|    Feb 27 Mon, 2017 10:18 pm
FLASH NEWS

വിമര്‍ശിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ പറ്റാത്തവരെന്ന് മോദി

Published : 26th November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനെ വിമര്‍ശിക്കുന്നവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സമയം കിട്ടാത്തവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം മാറ്റിയെടുക്കാന്‍ സമയം ലഭിക്കാതിരുന്നതാണ് നോട്ട് നിരോധനത്തെ വിമര്‍ശിക്കാന്‍ കാരണം. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നൊരുക്കം നടത്താതിരുന്നതല്ല അവരുടെ പ്രശ്‌നം. അവര്‍ക്ക് ആവശ്യമായ തയ്യാറെടുപ്പ് നടത്തുന്നതിന് സമയം ലഭിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റ് ഹൗസ് അനക്‌സില്‍ നടന്ന പുസ്തകപ്രകാശന ച്ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
വളരെ രഹസ്യമായാണ് നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതെന്നു മോദി വീണ്ടും ആവര്‍ത്തിച്ചു. ഇതിനു രഹസ്യ സ്വഭാവം അനിവാര്യമായ ഘടകമാണ്. കള്ളപ്പണം കൈവശമുള്ളവര്‍ക്ക് അതു വെളുപ്പിക്കാന്‍ അവസരം നല്‍കാതിരിക്കുന്നതിനു രഹസ്യസ്വഭാവം ആവശ്യമായിരുന്നുവെന്നും ഇതാണു സര്‍ക്കാര്‍ ചെയ്തതെന്നും മോദി അവകാശപ്പെട്ടു. ഏതൊരാള്‍ക്കും അയാളുടെ പണം ഉപയോഗിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, മാറുന്ന ലോകത്തിന് ഒപ്പം കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം മാറേണ്ടതുണ്ടെന്നു മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ഇപ്പോള്‍ കള്ളപ്പണത്തിനെതിരായ യുദ്ധത്തിലെ പോരാളികളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പണവിനിമയത്തിനു സുതാര്യത വര്‍ധിപ്പിക്കാന്‍ ഡിജിറ്റല്‍ സംവിധാനം പരമാവധി വിനിയോഗിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പണം ചെലവിടാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഒരാള്‍ക്കും മറ്റൊരാളുടെ പണം കൈക്കലാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി.ചടങ്ങില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പുതുക്കിയ പതിപ്പും ഭരണഘടനയുടെ നിര്‍മിതി എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. കഴിഞ്ഞവര്‍ഷം മുതലാണ് നവംബര്‍ 25 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്നു വരുന്ന തലമുറകള്‍ ഭരണഘടനയെ വേണ്ടവിധം മനസ്സിലാക്കി അവയെ സമകാലീന പശ്ചാത്തലത്തില്‍ അനുസ്മരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ നാം ഭരണഘടനയെ അനുസ്മരിക്കുമ്പോള്‍ ബാബാ സാഹിബ് അംബേദ്കറെ കൂടിയാണ് അനുസ്മരിക്കുന്നത്. ഭരണഘടനയുടെ ആത്മാവുമായി നാം ബന്ധപ്പെടണമെന്ന് പറഞ്ഞ പ്രധാനമന്ത്രി അവകാശങ്ങളും കടമകളും തമ്മിലുള്ള സമതുലിതാവസ്ഥ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട് നവംബര്‍ 26നെ കൂടാതെ നമ്മുടെ റിപബ്ലിക് ദിനമായ ജനുവരി 26 ആഘോഷിക്കാനാവില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day