും റിപോര്‍ട്ടിലുണ്ട്. വിമാനത്തിന്റെ എന്‍ജിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അബൂദബി ലാബോറട്ടറിയില്‍ അയച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ വക്താവ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക